'കുട്ടികള്‍ ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരെ ക്രിസ്ത്യാനികളോ മജൂസികളോ ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്' എന്ന് നബി(സ്വ) ഉണര്‍ത്തിയതിന്റെ സാരം വളരെ വ്യക്തമാണ്. കുട്ടികളില്‍ വിശ്വാസവും സംസ്കാരവും ജീവിതരീതിയും വളര്‍ത്തിയെടുക്കുന്നതില്‍ മറ്റാരെക്കാളും മാതാപിതാക്കള്‍ക്കാണ് വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നത്. ഒന്നും എഴുതാത്ത വെള്ളക്കടലാസില്‍ എഴുതുന്നപോലെ രക്ഷിതാക്കള്‍ കുട്ടികളുടെ മനസ്സില്കുറിച്ചിടുന്നത് കല്ലില്‍ കൊത്തിവെച്ച പോലെ ഉറയ്ക്കുന്നു. ശൈശവ പ്രായം മുതല്‍ കുട്ടികളില്‍ എന്തെല്ലാം സ്വഭാവമൂല്യങ്ങളാണ് മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കേണ്ടത് എന്നത് ശിശുമനശ്ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയവും ആധുനികവുമായ സമീപനരീതിയിലൂടെകുട്ടികള്ക്ക് നല്‍കേണ്ട ശിക്ഷണ മൂല്യങ്ങളെക്കുറിച്ച് നബി(സ്വ) നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രാര്‍ഥനയും പ്രവര്‍ത്തനവുമായി നേടേണ്ട സമ്പാദ്യമാണ് മക്കള്‍ എന്നും അവരെ സത്സന്തതികളാക്കിയാല് ഭൗതികവും പാരത്രികവുമായ ലോകത്തിന് കണ്കുളിര്മയേകുമെന്നുമുള്ള പാഠമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. മൂന്നു മുതല്‍ പത്തുവരെയുള്ള പ്രായത്തില്‍ അനുകരണവാഞ്ഛ കൂടുതന്നതിനാല് നല്ല മാതൃകകള്‍ മക്കള്‍ മാതാപിതാക്കളില്‍ നിന്ന് കാണാനുള്ള അവസരങ്ങളുണ്ടാകണമെന്ന് അധുനിക മനഃശാസ്ത്രം പറയുന്നു. മുതിര്‍ന്നവരുടെ ജീവിതരീതികള്‍ കണ്ടുമനസ്സിലാക്കി ശീലിക്കാന്‍ കുട്ടികളെ അവരുടെ സദസ്സുകളില്‍ പങ്കെടുപ്പിക്കുകയും അവരുമായി ഇടപഴകുന്നതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തതിന് നബി(സ്വ)യുടെ ജീവിതത്തില്‍ മാതൃകകള്‍ കാണാന്‍ സാധിക്കും.
ഉമറുബ്നു അബീസലമ ഒരു കുഞ്ഞായിരിക്കുമ്പോള്‍ നബിയോടൊന്നിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഉമറിന്റെ കൈകള്‍ പാത്രത്തില്‍ പരതും. ഇതുകണ്ട കുഞ്ഞിനെ ഭക്ഷണം കഴിക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകള്‍ ഇങ്ങനെ പഠിപ്പിച്ചു. ''ബിസ്മി ചൊല്ലണം, വലതുകൈകൊണ്ട് തിന്നണം, പാത്രത്തില്‍ നിന്റെ അരികത്തുനിന്ന് മാത്രമേ എടുക്കാവൂ''. ഉമര്‍(റ) പറയുന്നു: പിന്നീട് എന്റെ ഭക്ഷണരീതി അങ്ങനെയായി.
ലുഖ്മാന്(അ) പ്രിയപുത്രന് നല്കുന്ന സാരോപദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സൂറത് ലുഖ്മാനില്‍ വ്യക്തമായി പഠിപ്പിക്കുന്നു. ധാര്‍മികതയില്‍ അധിഷ്ഠിതമായ തലമുറയുടെ നിലനില്പിന് അനിവാര്യമായ ശിക്ഷണമൂല്യങ്ങളായി പ്രസ്തുത ഉപദേശങ്ങളെ പുതിയകാലത്തും പ്രസക്തമായി നമുക്ക് വായിക്കാന്‍ കഴിയും. ഏകദൈവ വിശ്വാസബോധത്തില്‍ ഊന്നിയുള്ള ജീവിതരീതി ശീലിക്കാനും മാതാപിതാക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിലൂടെ അല്ലാഹുവിനും നന്ദിയുള്ളവരായി ജീവിക്കാനും ലുഖ്മാന്(അ) ഉപദേശിക്കുന്നു. അനുഷ്ഠാന കര്‍മങ്ങളില്‍ പരമപ്രധാനമായ നമസ്കാരം പതിവാക്കാനും സദാചാരം കല്പിക്കാനും ദുരാചാരം വിലക്കാനും ബാധ്യതയുണ്ട് എന്ന് ലുഖ്മാന് പ്രിയപുത്രനെ ഓര്‍മപ്പെടുത്തുന്നു. ക്ഷമ, വിനയം, മിതത്വം, പരിഗണന, പ്രസന്നഭാവംതുടങ്ങിയ സദ്ഗുണങ്ങള്‍ ശീലിക്കേണ്ടതുണ്ട് എന്നുകൂടി പ്രസ്തുത സൂക്തങ്ങളില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
കുട്ടികളുടെ പ്രായത്തെ മൂന്ന് ഘട്ടമായി തരംതിരിക്കാം. ഏഴ് വയസ്സുവരെയുള്ള പ്രഥമഘട്ടം. ഇത് കുടുംബങ്ങള്‍ ചെയ്യുന്നത് നിരീക്ഷിക്കാനും അനുകരിക്കാനുമുള്ള അവസരമാണ്. സ്വഭാവങ്ങള്‍, മര്യാദകള്‍, വൃത്തി, വസ്ത്രധാരണം, ഭക്ഷണക്രമം, ദിനചര്യകള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പരിശീലനം ഈ ഘട്ടത്തില്കുട്ടികള്ക്ക് ലഭിക്കണം. രണ്ടാമത്തെ ഘട്ടം ഏഴ് വയസ്സുമുതല്‍ പത്തുവയസ്സുവരെയാണ്. നമസ്കരിക്കാന്‍ കല്പിക്കേണ്ടതും അത് നിര്‍വഹിക്കാന്‍ പ്രേരണയുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതും ഈ ഘട്ടത്തിലാണ്. കര്‍ശനസ്വരത്തില്‍ പെരുമാറാന്‍ പാടില്ല. മൂന്നാമത്തെ ഘട്ടം പത്തുവയസ്സുമുതലുള്ള പ്രായദശയില് ശിക്ഷയും കര്‍ശന നടപടികളും നടപ്പിലാക്കണം. പത്ത് വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ നിര്‍ബന്ധിക്കണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുന്നുണ്ട്.
കുട്ടികളില്‍ കളവ് പറയുന്ന ദുഃസ്വഭാവം വളരുന്നത് മാതാപിതാക്കളുടെ തെറ്റായ ഇടപെടലുകളും വാക്കുകളുമാണ്. വാക്കിലും പ്രവൃത്തിയിലും അസത്യം കലരാതെ സൂക്ഷ്മതയോടെകുട്ടികളോട് പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി. ഒരു ഉമ്മ കുട്ടിയോട് ഇങ്ങനെ പറയുന്നത് റസൂല്‍(സ്വ) കേട്ടു. വാ, മോനേ, ഞാന്‍ നിനക്ക് ഒരു സാധനം തരാം. ഉടനെ നബി(സ്വ) ആ സ്ത്രീയോട്ചോദിച്ചു. 'നീ എന്താണ് അവന് കെടുക്കാന്‍ ഉദ്ദേശിക്കുന്നത്?' സ്ത്രീ പറഞ്ഞു. ഈത്തപ്പഴം. നബി(സ്വ) പറഞ്ഞു. നീ അവന് ഒന്നുംകൊടുത്തിട്ടില്ലെങ്കില് നിന്റെ പേരില്‍ ഒരു കളവ് പറഞ്ഞ കുറ്റം രേഖപ്പെടുത്തുമായിരുന്നു. കൈയില്‍ ഒന്നുമില്ലാതെ കൈ നീട്ടി പിടിച്ചു മൃഗങ്ങളോട് കളവ് പറയുന്നതും റസൂല്‍(സ്വ) വിരോധിച്ചു.
കുട്ടികളില്‍ ധീരതയുടെയും സാഹസിക ചിന്തകളുടെയും നല്ല മാതൃകകള്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട ശിക്ഷണരീതി മാതാപിതാക്കള്‍ സ്വീകരിക്കേണ്ടതാണ്. സഅ്ദുബ്നു അബീവഖാസ്(റ) പറയുന്നു. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഖുര്‍ആന്‍ സൂറകള്‍ പഠിപ്പിക്കും പോലെ റസൂലിന്റെ യുദ്ധമുറകള്‍ പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. ധീരതയുടെയും വീരസാഹസികതയുടെയും ആവേശം ജനിപ്പിക്കുന്ന കഥകള്‍ കുട്ടികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്ത് ക്ഷമയോടെ ജീവിക്കാനുള്ള ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുന്നു. ഉമര്‍(റ) കുട്ടികള്‍ക്ക് അമ്പെയ്ത്തും നീന്തലും പഠിപ്പിക്കാന്‍ കല്പിക്കുമായിരുന്നു. പ്രായം കുറഞ്ഞവരെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതെ റസൂല്‍(സ്വ) മടക്കി അയച്ചപ്പോള്‍ രക്തസാക്ഷികളാവാനുള്ള താത്പര്യത്തില്‍ അവര്‍ കരഞ്ഞിരുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷികളുടെ പോഷണമാണ് ആയോധന മുറകള്‍ പരിശീലിപ്പിക്കുന്നതിന്റെ ലക്ഷ്യമാകേണ്ടത്.
കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ചും അവരോട് നീതി കാണിച്ചും പെരുമാറുമ്പോള്‍ നന്മയുടെ നാമ്പുകള്‍ അവരുടെ മനസ്സില്‍ വിടരാന്‍ അത് കാരണമാവും. ഒരിക്കല്‍ നബി(സ്വ)ക്ക് ഒരു പാനീയം ആരോ കൊണ്ടുവന്നു കൊടുത്തു. നബി കുടിച്ചു. വലതുവശത്ത് ഒരുകുട്ടിയും ഇടതുവശത്ത് ഒരു വൃദ്ധനുമാണ് ഉണ്ടായിരുന്നത്. നബി(സ്വ) കുട്ടിയോട് ചോദിച്ചു.'ഞാന്‍ ഈ വൃദ്ധന്മാര്ക്ക് ആദ്യംകൊടുക്കാന് നീ സമ്മതം തരുമോ?' കുട്ടി പറഞ്ഞു: ഇല്ല. നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടേണ്ടത് ഞാന്‍ മറ്റാര്‍ക്കും കൊടുക്കുകയില്ല. അപ്പോള്‍ നബി(സ്വ പാനീയത്തിന്റെ പാത്രം കുട്ടിയുടെ കൈയില്‍ കൊടുത്തു. കുട്ടിയുടെ മനസ്സിലുള്ള ഉല്കൃഷ്ടബോധമാണ് നബി(സ്വ)യുടെ കൈയില്‍ നിന്ന് ആദ്യം പാനീയം വാങ്ങി കുടിക്കണമെന്ന് ആഗ്രഹിക്കാന്‍ കാരണം. കുട്ടികള്‍ക്ക് കിട്ടേണ്ട അര്‍ഹമായ പരിഗണനയും സ്നേഹവും വകവെച്ചു കൊടുത്തുകൊണ്ട് ശിക്ഷണം നല്‍കാനാണ് മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടത്.