മനുഷ്യന്റെ ജീവിതത്തിനും ജീവനും ഇസ്‌ലാം ഏറെ പവിത്രത കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവന് നേരെയുള്ള കൈയേറ്റത്തെയും. അതിനെ അപായപ്പെടുത്തുന്നതിനെയും മഹാപാപമായിട്ടാണ് മതം പഠിപ്പിക്കുന്നത്. ''മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു'' (5:32).
നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്നവരായിരുന്നു ജാഹിലിയ്യ സമൂഹം. പെണ്‍പിറവി അപമാനകരമായി കണ്ട ചിലര്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. മനുഷ്യ ജീവന്ന് പവിത്രത കല്പിച്ചുകൊണ്ട് കൊലപാതകം എന്ന ഹീനകൃത്യത്തെ ഇസ്‌ലാം നിഷിദ്ധമാക്കി. ഒരു ഒട്ടകത്തിന്റെയോ കുതിരയുടെയോ കാരണത്താല്‍ രക്തം ചിന്തുകയും യുദ്ധം അഴിച്ചുവിടുകയും ചെയ്തിരുന്ന ജാഹിലിയ്യാ സമൂഹത്തെ മനുഷ്യജീവനും അഭിമാനത്തിനും ധനത്തിനും പവിത്രത കല്പിക്കുന്ന സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുത്തത് ഇസ്‌ലാം ആണ്. നഫീഅ്ബ്‌നു ഹാരിസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. രണ്ട് മുസ്‌ലിം സഹോദരന്മാര്‍ പരസ്പരം ആയുധമേന്തിയാല്‍ അവര്‍ രണ്ടുപേരും (കൊന്നവനും കൊല്ലപ്പെട്ടവനും) നരകത്തിലാണ്. അപ്പോള്‍ നബി(സ്വ)യോടു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, കൊന്നവന്‍ നരകത്തില്‍തന്നെ. എന്നാല്‍ കൊല്ലപ്പെട്ടവന്റെ സ്ഥിതിയെന്താണ്? നബി(സ്വ) പറഞ്ഞു: അവന്‍ തന്റെ സഹോദരനെ കൊല്ലാന്‍ ഉദ്ദേശിച്ചവനായിരുന്നുവല്ലോ. (സുനനുഅബീദാവീദ് 4268).
മനുഷ്യവധം എന്നത് വിനാശകരമായ പാപകൃത്യമാണ്. ഘാതകന്ന് നരകമാണ് പതിഫലം. എന്നാല്‍ ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമായതിനാല്‍ ഇസ്‌ലാമിക ഭരണ വ്യവസ്ഥയ്ക്കു കീഴില്‍ ഘാതകവധം അല്ലാഹു നിയമമാക്കി വെച്ചിരിക്കുന്നു. ഇതിന് ഖിസാസ് അഥവാ തുല്യശിക്ഷ എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചത്.