തനിക്കും തന്റെ ആശ്രിതര്‍ക്കും അത്യാവശ്യചിലവിന് ആവശ്യമായ തുക വരുമാനമായോ എടുത്തു ചിലവഴിക്കാന്‍ കഴിയുന്ന സ്വത്തായോ തീരെ ഇല്ലാത്തതോ അല്ലെങ്കില്‍ വളരെകുറച്ച് മാത്രം ഉള്ളതോ ആയ വ്യക്തിയെ ദരിദ്രന്‍(ഫഖീര്‍) എന്നും നിശ്ചിതവരുമാനം ഉണ്ടെങ്കിലും അതുകൊണ്ട് തന്റെയും തന്റെ ആശ്രിതരുടെയും അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വ്യക്തിയെ അഗതി(മിസ്‌കീന്‍) എന്നുമാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരും നിര്‍വചിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി പരിഗണിക്കുന്നു. അതുപോലെത്തന്നെ, ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ പക്കല്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണവും ഒരു വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റുകാര്യങ്ങള്‍ക്കും വേണ്ട പണവും സകാത്തില്‍ നിന്നു നല്‍കാവുന്നതാണ് .
അല്ലാഹു പറയുന്നു: ''എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു''(സൂറ: കഹ്ഫ്: 79).
ഈ സൂക്തത്തില്‍ കപ്പലിന്റെ ഉടമകളായ കടലില്‍ ജോലിചെയ്യുന്നവരെ മിസ്‌കീനുകള്‍ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്നവരും ഒരു കപ്പലിന്റെ ഉടമസ്ഥതയില്‍ പങ്കാളികളും ആയിരുന്നിട്ടുപോലും അവര്‍ക്കു തങ്ങളുടെ സമ്പാദ്യം അത്യാവശ്യങ്ങള്‍ക്കു തികയുന്നവരായിരുന്നില്ല എന്നതിനാലാണ് അവരെ മിസ്‌കീന്‍(അഗതി) എന്നു വിശേഷിപ്പിച്ചത്.
ദരിദ്രനോ അഗതിയോ എന്ന് തെറ്റിദ്ധരിച്ച് അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് സകാത്തു നല്‍കിയാല്‍ നല്‍കിയവര്‍ക്ക് തെറ്റില്ല. എന്നാല്‍ അത് സ്വീകരിക്കുന്നവന് ഹറാമായിരിക്കും.
ജോലിയെടുക്കാന്‍ ശാരീരിക ശേഷിയുള്ളവന്‍ സകാത്തിന് അര്‍ഹനല്ല
അബുഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: "ധനികനോ ശാരീരികശേഷിയും ആരോഗ്യവുമുള്ളവനോ സകാത്ത് അനുവദനീയമല്ല".
ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ ശാരീരികശേഷി ഉപയോഗിച്ച കുടുംബം പുലര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്കു സകാത്ത് നല്‍കാന്‍ പാടില്ല എന്ന് മനസ്സിലാക്കാം. എന്നാല്‍ അയാള്‍ക്ക് തൊഴിലെടുക്കാനുള്ള ശേഷിയോടൊപ്പം തന്റെ ഉപജീവനത്തിന് ആവശ്യമായത് സമ്പാദിക്കാനുള്ള തൊഴില്‍ ലഭ്യമായിരിക്കുക, ആ തൊഴില്‍ അനുവദനീയവും തനിക്ക്‌ചെയ്യാന്‍ കഴിയുന്നതുമായിരിക്കുക, ആ തൊഴിലില്‍ നിന്ന് തനിക്കും തന്റെ കീഴില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ ചെലവുകള്‍ക്ക് പര്യാപ്തമായത് ലഭിക്കുന്നതുമയിരിക്കുക എന്നിവകൂടി ഇവിടെ പരിഗണിക്കേണ്ടതാണെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ശാരീരികശേഷിയുള്ള ഒരു വ്യക്തി ഉപജീവനത്തിനുള്ള തൊഴിലെടുക്കാതെ മതപരമോ സമൂഹത്തിനു ഉപകാരപ്പെടുന്നതോ ആയ വിജ്ഞാന സമ്പാദന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരം വ്യക്തികള്‍ക്കും സകാത്ത് സ്വീകരിക്കാവുന്നതാണ്.
എന്നാല്‍ തന്റെ വ്യക്തിപരമായ ആരാധന കര്‍മങ്ങളില്‍ മുഴുകാനായി തൊഴിലെടുക്കാതെ കഴിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് സകാത്ത് നല്‍കാവതല്ല.
ഒരാള്‍ തന്റെ മാതാപിതാക്കള്‍ ഭാര്യമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് അവര്‍ അഗതികളോ ദരിദ്രരോ ആണെങ്കിലും തന്റെ സകാത്തില്‍നിന്ന് അവര്‍ക്കു നല്‍കാന്‍ പാടില്ല. കാരണം ഇവര്‍ക്ക് ചെലവിനു നല്‍കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. അവര്‍ക്കു ചെലവിനു നല്‍കല്‍ അദ്ദേഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍പെട്ടതാണ്. അതിനാല്‍ ഇത്തരം ചെലവുകള്‍ കഴിച്ചാണ് സകാത്ത് കണക്കുകൂട്ടേണ്ടത്. വിവാഹിതരായി സ്വന്തം ചെലവില്‍ കഴിയുന്ന മക്കള്‍ക്ക് അവര്‍ സകാത്തിനര്‍ഹരുമാണെങ്കില്‍ അവര്‍ക്കും സകാത്ത് നല്‍കാവുന്നതാണ്.
ഒരാളുടെ മാതാപിതാക്കള്‍ ഭാര്യമാര്‍ മക്കള്‍ എന്നിവരാരെങ്കിലും കടം കൊണ്ട് പ്രയാസപ്പെടുന്നവര്‍ എന്ന വിഭാഗത്തിലാണെങ്കില്‍ അദ്ദേഹത്തിന് തന്റെ സകാത്തില്‍നിന്ന് അവര്‍ക്കു നല്‍കാവുന്നതാണ്. കാരണം അവര്‍ക്കു ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ നല്‍കാന്‍ മാത്രമേ ഇദ്ദേഹത്തിന്റെ മേല്‍ ബാധ്യതയുള്ളു. അവരുടെ കടത്തിന് ഇദ്ദേഹം ബാധ്യസ്ഥനല്ല.
ഒരാള്‍ തന്റെ സകാത്ത് അത് വ്യവസ്ഥാപിതമായി സംഭരിച്ചു വിതരണംചെയ്യുന്നവരെ ഏല്പിക്കുകയും അവര്‍ തന്റെചെലവില്‍ കഴിയുന്നവരിലാര്‍ക്കെങ്കിലും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സകാത്ത് നല്‍കുകയും ചെയ്യതാല്‍ അത് തെറ്റല്ല.