ജര്‍മനിയില്‍ ജീവിച്ചിരുന്ന സാമുവല്‍ ഹാനിമാന്‍ എന്ന ഡോക്ടര്‍ 1796ല്‍ കണ്ടെത്തിയ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. ഗ്രീക്ക് ഭാഷയിലെ 'ഒരുപോലെ' എന്നര്‍ഥമുള്ള ഹോമോയിസ് എന്ന വാക്കും അസുഖം എന്നര്‍ഥമുള്ള പതോസ് എന്ന വാക്കും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.
രോഗങ്ങള്‍ക്ക് കാരണം 'ജീവശക്തി' യുടെ അസന്തുലിതാവസ്ഥയാണെന്നും ജീവശക്തിയെ ചികിത്സിക്കുന്നതിലൂടെ രോഗനിവാരണം സാധ്യമാവും എന്നുമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്ന്. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന് ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കില്‍, ആ രോഗത്തിനുള്ള സമാനമായ ലക്ഷണങ്ങള്‍ അയാളില്‍ ഉണ്ടാക്കുമെന്നു വ്യാഖ്യാനിച്ച ഹാനിമാന്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതിയുടെ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നുവെന്ന സിദ്ധാന്തത്തിനു രൂപം നല്കി.
ഹോമിയോപ്പതി മരുന്നുകള്‍ നിര്‍മിക്കുന്നത് സസ്യങ്ങള്‍, ജന്തുക്കള്‍, ധാതുക്കള്‍ എന്നിവയില്‍നിന്നാണ്. ഇവയുടെ അങ്ങേയറ്റം നേര്‍പ്പിച്ചെടുത്ത മിശ്രിതങ്ങളാണ് മരുന്നായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ നേര്‍പ്പിക്കല്‍ സിദ്ധാന്തത്തിന് ഒരുപാട് വിമര്‍ശനങ്ങളുണ്ട്. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കന്‍ ഐക്യ നാടുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഹോമിയോപ്പതി ചികിത്സ നടന്നു വരുന്നത്. ചില രാജ്യങ്ങള്‍ ഹോമിയോപ്പതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.