ഒരു കാര്യം ചെയ്യുമെന്ന് സത്യം ചെയ്തു പറയുകയും പിന്നീട് ആ സത്യം ലംഘിക്കുകയോ ചെയ്യാതിരിക്കേണ്ടി വരുകയോ ചെയ്താല്‍ അതിനു പകരമായി ഒരു കഫ്ഫാറ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ചെയ്യില്ല എന്ന് ശപഥം ചെയ്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാലും ഇതു തന്നെയാണ് സ്ഥിതി. അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നത് കളിതമാശയായി ലാഘവത്തോടെ കൈകാര്യം ചെയ്യരുത് എന്നും അല്ലാഹു മുന്നറിയിപ്പു നല്കിയിരിക്കുന്നു.
''ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതു ലംഘിക്കുന്നതിന്റെ പ്രായശ്ചിത്തം, നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്കു വസ്ത്രം നല്കുകയോ, അല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവനും അതൊന്നും കഴിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണു വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍ നിങ്ങള്‍ ശപഥം ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്കു വിവരിച്ചു തരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' (5:89).