Skip to main content

പ്രാര്‍ഥനയുടെ മര്യാദകള്‍

സൃഷ്ടികള്‍ക്ക് സ്രഷ്ടാവുമായി അടുപ്പവും അവന്റെയടുക്കല്‍ പരിഗണനയും ലഭിക്കുന്നത് ആത്മാര്‍ഥമായ പ്രാര്‍ഥനകളിലൂടെയാണ്. പ്രാര്‍ഥനകള്‍ ആത്മശുദ്ധീകരണത്തിന്റെ വേളയും സ്രഷ്ടാവിനോടുള്ള വിനീത ഭാവത്തിന്റെ പ്രകടരൂപവുമാണ്. യാന്ത്രികമായോ ഉപരിപ്ലവമായോ ചെയ്തു തീര്‍ക്കേണ്ട ഒരു ചടങ്ങല്ല പ്രാര്‍ഥന. ചില മര്യാദകളും ചിട്ടകളും പാലിച്ചുകൊണ്ട് തികഞ്ഞ ആത്മാര്‍ഥതയോടെയും സുപ്രതീക്ഷയോടും കൂടിയും പ്രാര്‍ഥന നിര്‍വഹിക്കാനാണ് ശ്രമിക്കേണ്ടത്. അവയില്‍ ചില മര്യാദകളും ചിട്ടകളും താഴെ നല്കുന്നു:

•    പ്രാര്‍ഥിക്കുന്ന സമയത്ത് അംഗശുദ്ധി നല്ലതാണ്.
•    ഖിബ്‌ലയ്ക്ക് അഭിമുഖീകരിക്കല്‍ അഭിലഷണീയമാണ്.
•    പ്രാര്‍ഥനവേളയില്‍ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥന വേഗം സ്വീകരിക്കാന്‍ കാരണമാവും.
•    അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ കൊണ്ട് അവനെ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തു കൊണ്ടാണ് പ്രാര്‍ഥന ആരംഭിക്കേണ്ടത്.
•    മനസ്സ് പൂര്‍ണമായും ഏകാഗ്രതയിലുള്ളപ്പോള്‍ പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക. കാരണം അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന നാഥന്‍ സ്വീകരിക്കില്ല.
•    ഏതു ഭാഷയിലും പ്രാര്‍ഥിക്കാവുന്നതാണ്.
•    പ്രാര്‍ഥിക്കുമ്പോള്‍ പ്രതീക്ഷയുടെയും വിനയത്തിന്റെയും മനസ്സായിരിക്കണം ഉണ്ടാവേണ്ടത്.
•    പ്രാര്‍ഥിച്ച് ഉത്തരം ലഭിക്കുന്നില്ല എന്നു പറഞ്ഞ് ഒരു പ്രാര്‍ഥനയും ഒഴിവാക്കാതിരിക്കുക.
•    പ്രാര്‍ഥിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കല്‍ പ്രവാചകന്റെ സുന്നത്താണ്.
•    പ്രാര്‍ഥിക്കുമ്പോള്‍ അമിത ശബ്ദത്തിലോ പറ്റെ പതുക്കെയോ പ്രാര്‍ഥിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
•    തനിക്കു വേണ്ടി മാത്രമല്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുക.
•    നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷമുള്ള പ്രാര്‍ഥനകള്‍ക്ക് നാഥന്റെ അടുക്കല്‍ പ്രത്യേക പരിഗണനയുണ്ട്.
•    മുന്‍പ് ചെയ്ത സത്കര്‍മങ്ങള്‍ എടുത്തു പറഞ്ഞു പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനകള്‍ക്കും പരിഗണനയുണ്ട്.
•    നന്മകള്‍ക്കു ശേഷമുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്.
•    സഹോദരന്റെ അഭാവത്തില്‍ അവനു വേണ്ടിയുളള പ്രാര്‍ഥന, കഷ്ടപ്പെടുന്നവന്റെയും ബുദ്ധിമുട്ടുന്നവന്റെയും പ്രാര്‍ഥന എന്നിവയ്ക്ക് പ്രത്യേക പരിഗണയുണ്ട്.
•    തന്റെ ദുര്‍ബലത എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്.
•    പൊതുകാര്യങ്ങളില്‍ സംഘം ചേര്‍ന്നുള്ള പ്രാര്‍ഥനയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്.
•    തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് മറ്റൊരാളോട് ആവശ്യപ്പെടാവുന്നതാണ്.
•    ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയത്തെ പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന, നോമ്പുതുറക്കുന്ന സമയത്തെ പ്രാര്‍ഥന, വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക സമയത്തുള്ള പ്രാര്‍ഥന, ലൈലത്തുല്‍ ഖദ്‌റിലെ പ്രാര്‍ഥന എന്നിവ  ഉത്തരം കിട്ടാന്‍ സാധ്യതയുള്ള സമയമാണ്.
•    പ്രാര്‍ഥനയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ളതാണ് രാത്രിയുടെ അന്ത്യയാമങ്ങളിലെ പ്രാര്‍ഥന.
•    അറഫയില്‍ വെച്ചുള്ള പ്രാര്‍ഥന, നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, മക്കള്‍ക്കെതിരെയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന തുടങ്ങിയവയുടെയും നാഥന്റെയും ഇടയില്‍ മറയില്ല.
•    പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടാന്‍ വേണ്ടി ധൃതി കൂട്ടരുത്.
•    തിന്മകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന നാഥന്‍ സ്വീകരിക്കുകയില്ല.
•    ഹറാം ഭക്ഷിക്കുകയും ധരിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കില്ല.
•    സ്വന്തത്തിനെതിരെ മരണത്തിനോ നാശത്തിനോ വേണ്ടി പ്രാര്‍ഥിക്കരുത്.
•    പ്രാര്‍ഥനയുടെ അവസാനം പ്രവാചകനു വേണ്ടി സ്വലാത്ത് ചൊല്ലുന്നത് വേഗം ഉത്തരം കിട്ടാന്‍ കാരണമാവും.
•    പ്രാര്‍ഥന അവസാനിപ്പിക്കുന്നത് 'ആമീന്‍' (ഉത്തരം നല്‍കേണമേ) എന്നു പറഞ്ഞുകൊണ്ടായിരിക്കണം.

Feedback