സത്യവിശ്വാസി ശപഥം ചെയ്യുന്നത് അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണ്. അത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. സംസാരത്തില്‍ കളവുപറയുക എന്നതും വാക്കുകൊടുത്താല്‍ ലംഘിക്കുക എന്നതും കപടവിശ്വാസത്തിന്റെ അടയാളങ്ങളിലാണ് നബി(സ്വ) എണ്ണുന്നത് (ബുഖാരി 6095). സാധാരണ വാക്കുകള്‍ക്ക് തന്നെ ഇത്രയും ഗൗരവമുണ്ടെങ്കില്‍ അവന്റെ വാഗ്ദാനങ്ങളും സത്യം ചെയ്യലുകളും എത്രത്തോളം വിശ്വസനീയമാകണം.
ശപഥം ചെയ്യല്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അനിവാര്യ സന്ദര്‍ഭങ്ങളിലേ അത് പാടുള്ളൂ. അല്ലാഹുവിന്റെ പേരിലേ സത്യം ചെയ്യാവൂ. നബിമാരുടെയോ ഔലിയാക്കന്‍മാരുടെയോ (സിദ്ധന്മാരുടെയോ) മാതാപിതാക്കളുടെയോ കഅ്ബ, ഖുര്‍ആന്‍ തുടങ്ങിയ ആദരിക്കപ്പെടുന്നവയുടെയോ ഒന്നും പേരില്‍ സത്യം ചെയ്യാന്‍ പാടില്ല. അല്ലാഹുവിന്റെ പേരില്‍ ആണയിട്ടാല്‍ അതിനു വിരുദ്ധമായി പിന്നീട് പ്രവര്‍ത്തിക്കാനോ പറയാനോ പാടില്ല. അത് മഹാ അപരാധമാണ്. അങ്ങനെ സംഭവിച്ചാല്‍ വിശ്വാസി പശ്ചാത്തപിക്കണം.
ഒരാള്‍ അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്യുകയും അത് ലംഘിക്കേണ്ടി വരികയും ചെയ്താല്‍ അയാള്‍ പ്രായശ്ചിത്തം ചെയ്യണം. പത്തു ദരിദ്രര്‍ക്ക് ഭക്ഷണമോ വസ്ത്രമോ നല്‍കണം. അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയാണ് വേണ്ടത്. ഇവ സാധ്യമോ ലഭ്യമോ അല്ലാത്ത സാഹചര്യത്തില്‍ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പുനോല്‍ക്കുക ഇവയാണ് ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം.
''ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അത് ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി''(5:89).
സത്യം ചെയ്യുന്നത് മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. എന്നാല്‍ നേര്‍ച്ച അല്ലാഹുവി നുള്ള ആരാധനയാണ്. പാടില്ലാത്ത കാര്യം നേര്‍ച്ചയാക്കുകയോ നേര്‍ച്ചയാക്കിയതിനെക്കാള്‍ ഉത്തമമായ കാര്യം അറിയുകയോ ചെയ്താല്‍ ആ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കരുത്. പകരമായി സത്യലംഘനത്തിന്റെതുപോലെ മൂന്നുദിവസം തുടര്‍ച്ചയായി നോമ്പു നോല്‍ക്കുകയും വേണം. (ഇബ്‌നുല്‍ഖയ്യിം, തഹ്ദീബുസ്സുനന്‍ 6/117)