Skip to main content

കല, സാഹിത്യം, സംഗീതം

മാനസികവും ശാരീരികവുമായ ആസ്വാദനങ്ങള്‍ മനുഷ്യപ്രകൃതിയാണ്. അത് അവനില്‍ ഉല്ലാസവും ആഹ്ലാദവും നിറയ്ക്കുകയും ദുഃഖങ്ങളും സങ്കടങ്ങളും മറയ്ക്കുകയും ചെയ്യും. വികാരജീവിയാണ് മനുഷ്യനെന്നതിനാല്‍ ഇവ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. ''നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും (സദ്വൃത്തര്‍ക്ക്) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല''(57:20). 


''ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം''(3:14).


''(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു''(7:32).

ജീവിതത്തില്‍ അനിവാര്യമായ ഈ ആഹ്ലാദങ്ങള്‍ നിറയ്ക്കാനായിട്ടാണ് വിവിധതരം കലകളും സാഹിത്യങ്ങളും സംഗീതങ്ങളുമെല്ലാം ഉരുവം കൊണ്ടത്. അതിനാല്‍ തന്നെ ഇവയെല്ലാം നിരുപാധികം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല. അതിനാല്‍ തന്നെ പല കലകളും ഇസ്‌ലാമിക ലോകത്ത് പ്രചാരം സിദ്ധിച്ചിരുന്നു. ശില്പകലയും അക്ഷരങ്ങള്‍ കലകളാക്കുന്ന കാലിഗ്രഫിയും ഇസ്‌ലാമിക സമൂഹം ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. ജീവികളെ പ്രതിമയാക്കാനോ ചിത്രമാക്കാനോ പാടില്ലെന്ന കാരണത്താല്‍ അവര്‍ അത് പള്ളികളുടെ മിനാരങ്ങളും ഖുബ്ബകളും എടുപ്പുകളും നിര്‍മിക്കുന്നതിലും അറബി അക്ഷരങ്ങളെ ചിത്രങ്ങളാക്കി ഖുര്‍ആന്‍ രചന പരമാവധി മനോഹരമാക്കാനും ഉപയോഗപ്പെടുത്തി. ഒരു പക്ഷേ ധൂര്‍ത്തിന്റെയും അമിതവ്യയത്തിന്റെയും സീമകളെപ്പോലും മറികടക്കുന്ന വിധത്തില്‍ മുസ്‌ലിം ഭരണാധികാരികളും കലാകാരന്മാരും  മത്സരിച്ചു. 

പരലോകത്ത് ലഭിക്കുന്ന വിജയമാണ് ശരിയായ ആഹ്ലാദം നല്കുക എന്ന ഓര്‍മപ്പെടുത്തലോടെ, കലാസാഹിത്യങ്ങള്‍ അതിന് തടസ്സമാകാത്ത നിലയില്‍ ഉപയോഗിക്കാമെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. നബി(സ്വ)യുടെ കാലത്ത് കലാസാഹിത്യ സംഗീത രംഗം വളരെ ശുഷ്‌കമായിരുന്നു. എന്നാല്‍ കലാസാഹിത്യങ്ങള്‍ മാനസികോല്ലാസത്തിനുവേണ്ടി എന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്ന്,  മനുഷ്യന്‍ കലാസാഹിത്യങ്ങള്‍ക്കുവേണ്ടി എന്നിടത്തേക്ക് വ്യതിചലിച്ചിരിക്കുന്നു. ജീവിതം തന്നെ ഇത്തരം വിനോദങ്ങളില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. വരവും ചെലവുമെല്ലാം ഇവയായി മാറിയിരിക്കുന്നു. മാനവികതയും ധാര്‍മികതയുമെല്ലാം നിര്‍ണയിക്കുന്നതും നടപ്പിലാക്കുന്നതും മാത്രമല്ല മതവും വിശ്വാസവും അനുഷ്ഠാനവും ആചാരങ്ങളുമെല്ലാം നിയന്ത്രിക്കുന്നതുപോലും ഇത്തരം വിനോദങ്ങളാണ്. കലാസാഹിത്യസംഗീത രംഗങ്ങളിലെ കുലപതികള്‍ മഹത്വവത്കരിക്കപ്പെടുകയും മാതൃകകളാക്കപ്പെടുകയും ചെയ്തിരിക്കുന്നു. പുതു തലമുറയുടെ വാക്കും നോക്കുമെല്ലാം ഇത്തരം താരങ്ങളായതിനാല്‍ ഈ മേഖലയിലുള്ള അപചയങ്ങളെല്ലാം സമൂഹത്തില്‍ ശരികളായി സ്ഥിരപ്രതിഷ്ഠ നേടുകയാണ്.

ഈ സാഹചര്യത്തിലാണ് ഇസ്‌ലാമിക പണ്ഡിതര്‍ നിലപാടുകള്‍ രൂപീകരിക്കുന്നത്. അനാശാസ്യതയുടെ കുത്തൊഴുക്കിനെ തടയാന്‍ അവ പൂര്‍ണമായും നിഷിദ്ധമാക്കുകയാണ് വേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ''യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്''(31:6) എന്ന വിശുദ്ധ വചനം ഈ നിഷിദ്ധതയ്ക്ക് അവര്‍ തെളിവാക്കുന്നു.

മതം നേര്‍ക്കുനേരെ നിഷിദ്ധമാക്കാത്ത എല്ലാ കാര്യങ്ങളിലും തിന്മയൊഴിവാക്കി ഉപയോഗിക്കാന്‍ അനുമതി നല്കുന്നതാണ് ഇസ്‌ലാമിക പ്രമാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവര്‍ ഈ ആയത്ത് സൂചിപ്പിക്കുന്നത് മതബോധം നഷ്ടപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന കാര്യങ്ങളെയാണെന്നാണ് വിശദീകരിക്കുന്നത്. നബി(സ്വ)യുടെ കാലത്തുണ്ടായിരുന്ന നല്ല കലകളും സാഹിത്യങ്ങളും അദ്ദേഹം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാട്ടു പാടാനും കവിത രചിക്കാനുമെല്ലാം അദ്ദേഹം അനുചരന്മാരോട് ആവശ്യപ്പെടുകയും അവ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

സംഗീതം നിരുപാധികം നിഷിദ്ധമാണെന്ന് സൂചിപ്പിക്കുന്ന പ്രമാണങ്ങളൊന്നും സ്ഥിരപ്പെട്ടിട്ടില്ല. ചില സംഗീതങ്ങളും സംഗീത ഉപകരണങ്ങളും നബി(സ്വ) അനുവദിച്ചതായി കാണാവുന്നതാണ്. അബൂമൂസല്‍ അശ്അരി(റ)വിന്റെ സുന്ദരമായ ഖുര്‍ആന്‍ പാരായണത്തെ ദാവൂദ് നബി(അ)യുടെ സംഗീതോപകരണമായ മിസ്മാറിനോട് നബി(സ്വ) ഉപമിക്കുകയുണ്ടായി. ദഫ് മുട്ടി പാട്ടുപാടുന്നതിനെയും നബി(സ്വ) അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംഗീതം പൈശാചികമാണ് തുടങ്ങിയ ചില നബി(സ്വ) വചനങ്ങള്‍ പൈശാചികതയിലേക്ക് നയിക്കുന്ന വിധത്തിലുള്ള ശബ്ദവശ്യതയുള്ള ഉപകരണങ്ങളാണെന്നാണ് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്. അവ നിഷിദ്ധമാണെന്നതില്‍ രണ്ടഭിപ്രായമില്ല. ഉപകരണങ്ങളില്ലാതെയും ഇത്തരം ഗാനമാലപിക്കുന്നതും കഥനം നടത്തുന്നതും നിഷിദ്ധം തന്നെയാണ്. വിശുദ്ധ ഖുര്‍ആനിലെ കവികള്‍ എന്ന അധ്യായത്തില്‍ പരാമര്‍ശിക്കുന്നവര്‍ ഇത്തരക്കാരാണ്. ''കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്. അവര്‍ എല്ലാ താഴ്വരകളിലും അലഞ്ഞു നടക്കുന്നവരും പ്രവര്‍ത്തിക്കാത്തത് പറയുന്നവരുമാണെന്ന് നീ കണ്ടില്ലേ''(26:224-226).

ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത്, ഇസ്‌ലാമികമായ ധാര്‍മികതക്കും അധ്യാപനങ്ങള്‍ക്കും വിരുദ്ധമാകാത്തതും മനസ്സിന് ഉണര്‍വും ഉന്മേഷവും അറിവും നന്മയും പ്രദാനംചെയ്യുന്നതുമായ കലകളും സാഹിത്യങ്ങളും സംഗീതവും മതപരമായ ബാധ്യതകള്‍ക്കോ കടമകള്‍ക്കോ കോട്ടം തട്ടാത്തവിധത്തില്‍ ഉപയോഗിക്കുന്നതോ മതപരമായ നന്മകള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നതോ നിഷിദ്ധമാവുകയില്ലെന്നാണ്. 

കുറ്റ കൃത്യങ്ങള്‍ക്കും ലൈംഗിക അരാജകത്വങ്ങള്‍ക്കും ധൂര്‍ത്തിനും ബാധ്യതാ വീഴ്ചകള്‍ക്കുമെല്ലാം കാരണമാകുന്നവയാണ് ഇന്നുള്ള കലാ സാഹിത്യ സംഗീത മേഖലയുടെ ബഹുഭൂരിഭാഗവും എന്നത് അവിതര്‍ക്കിതമാണ്. അനിയന്ത്രിതമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സിനിമ, നാടകം, നൃത്തങ്ങള്‍, മിമിക്രി, കാര്‍ട്ടൂണ്‍, കഥ, നോവല്‍, കവിത, ഗാനം എന്നിവയില്‍ മിക്കതും ഇന്ന് ഇസ്‌ലാം നിഷിദ്ധമാക്കിയ ഒരുകൂട്ടം തിന്മകളുടെ കൂടാരമായി മാറിയിട്ടുണ്ട്. അതിരുവിട്ട ആണ്‍പെണ്‍ ഇടപെടലുകള്‍, ലൈംഗിക ചേഷ്ടകള്‍, സ്ത്രീപുരുഷ വേഷ ശബ്ദപ്പകര്‍ച്ചകള്‍, കൃത്രിമ സൗന്ദര്യാലങ്കാരങ്ങള്‍,  പരിഹാസം, പരദൂഷണം, നിന്ദ, ഊഹം എന്നിവയെല്ലാം കുത്തിനിറച്ച ഈ മേഖലയില്‍ കൊള്ളക്കൊടുക്കകളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ബന്ധപ്പെടാനോ സഹായിക്കാനോ വരുമാനമാര്‍ഗമായി സംതൃപ്തിയടയാനോ വിശ്വാസിക്ക് സാധ്യമല്ല. അതോടൊപ്പം ഇവയിലൂടെയുള്ള ഇസ്‌ലാം വിരുദ്ധതയ്ക്ക് മറുപടി പറയാന്‍, ബഹുദൈവാരാധകരുടെ കവിതയെ പ്രതിരോധിക്കാന്‍ ഹസ്സാനുബ്‌നു സാബിത്(റ)വിനെ നബി(സ്വ) ഉപയോഗിച്ചതുപോലെ, ഈ മേഖലയെ മാന്യമായി ഉപയോഗിക്കാനുള്ള വഴികള്‍ അന്വേഷിക്കേണ്ടതും ആധുനിക മുസ്‌ലിം സമൂഹത്തിന് ബാധ്യതയായിരിക്കുകയാണ്.

Feedback