തൗബ എന്ന പദത്തിന് മടക്കം എന്നാണര്‍ഥം. തിന്‍മകളുടെ വഴിയില്‍ നീങ്ങിപ്പോയ മനുഷ്യന്‍ തനിക്കു പറ്റിയ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഖേദിച്ചു മടങ്ങുക എന്നതാണ് ആശയം. തെറ്റുകള്‍ രണ്ടു തരമുണ്ട്. ഒന്ന്: വ്യക്തികളോട് ചെയ്ത തെറ്റുകള്‍. അവ അവരോടു തന്നെ ഏറ്റു പറഞ്ഞ് മാപ്പു ചോദിക്കുകയാണു വേണ്ടത്. അതോട് കൂടെ അല്ലാഹുവിനോട് പാപമോചനം തേടുക (ഇസ്തിഅ്ഫാര്‍)യും വേണം. രണ്ട്: അല്ലാഹുവോട് ചെയ്ത തെറ്റുകള്‍. അതിന് അല്ലാഹുവോട് ആത്മാര്‍ഥമായി തൗബ ചെയ്യുക തന്നെയാണു വേണ്ടത്.
പാപങ്ങളില്‍ മുഴുകിപ്പോയ മനുഷ്യര്‍ക്കു പോലും ആത്മാര്‍ഥമായി ഖേദിച്ചാല്‍ എല്ലാം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ കാരുണ്യമായി വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ''പറയുക. സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്‍മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്. അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും'' (39:53).
തൗബ എന്നത് ഒരു ചടങ്ങല്ല. കുമ്പസാരമല്ല. കാര്‍മികനില്ല. പ്രത്യേകം സ്ഥലം ആവശ്യമില്ല. ആത്മാര്‍ഥമായി അല്ലാഹുവോട് തെറ്റുകള്‍ ഏറ്റു പറയുക. മോചനം തേടുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന തൗബ. നേര്‍ക്കുനേരെ അല്ലാഹുവിലേക്കു മടങ്ങുക. ഹൃദയത്തിന്റെ ഭാഷയില്‍ അല്ലാഹുവോട് സംസാരിക്കുക. ഇതാണ് തൗബ.