മനുഷ്യജീവിതത്തില്‍ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള ശാരീരികവും മാനസികവുമായ സങ്കീര്‍ണ പരിവര്‍ത്തനഘട്ടമാണ് കൗമാരം (Adolescence). ലോകാരോഗ്യ സംഘടനയുടെ നിര്‍വചനമനുസരിച്ച് കൗമാരം 10 വയസ്സ് മുതല്‍ 19 വയസ്സുവരെയുള്ള വളര്‍ച്ചാ വികാസഘട്ടമാണ്. ശാരീരികവളര്‍ച്ചയ്ക്ക് ഒപ്പം മാനസിക വളര്‍ച്ചയും ഉണ്ടാകുന്നതിനാല്‍ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങള്‍ രൂപപ്പെടുന്ന ഘട്ടമായി മനഃശാസ്ത്രജ്ഞരും ശിശുഗവേഷകരും ഇതിനെ കണക്കാക്കുന്നു. ലൈംഗിക വളര്‍ച്ചയും പക്വതയും ആര്‍ജിക്കുന്ന ഈ പ്രായത്തില്‍ സംസ്കാരവും ആചാരവും പാരമ്പര്യവും അനല്പമായ സ്വാധീനം ചെലുത്തുന്നു. പോഷകാഹാരങ്ങളും മാധ്യമങ്ങളുടെ സ്വാധീനവും കൗമാര മാനസിക വളര്‍ച്ചയെ ബാധിക്കുന്നു.
വളരെ ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ പ്രകടമാകുന്ന ഈ ഘട്ടത്തില്‍, പൊതുവെ സംഘര്‍ഷഭരിതമായ സാഹചര്യത്തെ മിക്കപ്പോഴും രക്ഷിതാക്കളും അധ്യാപകരും തരണം ചെയ്യേണ്ടതായി വരാറുണ്ട്. പ്രശ്നങ്ങളുടെ മര്‍മമറിഞ്ഞ് ഇടപെടാന്‍ കഴിയാത്തതുകൊണ്ട് പ്രശ്നങ്ങളുടെ കുരുക്കഴിയാതെ നിലനില്ക്കുന്നതും കൃത്യമായി വഴിയറിയാതെ കൗമാരക്കാര്‍ വഴിതെറ്റുന്നതും സമൂഹത്തിലെ നിത്യാനുഭവങ്ങളാണ്. അതിനാല്‍ പ്രശ്നങ്ങളെ ശാന്തമായി തരണം ചെയ്യാനും പക്വമായി ഇടപെടലുകള്‍ നടത്താനും കൗമാരദശയുടെ സവിശേഷതകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കൗമാരത്തിന് മൂന്ന് ഘട്ടമായിട്ടാണ് പൊതുവെ വേര്‍തിരിക്കപ്പെട്ടിട്ടുള്ളത്. പ്രാഥമികഘട്ടം എന്ന് പറയുന്നത് 12നും 15നും ഇടയിലുള്ള കാലമാണ്. പ്രായപൂര്‍ത്തിയുടെ ഘട്ടമാണിത്. പതിനഞ്ച് മുതല്‍ പതിനേഴ് വയസ്സുവരെയുള്ളത് മധ്യഘട്ടമാണ്. അന്ത്യഘട്ടം പതിനെട്ടു മുതല്‍ 21 വയസ്സുവരെയുള്ള കാലമാണ്.
ഈ മൂന്ന് ഘട്ടങ്ങളിലൂടെ കൗമാര പ്രായത്തെ അഭിമുഖീകരിക്കുന്ന ഏതൊരാളും ഏതാനും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് ഖുര്‍ആനിലും പ്രവാചക അധ്യാപനങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുള്ള നൈതിക പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ ഒരു വഴികാട്ടിയുടെയും സുഹൃത്തുക്കളുടെയും റോളില്‍ രക്ഷിതാക്കള്‍ കൂടെയുണ്ടാവണം.എന്നാല്‍ ശൈശവ ബാല്യദശകളില് നന്നായി ശ്രദ്ധിച്ചിരുന്ന കുട്ടികളെ കൗമാര യൗവന പ്രായത്തില്‍ രക്ഷിതാക്കള്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിടുമ്പോള്‍ തിന്മകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂട്ടിലടച്ച പക്ഷിയെപ്പോലെ മാതാപിതാക്കളുടെ നിതാന്ത പരിചരണത്തില്‍ മാത്രം അമിത ലാളന നല്കി വളര്‍ത്തണമെന്നല്ല ഇതിനര്‍ഥം. സ്വന്തമായ അസ്തിത്വം എന്ന ആത്മബോധം പ്രകടമാക്കാനുള്ള ഈ ഘട്ടത്തില്‍ അഭിപ്രായത്തിനും ജീവിതരീതികള്‍ക്കും ഒക്കെ സ്വന്തമായ കാഴ്ചപ്പാടുകള്‍ സ്വാഭാവികമാണ്. ഇതിനെ അടിച്ചൊതുക്കി മാതാപിതാക്കളുടെയും മറ്റ് മുതിര്‍ന്നവരുടെയും താല്പര്യത്തിനൊത്ത് ജീവിക്കാന്‍ ശഠിക്കുന്ന രീതി ആശാസ്യമല്ല. അവരുടെ സ്വത്വബോധത്തിന് വില കല്പിക്കുന്ന രീതിയില്‍ ധാര്‍മികതയുടെ വഴിയിലൂടെ അത് തിരിച്ചുവിടാനുള്ള പക്വമായ ഒരു ഇടപെടലാണ് ഇവിടെ രക്ഷിതാക്കളും അധ്യാപകരും നടത്തേണ്ടത്. സ്വന്തം തീരുമാനങ്ങളെ ധാര്‍മികതയിലൂന്നി വിലയിരുത്താനും മൂല്യങ്ങളെപ്പറ്റിയുള്ള ബോധമുണ്ടാക്കുന്ന സമീപനം സ്വീകരിക്കാനും അവരെ പാകപ്പെടുത്തിക്കൊണ്ടുവരേണ്ടതാണ്.
ലഹരി ഉപയോഗം, അശ്ലീല വിനോദങ്ങളോടുള്ള ആസക്തി, ഫാഷന്‍ഭ്രമം, സാമഹ്യനന്മകളെയും സദാചാര മൂല്യങ്ങളെയും ലംഘിക്കാനുള്ള ധിക്കാരമനസ്ഥിതി എന്നിവ കൗമാര പ്രായത്തില്‍ കുടൂതലായി കണ്ടുവരുന്ന ദുഷ്പ്രവണതകളാണ്. ചീത്ത കൂട്ടുകെട്ടുകളാണ് കുട്ടികളെ ചീത്തയാക്കുന്ന പ്രധാനഘടകം. ചീത്ത സൗഹൃദവലയങ്ങള്‍ സ്വഭാവദൂഷ്യങ്ങളില്‍ പെടുത്താന്‍ ഏറെ സാധ്യതയുള്ള പ്രായമാണ് കൗമാരം.
നബി(സ്വ) ഇവ്വിഷയകമായി നല്കിയ ഉപദേശം പ്രസക്തമാണ്. നല്ല ചങ്ങാതിയെ നബി(സ്വ) ഉപമിച്ചത് കസ്തൂരി വില്‍പ്പനക്കാരനോടും ചീത്ത കൂട്ടുകാരനെ ഉലയില്‍ ഊതുന്ന കരുവാനോടുമാണ്. കസ്തൂരി വില്പനക്കാരനോട് നീ കസ്തൂരി വാങ്ങും. അവന് നിനക്ക് കസ്തൂരി സൗജന്യമായി തരും. ഒന്നുമില്ലെങ്കില്‍ അവന്റെ സാമീപ്യം നിനക്ക് സുഗന്ധമേകുകയെങ്കിലും ചെയ്യും. ഉലയില്‍ ഊതുന്നവനാകട്ടെ പൊള്ളലേല്പിക്കും. അല്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധമെങ്കിലും സഹിക്കേണ്ടിവരും. അതുകൊണ്ട് ഓരോരുത്തരും അവന് ആരുമായി കൂട്ടുകൂടുന്നുവെന്ന് ആലോചിച്ചുനോക്കട്ടെ. ഒരാള്‍ തന്റെ കൂട്ടുകാരന്റെ മനോഗതിയിലായിരിക്കുമെന്ന പ്രവാചക വചനം കാമൗരപ്രായത്തില് മക്കള്‍ ആരുമായിട്ടാണ് ചങ്ങാത്തം കൂടുന്നത് എന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന പാഠമാണ് നല്‍കുന്നത്.
ഒരിക്കലും അവസാനിക്കുന്നില്ല എന്നതാണ് രക്ഷാകര്‍തൃത്വത്തിന്റെ (Parenting) പ്രത്യേകത. കുട്ടികളുടെ ഏത് പ്രായദശയിലും തുടരുന്നതാണ് രക്ഷാകര്തൃത്വമെങ്കിലും എല്ലാ കാലത്തും ഒരേ രൂപത്തിലുള്ള രക്ഷിതാവായിരിക്കുക എന്ന രീതി ശാസ്ത്രീയമോ പ്രായോഗികമോ അല്ല. ശൈശവദശയില്‍ നിന്ന് വ്യത്യസ്തമായി കൗമാരപ്രായത്തില്‍ കുട്ടികളുടെ ശാരീരിക മാനസിക അവസ്ഥകള്‍ പരിഗണിച്ച് വഴികാട്ടികളാവാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ പാകപ്പിഴവുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഘട്ടമാണിത്. കൗമാരപ്രായക്കാര്‍ പ്രണയബദ്ധരാകാനും അശ്ലീലതയില്‍ അഭിരമിച്ച് ജീവിക്കാനുമുള്ള സാധ്യതകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഗൃഹാന്തരീക്ഷത്തിലും പുറത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിഹിതമായി ഇടകലരുന്ന വര്‍ത്തനരീതി വര്‍ജിക്കേണ്ടതാണ്.
പത്തു വയസ്സായാല്‍ കുട്ടികളെ വേറിട്ട് കിടത്താനും ഒന്നിലേറെ പേരെ ഒരേ പുതപ്പില്‍ കിടത്താതിരിക്കാനുമുള്ള നബി(സ്വ)യുടെ നിര്‍ദേശങ്ങള്‍ ധാര്‍മികത കാത്തുസൂക്ഷിക്കാനുള്ള ജാഗ്രത നിര്‍ദേശമായി രക്ഷിതാക്കള്‍ സ്വീകരിക്കണം. ലൈംഗിക കാര്യങ്ങളെക്കുറിച്ച് വികലമായ അറിവുകള്‍ കൂട്ടുകാരിലൂടെ ലഭിച്ചതിന്റെ പേരില്‍ തെറ്റായ രീതിയില്‍ ലൈംഗികാസ്വാദനത്തിന് പ്രേരിപ്പിക്കുന്ന പ്രായമാണ് കൗമാരം. അതുകൊണ്ട് മുതിര്‍ന്നവരില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശരിയായ വിധത്തിലുള്ള അറിവ് ലൈംഗിക വിഷയങ്ങളില്‍ കിട്ടുകയാണ് വേണ്ടത്. ഇതില്‍ ലജ്ജിക്കേണ്ടതില്ല എന്ന രീതിയാണ് നബി(സ്വ)യുടെ അനുചരന്മാര് സ്വീകരിച്ചത്. ആര്‍ത്തവമുണ്ടായാല്‍ സ്വീകരിക്കേണ്ട ശുചീകരണത്തെപ്പറ്റി റസൂലിനോട് പത്നി ആഇശ(റ)യുടെ സാന്നിധ്യത്തില്‍ ഒരു യുവതി പരസ്യമായി ചോദിക്കുന്നു. റസൂലിന്റെ വിവരണം സംശയനിവാരണത്തിന് മതിയാകാതെ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നു. അപ്പോള്‍ ആഇശ(റ) അവളരെ കൈപിടിച്ചുകൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തു.
കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളുടെ വേഷവിധാനത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടികള്‍ മുഖവും മുന്‍കൈയും പാദവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്നവിധമുള്ള വേഷം ധരിക്കണം. നബി(സ്വ) അസ്മാഇനോട്, സ്ത്രീക്ക് ആര്ത്തവപ്രായമായാല് അവളില്‍ നിന്ന് ഇതും ഇതും മാത്രമേ കാണാന്‍ പാടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് മുഖത്തേക്കും മുന്കൈയിലേക്കും ചൂണ്ടി. പെണ്‍കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ശരീരം മറയ്ക്കാന്‍ ഉതകുന്ന ഇസ്ലാമിക വേഷവിധാന രീതി അവര്‍ക്ക് സ്വീകരിക്കാം.
യുവത്വത്തിന്റെ കര്‍മശേഷി അല്ലാഹു ഇഷ്ടപ്പെടുന്ന വിധം വിനിയോഗിക്കാന്‍ നന്മയുടെ വഴികളില്‍ അവരെ വ്യാപൃതരാക്കാന്‍ രക്ഷിതാക്കളും സമൂഹവും ബദ്ധശ്രദ്ധരാവണം. വിവാഹപ്രായമായാല്‍ യുവതി യുവാക്കള്‍ക്ക് ദീനി ബോധമുള്ള അനുയോജ്യ ഇണകളെ കണ്ടെത്തിക്കൊടുക്കുന്നതിലും രക്ഷിതാക്കള്‍ താല്പര്യം കാണിക്കണം. ദാമ്പത്യ ജീവിതത്തില്‍ നല്ല ഇണകളായി ജീവിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൗമാരപ്രായത്തിലേ ലഭിക്കേണ്ടതുണ്ട്.