മനുഷ്യന്റെ ജീവനും സ്വത്തും പോലെ പവിത്രമായി സംരക്ഷിക്കപ്പെടേണ്ടതാണ് അഭിമാനം. അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ ആരോപണങ്ങളോ സമൂഹബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. രക്തം ചിന്തുന്നതും ധനം അപഹരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായതുപോലെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് ഇസ്ലാം കാണുന്നത്. നബി(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഓര്‍മപ്പെടുത്തി. 'ഒരു മുസ്ലിമിന് മറ്റു മുസ്്ലിംകളുടെ രക്തവും ധനവും അഭിമാനവുമെല്ലാം പവിത്രമായതാണ്' (മുസ്ലിം).
വിവാഹിതരെക്കുറിച്ചാണ് ലൈംഗികാപവാദം ഉന്നയിക്കുന്നതെങ്കില്‍ അത് കുടുംബതകര്‍ച്ചക്കു കാരണമാകുന്നു. അവിവാഹിതരെപ്പറ്റിയാണെങ്കില് അവരുടെ വിവാഹം പോലും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ ലൈംഗികാപവാദം എന്നത് കേവലം വ്യക്തിയില്‍ ഒതുങ്ങുന്ന ഒന്നല്ല. വ്യക്തി ഉള്‍പ്പെട്ട കുടുംബവും സമൂഹവും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നു. സ്ത്രീത്വത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന മഹാപാതകമെന്ന നിലയ്ക്ക് ലൈംഗികാപവാദത്തെ വ്യഭിചാരത്തോളം തന്നെ നിന്ദ്യമായ കുറ്റകൃത്യമായി പരിഗണിക്കുകയും ഏഴു മഹാപാങ്ങളിലൊന്നായി എണ്ണുകയും ചെയ്യുന്നു. വിവേചനരഹിതമായി ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കാന് ഖുര്‍ആനില്‍ കല്പനയുണ്ട്. ''സാദാചാരവനിഷ്ഠരായ മാന്യവ്യക്തികളുടെ പേരില്‍ ദുരാരോപണങ്ങളുന്നയിക്കുകയും എന്നിട്ട് നാലു സാക്ഷികളെ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നവരെ എണ്പതു അടിവീതം അടിക്കുവിന്‍. ഒരിക്കലും അവരുടെ സാക്ഷ്യം സ്വീകരിക്കുകയുമരുത്. അവര്‍ പാപികള്‍ തന്നെയാകുന്നു'' (24:4)
ലൈംഗികാരോപണം രണ്ടു വിധത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ കാണുന്നത്. ഒന്ന്, പതിവ്രതകളായ അന്യസ്ത്രീകള്ക്കെതിരായി വ്യഭിചാരാരോപണം നടത്തുക. രണ്ട്, സ്വന്തം ഭാര്യമാര്‍ക്കെതിരായി വ്യഭിചാരാരോപണം ഉന്നയിക്കുക. പതിവ്രതകളായ മാന്യ സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം ഉന്നയിക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷ ഖുര്‍ആന്‍ വിശദീകരിച്ചുതന്നിട്ടുണ്ട്. (24:4).
ഭാര്യാഭര്ത്താക്കന്മാര് തങ്ങളുടെ ഇണകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും അത് തെളിയിക്കാന്‍ കഴിയാതിരിക്കുകയുമാണെങ്കില്‍ എണ്പതു അടി ശിക്ഷതന്നെയാണുള്ളത്. എന്നാല്‍ ആരോപണം തെളിയിക്കേണ്ട രീതി അല്പം വ്യത്യസ്തമാണ്. ഒരു ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യക്ക് തന്റെ ഇണ ദുര്നടപ്പിലാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ അതിന് നാലു ദൃക്സാക്ഷികളെ കൊണ്ടുവരിക എന്നത് പ്രയാസമാണ്. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കഴിയാതെ വന്നാല്‍ ശിക്ഷാവിധേയരും അപമാനിതരുമായിത്തീരുന്നു. ഒന്നിച്ച് ജീവിക്കുക പ്രയാസകരമായിത്തീരുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ സ്വീകരിക്കേണ്ട് നടപടിക്രമത്തെക്കുറിച്ച് അല്ലാഹു വിശദീകരിക്കുന്നു. തങ്ങളുടെ ഭാര്യമാരെക്കുറിച്ച് വ്യഭിചാരം ആരോപിക്കുകയും തങ്ങളല്ലാതെ(മറ്റു) സാക്ഷികളില്ലാതിരിക്കുകയും ചെയ്യുന്നവരില്‍ ഓരോരുത്തന്റെയും സാക്ഷ്യം 'നിശ്ചയമായും താന്‍ സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെയാണ് എന്ന് അല്ലാഹുവിന്റെ പേരില്‍ നാലുതവണ(സത്യ) സാക്ഷ്യം നിര്‍വഹിക്കലാകുന്നു. അഞ്ചാമത്തേത്, താന്‍ കളവുപറയുന്നവരില് പെട്ടവനാണെങ്കില്‍ തന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ എന്ന് പറയുകയുമാകുന്നു. നിശ്ചയമായും അവന്(ഭര്‍ത്താവ്) കളവ് പറയുന്നവരില്‍ പെട്ടവന് തന്നെയാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ (സത്യം ചെയ്ത്) നാല് സാക്ഷ്യവചനങ്ങള്‍ അവള്(ഭാര്യ) പറയുന്നത് അവളില്‍ നിന്ന് ശിക്ഷയെ തടയുന്നതാകുന്നു. അഞ്ചാമത്തേത്, അവന് സത്യം പറയുന്നവനില്‍ പെട്ടവനാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്ഭവിക്കട്ടെ എന്ന് പറയുന്നതാകുന്നു' (24:6-8).