Skip to main content

പാപമോചനത്തിന്റെ ഗുണപാഠങ്ങള്‍

വാഗ്‌വിചാര കര്‍മങ്ങളില്‍ സംഭവിച്ചു പോകുന്ന പിഴവുകള്‍ക്ക് നിഷ്‌കളങ്ക മനസ്സോടെ വിശ്വാസി പാപമോചനത്തിനായി അല്ലാഹുവിനോട് കേഴുമ്പോള്‍ ജീവിതവിശുദ്ധിയുടെ വഴിയിലേക്ക് അവര്‍ തിരിച്ച് നടക്കുകയാണ്. വീഴ്ചകള്‍ മാപ്പാക്കപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നും അല്ലാഹു തൃപ്തിപ്പെട്ട നിലയില്‍ അവനെ കണ്ടുമുട്ടണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാപമോചനം തേടുക എന്നത് സത്യവിശ്വാസികളുടെ സവിശേഷ ഗുണമായിട്ട് ഖുര്‍ആനില്‍ (3:15-18) വ്യക്കമാക്കിയത് സ്വര്‍ഗപ്രവേശനത്തിനുള്ള യോഗ്യത എന്ന നിലക്കും കൂടിയാണ്. സത്യവിശ്വാസികള്‍ സ്വര്‍ഗത്തിനു വേണ്ടി കൊതിക്കുന്നതുപോലെയോ അതിനേക്കാള്‍ കൂടുതലായോ പാപമോചനത്തിന് വേണ്ടിയും ആഗ്രഹിക്കുകയും അധ്വാനിക്കുകയും വേണമെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ''നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ ധൃതിപ്പെടുക'' (3:133). പാപമോചനം പതിവാക്കുന്നതിലൂടെ വിശ്വാസി ആഗ്രഹിക്കേണ്ടതും അവന് സഫലമാവുന്നതും സ്വര്‍ഗമാണെന്ന്  ചുരുക്കം.

ഐഹികവും പാരത്രികവുമായ ജീവിതത്തില്‍ പാപമോചനം തേടുന്നത് പതിവാക്കുന്നതിലൂടെ ധാരാളം നേട്ടങ്ങളും നന്മകളും ലഭിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്: വല്ലവനും പതിവായി പാപമോചനമര്‍ഥിച്ചാല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാണ് (സുനനു അബീദാവൂദ് 1518). വിഭവങ്ങളിലും സന്താനങ്ങളിലും വര്‍ധനവുണ്ടാക്കുവാനും ദുരിതങ്ങള്‍ക്കറുതി വരുത്താനുമുള്ള ഉപാധിയായിട്ടാണ് പാപമോചനാര്‍ഥന ചെയ്യാന്‍ പ്രവാചകന്മാര്‍ ജനതകളോട് ഉത്‌ബോധിപ്പിച്ചിരുന്നത്. നൂഹ് നബിയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു. ''ഞാന്‍ അവരോട് പറഞ്ഞു, നിങ്ങളുടെ റബ്ബിനോട് മാപ്പിരക്കുവിന്‍, നിസ്സംശയം അവന്‍ വളരെ മാപ്പരുളുന്നവനാകുന്നു. നിങ്ങള്‍ക്കവന്‍ ധാരാളം മഴ പെയ്യിച്ചുതരും. സമ്പത്തും സന്തതികളും പ്രദാനം ചെയ്യും. തോട്ടങ്ങളുണ്ടാക്കിത്തരും. നദികളൊഴുക്കിത്തരും (71:1012). ആദ് സമൂഹത്തോടുള്ള ഹൂദ് നബിയുടെ കല്പനയിലും പാപമോചനത്തിന്റെ ഗുണഫലങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്റെ ജനങ്ങളേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍. അവന്‍ നിങ്ങള്‍ക്കുമീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും തന്നെ ചെയ്യും. കുറ്റവാളികളുമായി പിന്തിരിയാതിരിക്കുവിന്‍ (11:52) ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ജീവനുള്‍പ്പെടെ വിലപ്പെട്ടതെല്ലാം സമര്‍പ്പിച്ചിട്ടും സ്വന്തം തെറ്റുകളെ കുറിച്ച് വ്യാകുലപ്പെടുന്ന വിശ്വാസികളുടെ മനസ്സിന് ധൈര്യവും സ്ഥൈര്യവും പ്രദാനം ചെയ്യണേ എന്ന തേട്ടം മാത്രമാണുണ്ടായിരുന്നത്. അല്ലാഹു പറയുന്നു. അവരുടെ പ്രാര്‍ഥന ഇതു മാത്രമായിരുന്നു. നാഥാ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചു കടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തേണമേ (3:147). വിശുദ്ധഖുര്‍ആന്‍ വിഭാവന ചെയ്ത ആത്മീയൗന്നത്യത്തിന്റെയും വിശുദ്ധിയുടെയും ഉന്നതവിതാനത്തിലേക്കുയര്‍ന്നു നില്ക്കാന്‍ ഉത്തമ നൂറ്റാണ്ടിലെ സച്ചരിതര്‍ക്കും അവരുടെ നേതാവായ നബി(സ്വ)ക്കും സാധിച്ചത് നിശാന്ത്യവേളകളിലെ പാപമോചന പ്രാര്‍ഥനയുടെയും ആരാധനനിരതമായ ജീവിതത്തിന്റെയും ഉള്‍ക്കരുത്തു കൊണ്ടാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെട്ട, സൃഷ്ടികളില്‍ ഉത്തമനും പാപസുരക്ഷിതനുമായ നബി(സ്വ) രാത്രിയുടെ അന്ത്യയാമങ്ങളില്‍ കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘമായി നിന്ന് നമസ്‌കരിക്കുന്നത് പ്രിയപത്‌നി ആഇശ(റ) കണ്ടു. അവര്‍ അതിനെകുറിച്ച് തിരുദൂതരോട് ചോദിച്ചപ്പോള്‍ നബി(സ്വ) പ്രതികരിച്ചത് ''ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ'' പശ്ചാത്താപവും പാപമോചനവും പതിവാക്കുന്നതിലൂടെ വിനീത ദാസനായ അടിമ അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുക്കുകയും നന്ദിബോധത്തോടെ ജീവിക്കാന്‍ പരിശീലിപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്.                                                                                                                                                      

Feedback