Skip to main content

സംഘടിതസകാത്തിന് എതിരെയുള്ള വിമര്‍ശങ്ങള്‍

നമ്മുടെ നാട്ടിലെ ചിലയാളുകള്‍ സംഘടിത സകാത്തിനെ നിശിതമായി വിമര്‍ശിക്കുന്നു. അവര്‍ അവകാശപ്പെടുന്നത് വ്യക്തികള്‍ തങ്ങളുടെ സകാത്ത് അതിന്റെ അവകാശികള്‍ക്കു നേരിട്ട് കൊടുക്കുകയാണ് വേണ്ടത് എന്നാണ് കാരണം. മുസ്‌ലിം ഭരണാധികാരിയെയോ ഇമാമിനെയോ, താന്‍ ചുമതലപ്പെടുത്തുന്ന ഒരു വ്യക്തിയെയോ അല്ലാതെ മറ്റാരെയും ഏല്പിക്കാന്‍ പാടില്ല എന്നും സകാത്ത് സമിതികള്‍ ഇതിലൊന്നും പെടുകയില്ല എന്നതിനാല്‍ അത്തരം സമിതികളെ ഏല്‍പ്പിച്ചാല്‍ തങ്ങളുടെ സകാത്ത് നിര്‍വഹിക്കപ്പെടുകയില്ല എന്നും ഇവര്‍ വാദിക്കുന്നു. ഈ വാദം തികച്ചും ബാലിശമാണ്. മൂന്ന് വിഭാഗത്തെ മാത്രമേ ഏല്പിക്കാന്‍ പാടുള്ളു എന്നത് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ തന്നെയും ഇത്തരം സമിതികളെ മൂന്നാമതായി പറഞ്ഞ ചുമതലപ്പെടുത്തപ്പെടുന്ന വ്യക്തി(വകീല്‍) എന്നതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ധനം വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സകാത്ത് ദാതാവ് തന്റെ ബാധ്യതയില്‍നിന്ന് മുക്തനാവുകയില്ല എന്നാണ് ഈ വാദക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നം. എന്നാല്‍ പ്രാമാണികമായി ഈവാദം ശരിയല്ല. സകാത്ത് കൊടുക്കുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം സകാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കേണ്ടതില്ല. അനസ്(റ) പറയുന്നു: ''ഒരാള്‍ വന്നു റസൂലിനോട് ചോദിച്ചു: ഞാന്‍ എന്റെ സകാത്ത് അങ്ങയുടെ ദൂതനെ ഏല്‍പിച്ചാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ ഞാന്‍ കുറ്റമുക്തനായോ? നബി(സ്വ) പറഞ്ഞു: അതേ. നിനക്കതിന്റെ പ്രതിഫലം കിട്ടി. കുറ്റം അതില്‍ കൃത്രിമം ചെയ്തവര്‍ക്കാണ്'' (ഇമാം അഹ്മദ്).

ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് “സഹ്ലുബ്നു സഅ്ദ് തന്റെ പിതാവില്‍ നിന്നുദ്ധരി ക്കുന്നു: സകാത്ത് ബാധകമാവുന്നത്ര സമ്പത്ത് ഒരിക്കല്‍ എന്റെ കൈയില്‍ ഒരു മിച്ചുകൂടി. ഞാന്‍ അത് തനിച്ചുവിതരണം ചെയ്യുകയോ അതല്ല അധികാരികള്‍ക്കു കൊടുക്കുകയോ ഏതാണ് വേണ്ടതെന്ന് സഅ്ദ്ബ്നു അബീവഖാസ്, ഇബ്നു ഉമര്‍, അബൂഹുറയ്റ, അബൂസഈദില്‍ ഖുദ്രി(റ) എന്നിവരോടൊക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞു: ഈ അധികാരികള്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. എന്റെ സകാത്ത് ഞാന്‍ അവര്‍ക്കു കൊടുക്കണമോ? കൊടുക്കണമെന്നാണ് അവരെല്ലാവരും നല്‍കിയ മറുപടി''. 

അവരുടെ മറ്റൊരു വിമര്‍ശനം, സകാത്ത് സമിതികളെ ഏല്‍പ്പിച്ചാല്‍ സകാത്തിന്റെ അര്‍ഹനായ തന്റെ ചില ബന്ധുക്കള്‍ക്ക് തനിക്കു സകാത്ത് നല്‍കാന്‍ കഴിയാത്ത അവസ്ഥാവിശേഷം ഉണ്ടാകുമെന്നാണ്.

ചെലവിനു നല്‍കാന്‍ തന്റെ മേല്‍ ബാധ്യതയില്ലാത്ത ദരിദ്രരും അഗതികളുമായ ബന്ധുക്കള്‍ക്ക് സകാത്തില്‍നിന്ന് നല്‍കാമെന്ന് ഹദീസിന് നിന്ന് നമുക്ക്  മനസ്സിലാക്കാവുന്നതാണ്. ഇബ്നു മസ്ഊദിന്റെ പത്നി സൈനബ് തന്റെ ഭര്‍ത്താവിനും സഹോദരപുത്രിമാരായ അനാഥകള്‍ക്കും സകാത്തു നല്‍കുന്നതിനെ കുറിച്ച് പ്രവാചകനോട് അനുവാദം ചോദിച്ചപ്പോള്‍ അവിടുന്നു അത് അതനുവദിച്ചതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

താന്‍ സകാത്ത് നല്‍കുന്ന സകാത്ത് സമിതിയുടെ പരിധിയിലല്ലാത്ത, സകാത്തിനര്‍ഹരായ ബന്ധുക്കള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ സകാത്തില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കു മാറ്റിവെക്കുകയും ബാക്കി സകാത്ത് സമിതികളെ ഏല്‍പിക്കുകയും ചെയ്യാവുന്നതാണ്. 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446