Skip to main content

പശ്ചാത്താപത്തിന്റെ രൂപം

പശ്ചാത്താപത്തിനുള്ള വിശ്വാസിയുടെ ഏറ്റവും വലിയ പ്രേരകം പാപത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതുവഴി പാപം ചെയ്തവന് തന്റെ സ്വച്ഛ പ്രകൃതിയിലേക്ക് തിരിച്ചു നടക്കാന്‍ കഴിയുന്നു. പരമകാരുണികന്റെ ഔദാര്യത്തിലും പ്രതാപത്തിലും പ്രതീക്ഷയര്‍പ്പിച്ച് ശിഷ്ട ജീവിതത്തില്‍ തഖ്‌വ (ധര്‍മബോധം) നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അജ്ഞതയില്‍നിന്ന് മോചനം നേടുമ്പോഴോ ഉദ്‌ബോധനങ്ങള്‍ മനസ്സിനെ സ്വാധീനിക്കുമ്പോഴോ ആണ് പാപത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. ചെയ്തുപോയ തെറ്റ് ബോധ്യപ്പെട്ടശേഷം ആത്മാര്‍ഥ മനസ്സോടെ അതില്‍നിന്ന് മോചനത്തിനായി പ്രാര്‍ഥിക്കുകയും തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് ശപഥം എടുക്കുകയും ചെയ്യുന്നതിലൂടെ വിശ്വാസിയുടെ മനസ്സ് വിമലീകരിക്കപ്പെടുന്നു. സത്കര്‍മങ്ങളില്‍ നിരതനാവാനുള്ള ദൃഢപ്രതിജ്ഞയുമായി മുന്നോട്ട് പോയാല്‍ പാപങ്ങള്‍ അല്ലാഹു പൊറുത്തു തരികയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസി പ്രതീക്ഷിക്കേണ്ടത്. കളങ്കമുക്തമായ പശ്ചാത്താപം (തൗബ നസ്വൂഹ) ഇവ്വിധമായിരിക്കണമെന്നാണ് അല്ലാഹു വിശ്വാസികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു. വിശ്വസിച്ചവരേ, അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിഷ്‌കളങ്കമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ പാപങ്ങള്‍ ദുരീകരിക്കുകയും നിങ്ങളെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കും (66:8).

ഒരു വസ്തുവിന്റെ കളങ്കമുക്തവും പരിശുദ്ധവുമായ അവസ്ഥയെ കുറിക്കാനാണ് അറബിയില്‍ 'നസ്വ്ഹ്' എന്ന പദം ഉപയോഗിക്കുന്നത് കലര്‍പ്പില്‍ നിന്ന് മുക്തമായ ശുദ്ധ തേനിന് 'അസല്‍ നാസ്വിഹ്' എന്ന് ഉപയോഗിക്കുന്നു. 'തൗബ നസൂഹ' (നിഷ്‌കളങ്കമായ പശ്ചാത്താപം) എന്നതിന്റെ വിവക്ഷ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഉബയ്യുബിനു കഅ്ബ് എന്നീ സഹാബിവര്യന്മാര്‍ പറഞ്ഞതായി ഇബ്‌നുജരീര്‍, ഇബ്‌നുകസീര്‍, ഇബ്‌നു ഖയ്യിം എന്നിവര്‍ രേഖപ്പെടുത്തുന്നു. 'തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുകയും എന്നിട്ടതിലേക്ക് തന്നെ തിരിച്ചു പോകാതിരിക്കുകയുമാണ് നിഷ്‌കളങ്ക പശ്ചാത്താപം. ചുരത്തപ്പെട്ട പാല്‍ വീണ്ടും അകിടിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാത്തപോലെ'. താബിഉകളില്‍ പ്രമുഖനായ ഹസന്‍ ബസ്വരി പറഞ്ഞു. 'തെറ്റിലേക്ക് മടങ്ങുകയില്ലെന്ന ദൃഢപ്രതിജ്ഞയോടൊപ്പം ചെയ്തുപോയ തെറ്റുകളില്‍നിന്ന് ഖേദം പ്രകടിപ്പിക്കുകയുമാണ് യഥാര്‍ഥ പശ്ചാത്താപം'.

മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഖേദപ്രകടനത്തോടെ പുറത്തേക്ക് വരുന്നതാണ് പശ്ചാത്താപം. കേവലം നാവുകൊണ്ടുള്ള മന്ത്രോച്ചാരണങ്ങളുടെ പേരല്ല പശ്ചാത്താപം. കുറ്റസമ്മതത്തിനും പാപമോചനം തേടുന്നതിനും ഒരുവേള നാവിന്റെ പ്രവര്‍ത്തനം ആവശ്യമായി വന്നേക്കും. 'അസ്തഗ്ഫിറുല്ലാഹ് (അല്ലാഹുവോട് ഞാന്‍ പാപമോചനം തേടുന്നു) എന്നത് കേവലം യാന്ത്രികമായി ഉച്ചരിക്കുകയല്ല. ഹൃദയമറിഞ്ഞ് നാവുകൊണ്ട് ഉരുവിടുമ്പോള്‍ പാപക്കറകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവുമായുള്ള ദൃഢബന്ധത്തെ വിശ്വാസി ഉല്‍കടമായി അഭിലഷിക്കേണ്ടത്, തെറ്റുകള്‍ ആവര്‍ത്തിക്കുകയും ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ല എന്നുറപ്പാക്കുന്ന മരണവേളയില്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്തവര്‍ യഥാര്‍ഥത്തില്‍ തൗബ ചെയ്യുന്നവരല്ലെന്നും അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത് എന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (4:17,18).

Feedback