Skip to main content

അളവും തൂക്കവും

ശുഐബ് നബി(അ)യുടെ സമൂഹത്തിന്റെ വിശ്വാസ വൈകല്യത്തോടൊപ്പം ദൈവികശിക്ഷക്ക് അവരെ പാത്രമാക്കിയ ഗുരുതരപാപം അളവുതൂക്കങ്ങളിലെ കൃത്രിമങ്ങളായിരുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പ്രഥമ ബാധ്യത ഓര്‍മപ്പെടുത്തിയ ശേഷം അദ്ദേഹം ജനങ്ങളെ ബോധവത്കരിച്ചത് ഈ തിന്മയെക്കുറിച്ചായിരുന്നു. ''എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്. അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ് നിങ്ങള്‍ക്ക് ഗുണകരമായി ട്ടുള്ളത്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ കാവല്‍ക്കാര നൊന്നുമല്ല''(11:85,86).

നിരന്തരമായ ഉദ്‌ബോധനങ്ങള്‍ നല്കിയിട്ടും അക്രമത്തില്‍ ശഠിച്ചു നിന്ന ആ സമൂഹത്തിന് എന്താണ് സംഭവിച്ചത് എന്നും ഖുര്‍ആന്‍ പറഞ്ഞു തന്നു. ''നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ പാര്‍പിടങ്ങളില്‍ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു. അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (സ്ഥലം ശൂന്യമായി) ശ്രദ്ധിക്കുക: സമൂദ് നശിച്ചത് പോലെതന്നെ മദ്‌യനിന്നും നാശം''(11:94,95).

അളവുതൂക്ക മേഖലയിലെ അനാശാസ്യരീതികളെ കുറിച്ച് ഖുര്‍ആന്‍ വീണ്ടും താക്കീതുചെയ്തിട്ടുണ്ട്. ''അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്? അതേ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം'' (83:1-6).

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഇത്രയും വലിയ അക്രമമായി കണ്ട അളവുതൂക്കച്ചതികള്‍ പക്ഷേ മുസ്‌ലിംകള്‍ക്കിടയിലും നിര്‍ബാധം നടക്കുന്നു എന്നത് ഖേദകരമാണ്.  

 

 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446