Skip to main content

വ്യഭിചാരത്തിനുള്ള ശിക്ഷ

മതകീയ സമൂഹങ്ങളെല്ലാം വ്യഭിചാരത്തെ പാപമായി കാണുന്നു. ധര്‍മബോധമുള്ളവരെല്ലാം മതവിശ്വാസ പിന്‍ബലമില്ലെങ്കില്‍ പോലും വ്യഭിചാരത്തെ മ്ലേച്ഛ വൃത്തിയായിത്തന്നെയാണ് കാണുന്നത്. കാരണം വിവാഹബന്ധത്തിന്നപ്പുറം കുത്തഴിഞ്ഞ രതിവൈകൃതങ്ങള്‍ അരങ്ങേറുന്ന മനുഷ്യസമൂഹങ്ങളില്‍ മാരകമായ ഗുഹ്യരോഗങ്ങളും മാനസിക പീഡനങ്ങളും തീരാശാപമായി നിലനില്ക്കുന്നത് അനുഭവയാഥാര്‍ഥ്യമാണ്. കുടുംബശൈഥില്യം, മേല്‍വിലാസമില്ലാത്ത തലമുറ തുടങ്ങിയ സാമൂഹിക ജീര്‍ണതായിണിതിന്റെ പരിണിതി. കുടുംബബന്ധത്തെ ഏറെ പവിത്രമായി കണ്ടിട്ടുള്ള ഇസ്‌ലാം പവിത്രമായ ലൈംഗികബന്ധത്തിലൂടെയും സ്‌നേഹാദരങ്ങളിലൂടെയും മനുഷ്യവംശം നിലനില്ക്കണമെന്ന് പഠിപ്പിക്കുന്നു. വിവാഹത്തിലൂടെ ആരംഭിക്കുന്ന വിശുദ്ധ ബന്ധത്തില്‍ പോലും ദമ്പതികള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി ഇസ്്‌ലാം നിഷ്‌കര്‍ഷിക്കുന്നു.

വളരെയേറെ മ്ലേച്ഛവും വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ദൂരവ്യാപകമായ ദുരന്തഫലമുളവാക്കുന്നതുമായ വ്യഭിചാരത്തെ ഇസ്‌ലാം വിരോധിച്ചു. വ്യഭിചാരികള്‍ക്ക് കടുത്തശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വ്യഭിചാരം ചെയ്യുന്ന സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍, അല്ലാഹുവിന്റെ മതനിയമത്തില്‍ അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരുസംഘം സന്നിഹിതരാവുകയുംചെയ്യട്ടെ (24:2).

വ്യഭിചാരത്തിനുള്ള ശിക്ഷ ഘട്ടം ഘട്ടമായിട്ടാണ് അല്ലാഹു നിയമമാക്കിയത്. ആദ്യമായി അവതരിച്ച നിയമം അത്തരക്കാരെ വീട്ടുതടങ്കലില്‍ വെക്കാനായിരുന്നു. വിശുദ്ധ ഖുര്‍ആനിലെ 4:15 വചനം അതാണ് സൂചിപ്പിക്കുന്നത് എന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.  നൂറ് അടി അടിക്കാനുള്ള ശിക്ഷാവിധി ഖുര്‍ആന്‍ നിജപ്പെടുത്തുന്നത് അതിനുശേഷമാണ്. നബി(സ്വ) അതിന്റെ വിശദീകരണമെന്നോണം പറഞ്ഞു: വിവാഹിതരായ വ്യഭിചാരികള്‍ക്കുള്ള ശിക്ഷ എറിഞ്ഞുകൊല്ലലാണ്. നബി(സ്വ) പറഞ്ഞു: അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി യാതൊന്നുമില്ലായെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്‌ലിമിനെ താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലല്ലാതെ വധിക്കാന്‍ പാടില്ല. ഒന്ന്, വിവാഹിതനായ വ്യഭിചാരി. രണ്ട്, മനുഷ്യവധത്തിനുള്ള പ്രതിക്രിയ. മൂന്ന്, മതം ഉപേക്ഷിച്ച് സംഘത്തില്‍നിന്ന് ഭിന്നിച്ചുപോയി കുഴപ്പമുണ്ടാക്കുന്ന വ്യക്തി. വ്യഭിചാര ശിക്ഷയില്‍ വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വിവേചനം ബുദ്ധിപരമാണ് കാണാന്‍ കഴിയുന്നത്. അവിവാഹിതന്‍ വികാരത്തിനടിമപ്പെട്ട് ദുര്‍ബല നിമിഷങ്ങളില്‍ ചെയ്തുപോയ ഒരു തിന്മയും നിയമപരമായ ലൈംഗികാസ്വാദനത്തിന് അവസരമുള്ള വിവാഹിതരുടെ അതിരുകടന്ന പ്രവൃത്തിയും ഒരുപോലെയല്ലല്ലോ. നൂറ് അടി ശിക്ഷയായി നിയമമാക്കപ്പെടുന്നതിനുമുമ്പുള്ളതാണ് ഈ എറിഞ്ഞുകൊല്ലല്‍ ശിക്ഷ എന്ന അഭിപ്രായവുമുണ്ട്.

വ്യഭിചാരമെന്ന ദുര്‍വൃത്തിക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയത് സാംസ്‌കാരിക ജീര്‍ണതയിലേക്ക് കൂപ്പുകുത്തുന്ന ദുരവസ്ഥയില്‍നിന്ന് സമൂഹത്തെ രക്ഷിക്കുകയെന്ന ധാര്‍മിക ലക്ഷ്യംകൂടി മുന്നില്‍ കണ്ടു കൊണ്ടാണ്. അചഞ്ചലമായ വിശ്വാസവും പരലോക ശിക്ഷയെക്കുറിച്ച് ഭയവുമുള്ള വ്യക്തികള്‍ മാനുഷികമായ കാരണങ്ങളാല്‍ തെറ്റുകളിലേക്ക് വഴുതിയാല്‍ അവര്‍ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാവുന്നു. കടുത്തതെങ്കിലും ഭൗതികവും ശാരീരികവുമായ ശിക്ഷ ഏറ്റുവാങ്ങിയാലും അനശ്വരമായ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നവര്‍ സമാധാനിക്കുന്നു. നബി(സ്വ)യുടെ കാലത്ത് ഇത്തരം ഒന്നിലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഇത്തരം ശിക്ഷാവിധികള്‍ നടപ്പിലാക്കണമെന്ന് അല്ലാഹു നിഷ്‌കര്‍ഷിക്കുന്നത് കുറ്റവാളികളെ സംസ്‌കരിക്കുന്നതോടൊപ്പം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് പാഠമാവാനും കൂടിയാണ്. വ്യഭിചാരമെന്ന കുറ്റകൃത്യത്തിന്റെ ഗൗരവം സമൂഹത്തെ ഓര്‍മപ്പെടുത്തി അതിന്റെ ആവര്‍ത്തനം തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 

Feedback