Skip to main content

പള്ളിയിലെ കച്ചവടം

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം പള്ളിയും ഏറ്റവും വെറുപ്പുള്ള സ്ഥലം അങ്ങാടിയുമാണെന്ന വചനം നബി(സ്വ)യുടെ മേല്‍ വ്യാജമായി ആരോപിക്കപ്പെട്ടതാണ്. അങ്ങാടിയില്‍ ആദ്യം കടക്കുന്നവനും അവസാനമായി പുറത്തുവരുന്നവനും ശപിക്കപ്പെട്ടവനാണെന്ന വാക്യവും വ്യാജമാണ്.
പള്ളി പടച്ചവന്റെ ഇഷ്ടസ്ഥലമാണ്. എന്നാല്‍ അവിടെ മാത്രം കെട്ടിത്തിരിയേണ്ടവനല്ല വിശ്വാസി. അതില്‍ പുണ്യമില്ലതാനും. അതേസമയം പള്ളി വിപണിയാക്കാന്‍ പാടില്ല.   ഒരാള്‍ പള്ളിയില്‍ ക്രയവിക്രയം നടത്തുന്നതു കണ്ടാല്‍, നിന്റെ കച്ചവടം അല്ലാഹു ലാഭകരമല്ലാതാക്കട്ടെ എന്ന് വിശ്വാസികള്‍ പറയണമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇത് പള്ളിയുടെ പവിത്രത സംരക്ഷിക്കാനുള്ള നിര്‍ദേശമാണ്. പരലോകത്തിനുവേണ്ടി പ്രത്യക്ഷമായി പണിചെയ്യാനുള്ള ദേവാലയത്തില്‍ ആത്മീയതയെക്കാള്‍ ഭൗതികത മുന്നിട്ടു നില്ക്കുന്ന കച്ചവടം പല പ്രയാസങ്ങളും മറ്റു ഭക്തര്‍ക്ക് സൃഷ്ടിക്കുമെന്നതിനാലാവണം റസൂല്‍ അത് തടയുന്നത്. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരയുന്നതുപോലും പള്ളിയില്‍ റസൂല്‍(സ്വ) വിരോധിക്കുന്നത് ഇതുകൊണ്ടാകണം. നിഷിദ്ധത്തിന്റെതല്ല പള്ളിയിലെ കച്ചവടത്തിന്റെ ധ്വനിയെങ്കിലും അഭികാമ്യമല്ലെന്നതില്‍ രണ്ടഭിപ്രായമില്ല.
 


 

Feedback