Skip to main content

മുഹര്‍റം പത്തുവരെയും റജബ് ഇരുപത്തി ഏഴും

മുഹര്‍റം മാസത്തിലെ പത്തിന് (ആശൂറാഅ്) നോമ്പെടുക്കുക നബി(സ്വ)ചര്യയില്‍പെട്ടതാണ്. ഒമ്പതാം നാളില്‍ നോമ്പെടുക്കാന്‍ നബി(സ്വ) ആഗ്രഹിച്ചിരുന്നു എന്നതിനാല്‍ അന്നും നോമ്പു സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ആ മാസം അല്ലാഹു പവിത്രമാക്കിയ മാസങ്ങളില്‍പെട്ടതാണ്. എന്നാല്‍ മുഹര്‍റം ഒന്നു മുതല്‍ പത്തു വരെ തിയ്യതികളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിന് നബി(സ്വ)യുടെ മാതകൃയില്ല. ആ ദിവസങ്ങളില്‍ പ്രത്യേകം സുന്നത്തെന്നു കരുതി നോമ്പെടുക്കല്‍ പുത്തനാചാരമാണ്.

റജബ് 27 ലെ നോമ്പ്
ഇസ്‌ലാം പവിത്രമാക്കിയ മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസത്തിലാണ് നബി(സ്വ)യുടെ മുഅ്ജിസത്തുകളായ ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത്. റജബ് ഇരുപത്തി ഏഴിനാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത് എന്ന് സങ്കല്പിച്ചുകൊണ്ട് ആ ദിവസം 'മിഅ്‌റാജ് നോമ്പ്' എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ഠിക്കാറുണ്ട്. എന്നാല്‍ റസൂലിന്റെ ജീവിതത്തിലെ ഈ മഹത്തായ സംഭവം എന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. 

ശൈഖുല്‍ ഇസ്ലാം ഇബ്നുല്‍ഖയ്യിം പറയുന്നത് 'ഈ സംഭവം ഏതുമാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല' എന്നാണ് (സാദുല്‍മആദ്). റജബിന്റെ മഹത്വം പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണ് എന്ന് ഇമാം ഇബ്‌നുതൈമിയ പറയുന്നു   (മജ്മൂഉല്‍ ഫാതവാ 25/290). റജബ് മാസത്തിന്റെ മഹത്വമോ അതിലെ ഏതെങ്കിലും ദിവസത്തിലെ നോമ്പോ നമസ്‌കാരമോ പ്രത്യേകമായി പുണ്യകരമാക്കുന്നതോ ആയ ഒരു റിപ്പോര്‍ട്ടും അവലംബനീയമായി വന്നിട്ടില്ല എന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നു (തബയീനുല്‍ അജബി ബിമാ വറദ ഫീ ശഹ്‌രി റജബ്, പേ: 11). റജബ് മാസത്തില്‍ മിഅ്‌റാജ് ആഘോഷത്തിനോ അതിന്റെ പേരില്‍ നോമ്പനുഷ്ഠിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. റജബ് 27 ന്റെ വ്രതത്തിനോ ആരാധനകള്‍ക്കോ യാതൊരു അടിസ്ഥാനവുമില്ല (മജ്മൂഉല്‍ഫതാവാ, ഇബ്‌നു ഉസൈമീന്‍ 20/440).

റജബ് മാസവുമായി ബന്ധപ്പെട്ട സ്വലാതുര്‍റഗാഇബ് അടക്കമുള്ള മറ്റു കര്‍മങ്ങള്‍ക്കും പ്രമാണത്തിന്റെ പിന്‍ബലമില്ല (ഇമാം നവവീ, അല്‍മജ്മൂഅ് 3:538). ഇതെല്ലാം ശീഈ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ടതാണ് എന്നാണ് മനസ്സിലാവുന്നത്.


 

Feedback