ലണ്ടനിലെ ആംഗ്ലിക്കന്‍ പാതിരി ചാള്‍സ് ഗ്രേസണ്‍ പിക്താളിന്റെയും രണ്ടാം ഭാര്യ മേരി ഹലെയുടെയും പുത്രനായി 1875 ഏപ്രില്‍ 7ന് വില്യം പിക്താള്‍ കേം ബ്രിഡ്ജ് തെരാസില്‍ ജനിച്ചു. പിതാവിന്റെ മരണാനന്തരം ആറാം വയസ്സില്‍ ലണ്ടന്‍ നഗരത്തില്‍ കുടുംബം കുടിയേറി. പ്രസിദ്ധമായ ഹാരോ സ്‌കൂളിലായിരുന്നു പഠനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഈ സ്‌കൂളില്‍ വില്യമിന്റെ കൂട്ടുകാരനായിരുന്നു.
പിന്നീട് ബ്രാന്‍ഡ്‌സ്ബറി സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനായി ചേര്‍ന്നു. നയതന്ത്രജ്ഞനായി ലോകം ചുറ്റണമെന്നായിരുന്നു ആഗ്രഹം. പക്ഷേ സഫലമായില്ല. പിന്നീട് സാഹിത്യ രചനയും യാത്രയും തെരഞ്ഞെടുത്തു. ALL FOOLS, SAID THE FISHERMAN, THE HOUSE OF ISLAM, CHILDREN OF THE NILE, WITH THE TURK IN WARTIME തുടങ്ങി പതിനഞ്ചിലധികം പുസ്തകങ്ങള്‍ 40 വയസ്സിനകം ഇദ്ദേഹം രചിച്ചു.
ഇസ്‌ലാമിക രാജ്യങ്ങളിലും ബാള്‍ക്കനിലും തുര്‍ക്കിയിലും വില്യം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. മുസ്‌ലിംകളുമായി നിരന്തരം ഇടപഴകി. ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരനായിട്ടുപോലും വില്യം തുര്‍ക്കിയുടെ പക്ഷം ചേര്‍ന്നു. ഈ വിഷയത്തില്‍ പുസതകരചനയും നടത്തി.
അറബി ഭാഷയും ഇസ്‌ലാമും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. കിഴക്കനേഷ്യര്‍ പണ്ഡിതന്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതുതന്നെ. ലബനാനും സിറിയയും ഫലസ്തീനും ഈജിപ്തും അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്നു. അതും കൃതികളായി പുറത്തുവന്നു. ഇതിന്റെയെല്ലാം പരിസമാപ്തിയായിരുന്നു, 1917 നവംബര്‍ 29ലെ അദ്ദേഹത്തിന്റെ നാടകീയമായ ഇസ്‌ലാം പ്രവേശ പ്രഖ്യാപനം.
മുസ്‌ലിം ലിറ്റററി സൊസൈറ്റി പടിഞ്ഞാറന്‍ ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ സംഘടിപ്പിച്ച 'ഇസ്‌ലാമും പുരോഗതിയും' എന്ന സെമിനാറില്‍ സംസാരിച്ചതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.
ഇസ്‌ലാം സ്വീകരിച്ചതിന്റെ മൂന്നാം വര്‍ഷത്തില്‍ മുഹമ്മദ് മര്‍മഡ്യൂക്ക് 1920ല്‍ ഇന്ത്യയിലെത്തി. അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഖുര്‍ആന്‍ പരിഭാഷകന്‍ എന്നീ മേഖലയില്‍ അദ്ദേഹം തിളങ്ങിയത് ഇവിടെ വെച്ചാണ്. ബോംബെ ക്രോണിക്ക്ള്‍ എന്ന പത്രത്തിന്റെ എഡിറ്ററായി.
പിന്നീട് ഹൈദരാബാദിലെത്തി ഹൈദരാബാദ് നിസാമിന്റെ ഉപദേശകനായും നിസാം ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഇസ്‌ലാമിക് കള്‍ച്ചറിന്റെ എഡിറ്ററായും സേവനം ചെയ്തു. ഇതിനിടെ ഒരു മുസ്‌ലിം സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന് അധ്യാപനവൃത്തിയും നടത്തി. സര്‍ഗാത്മക രചനകള്‍ മുടക്കമില്ലാതെ തുടരുകയും ചെയ്തു. The early hours (1921), As others See (1922) എന്നിവ ഇക്കാലത്ത് രചിക്കപ്പെട്ടവയാണ്.
1930ലാണ് ഇംഗ്ലീഷിലെ ആദ്യത്തെ ഖുര്‍ആന്‍ പരിഭാഷാ ഗ്രന്ഥം പിക്താളിന്റെ അനുഗൃഹീത തൂലികയില്‍ നിന്ന് ലോകത്തിന് ലഭിച്ചത്. തന്റെ സര്‍ഗാത്മക സംഭാവനകളുടെ പരിസമാപ്തിയായ The Meaning of the Glorious Quran വായനക്കാരനെ പിടിച്ചിരുത്തുന്ന കാവ്യാത്മക സൃഷ്ടിയാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാല ഇതിനെ ആധികാരികമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദിരൂപമായ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രസിദ്ധമായ വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പിക്താള്‍ സംബന്ധിച്ചിരുന്നു(1926 തലശ്ശേരി). 15 വര്‍ഷത്തെ ഇന്ത്യാവാസത്തിനുശേഷം അദ്ദേഹം 1935ല്‍ ജന്‍മനാട്ടിലേക്ക് മടങ്ങി.
1986 മെയ് 19ന് സെന്റ് ഇവ്‌സില്‍ വെച്ച് പിക്താള്‍ അന്ത്യയാത്രയായി. ഇസ്‌ലാമിന്റെ മാസ്മരികത തിരിച്ചറിയുകയും ലോകത്തിനു മുന്നില്‍ അത് അവതരിപ്പിക്കുകയും ചെയ്ത ആ മഹാപണ്ഡിതന്‍ ഇംഗ്ലണ്ടിലെ ബ്രൂക്ക്‌വുഡ് മുസ്‌ലിം ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.