Skip to main content

ശഅ്ബാന്‍ പതിനഞ്ചും ദുല്‍ഹിജ്ജ പത്തുവരെയും

റമദാനിനു തൊട്ടുമുമ്പുള്ള മാസമായ ശഅ്ബാനില്‍ മറ്റുമാസങ്ങളെക്കാള്‍ നബി(സ്വ) നോമ്പെടുക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: "നബി(സ്വ) നോമ്പ് ഉപേക്ഷിക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പെടുക്കുകയും നോമ്പെടുക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പൊഴിവാക്കുകയും ചെയ്യുമായിരുന്നു. റമദാനല്ലാതെ മറ്റൊരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പു നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅബാനിലല്ലാതെ അത്രയേറെ ദിവസം മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല" (ബുഖാരി 1968).

ആഇശ(റ) പറയുന്നു: "ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ്വ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ്വ) നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവിന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്‌കാരം നിര്‍വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്; അതുകുറച്ചാണെങ്കിലും. നബി(സ്വ) ഒരു നമസ്‌കാരം തുടങ്ങി വെച്ചാല്‍ അതു പതിവാക്കാറുണ്ട്" (ബുഖാരി 1869).

ശഅ്ബാന്‍ മാസത്തില്‍ ഏതു ദിവസവും നോമ്പെടുക്കുന്നത് നല്ലതാണെന്നും മറ്റു മാസങ്ങളെക്കാള്‍ ഈ മാസത്തില്‍ നോമ്പെടുക്കാമെന്നും ഈ ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന് ബറാഅത്ത് രാവ് എന്ന പേരില്‍ പുണ്യം കല്പിച്ച് ചിലര്‍ പ്രത്യേക നോമ്പെടുക്കുന്നതായി കാണാം. ഈ ദിവസത്തിന് പ്രത്യേക പുണ്യമുണ്ടെന്നതിനോ അന്ന് പ്രത്യേകമായി നോമ്പുണ്ടെന്നതിനോ തെളിവുകളില്ല. ഇമാം ശാത്വിബി അല്‍ഇഅ്തിസ്വാമില്‍ ഇത് വ്യക്തമാക്കുന്നു (1/3739). ശഅ്ബാന്‍ പതിനഞ്ച് അയ്യാമുല്‍ ബീദില്‍പെട്ട (എല്ലാമാസങ്ങളിലെയും 13, 14, 15 തീയ്യതികള്‍) ദിവസമാണ് എന്ന നിലക്ക് മറ്റു ദിവസങ്ങളോടൊപ്പം ചേര്‍ത്ത് സുന്നത് നോമ്പെടുക്കാവുന്നതാണ്. 

റജബിലെ ആദ്യ വെള്ളിയാഴ്ച രാവിനെക്കുറിച്ചും ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠതയെക്കുറിച്ചും ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെല്ലാം നിര്‍മിതങ്ങളാണെന്നും, ഇമാം ഗസ്സാലിയുടേതുപോലുള്ള ചില മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ചിലത് വന്നിട്ടുണ്ടെങ്കിലും അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇബ്‌നുഹജുറുല്‍ ഹൈതമി തന്റെ ഫതാവായില്‍ പറയുന്നുണ്ട് (1:184).

ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങള്‍ ഏറെ പുണ്യകരമാണ്. നബി(സ്വ) അരുളി. ഈ പത്തുദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സത്കര്‍മവുമില്ല. അവര്‍ ചോദിച്ചു. പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളുമോ? അവിടുന്ന് പറഞ്ഞു: അതേ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളും. ശരീരവും സമ്പത്തുമായി പുറപ്പെട്ട് അവയില്‍ ഒന്നും തിരിച്ചുകൊണ്ടുവരാത്തവര്‍ ഒഴികെ. (ബുഖാരി). ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ പത്തുവരെ നോമ്പെടുക്കുന്നത് സുന്നത്താണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ മറ്റു സത്കര്‍മങ്ങളെപ്പോലെ നോമ്പും എടുക്കാമെന്നേ ഇതില്‍ നിന്ന് ലഭിക്കൂ. അതുപോലെ ദുല്‍ഹിജ്ജ പത്ത് ദിനങ്ങളില്‍ നബി(സ്വ) നോമ്പെടുക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല എന്ന ആഇശ(റ)യുടെ റിപ്പോര്‍ട്ട് ഇമാം മുസ്‌ലിം (1176) ഉദ്ധരിക്കുന്നുണ്ട്.

ദുല്‍ഹിജ്ജ ആദ്യപത്തിലെ നോമ്പിനെക്കുറിച്ച് വന്ന മറ്റൊരു റിപ്പോര്‍ട്ട് ഹഫ്‌സ(റ)യില്‍ നിന്നുള്ളതാണ്. ഇമാം അഹ്മദും നസാഈയും ഉദ്ധരിക്കുന്ന ഈ ഹദീസ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദീകരിക്കുന്നു (ഇര്‍വാഉല്‍ ഗലീല്‍, 4:111).
 

Feedback