Skip to main content

ആധുനിക വൈദ്യശാസ്ത്രം

18ാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വ്യവസായിക വിപ്ലവങ്ങളുടെ ഭാഗമായി ശാസ്ത്രീയ കണ്ടെത്തലുകള്‍ വര്‍ധിക്കുകയും മനുഷ്യന്‍ പുരോഗതി കൈവരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. 1632ല്‍ ജനിച്ച് 1723 വരെ ജീവിച്ചിരുന്ന ഡച്ചുകാരനായ അന്‍േറാണി ഫിലിപ് വാന്‍ ലീവെന്‍ഹോക്  മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് രോഗാണുക്കളെ കണ്ടെത്തിയത് മുതലാണ് യഥാര്‍ഥത്തില്‍ ആധുനിക വൈദ്യശാസ്ത്രം പിറവികൊള്ളുന്നത്. തുടര്‍ന്ന് ശാസ്ത്രത്തിന്റെ കുതിപ്പുകള്‍ക്കൊപ്പം അതിവേഗം വളര്‍ന്ന് വികസിച്ച ഈ ശാസ്ത്രമാണ് വൈദ്യശാസ്ത്രരംഗത്ത് പ്രമുഖ സ്ഥാനത്തുള്ളത്.

ഇന്ന് കാണുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഡോക്ടര്‍മാരുമൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മൃഗചികിത്സയായ വെറ്ററിനറി വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗുളികകള്‍, സിറപ്പുകള്‍, ഇന്‍ജക്ഷനുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിലെ രീതികളാണ്.

ഈ ചികിത്സ അലോപ്പതി എന്ന നാമത്തിലാണ് പ്രശസ്തമായിട്ടുള്ളത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല. ഹോമിയോപ്പതിയുടെ പിതാവായ സാമുവല്‍ ഹാനിമാന്‍ (1755-1843)തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോള്‍, അക്കാലത്തു യൂറോപ്പില്‍ നിലവിലിരുന്ന ചികിത്സാരീതിയെ വിളിച്ച പേരു മാത്രമാണ് അലോപ്പതി.

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിലവിലിരുന്ന വൈദ്യശാസ്ത്രരീതി വളരെ പ്രാകൃതമായിരുന്നു. ചില രോഗങ്ങള്‍ക്കുള്ള ചികിത്സ രക്തം ഊറ്റിക്കളയുക പോലുള്ള പ്രാകൃത ചികിത്സാസമ്പ്രദായമായിരുന്നു. അക്കാലത്തുണ്ടായിരുന്ന ഈ പ്രാകൃത ചികിത്സാരൂപവുമായി തങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസമാണ് ഹാനിമാനും കൂട്ടരും ആ ചികിത്സാരീതിക്ക് ഈ പേര് നല്കാന്‍ ഇടയാക്കിയത്. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രം എവിടെയും അതിനെ അലോപ്പതി എന്നു വിശേഷിപ്പിച്ചിട്ടില്ല.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446