നമ്മുടെ വീടിന് സമീപസ്ഥരായി താമസിക്കുന്നവരും ജോലിയിലോ യാത്രയിലോ സാമീപ്യം കൊണ്ട് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടവരുമാണ് അയല്‍ക്കാര്‍. അയല്‍വാസിയുമായി സദൃഢമായ ബന്ധം നിലനിര്‍ത്താല്‍ ഇസ്‌ലാം അനുശാസിക്കുന്നുണ്ട്. കുടുംബ ബന്ധവും മുസ്‌ലിമുമായ അയല്‍വാസിയോട് മൂന്നു കടമകള്‍ നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. അയല്‍പക്കത്തിന്റെയും ബന്ധുത്വത്തിന്റെയും ഇസ്‌ലാമി ന്റെയും പേരിലുള്ള കടമയാണത്. കുടുംബപരമായ ബന്ധമൊന്നുമില്ലെങ്കില്‍ ഇസ്‌ലാമിന്റെയും അയല്‍പക്കത്തിന്റെയും കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. മുസ്‌ലിമല്ലാത്ത അകന്നവനാണെങ്കില്‍ അയല്‍വാസിയോടുള്ള കടമകള്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കു ചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക' (4:36).
ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. സ്വത്തില്‍ അയല്‍വാസികള്‍ക്ക് അനന്തരാവകാശം നല്കുവാന്‍ നിര്‍ദേശിക്കുമോ എന്ന് ഞാന്‍ വിചാരിക്കുവോളം അയല്‍വാസിക്ക് നന്‍മ ചെയ്യാന്‍ ജിബ്‌രീല്‍ മലക്ക് എന്നോട് ഉപദേശിക്കുകയുണ്ടായി (ശുഅബുല്‍ ഈമാന്‍ 6/2868). അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ (സ്വഹീഹു മുസ്‌ലിം 47, ബുഖാരി 5185).
തന്റെ അയല്‍വാസിക്ക് തന്നില്‍ നിന്ന് ദോഷകരമായ യാതൊന്നും സംഭവിക്കുകയില്ലെന്ന ഉറപ്പോടെ നിര്‍ഭയനായി ജീവിക്കുവാന്‍ സാധിക്കുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂര്‍ണമാവുന്നത്. അയല്‍വാസികളുമായുള്ള ബന്ധം അത്രമേല്‍ സൗഹൃദ പൂര്‍ണവും ഹൃദ്യവുമാവുമ്പോഴാണ് ഒരു വിശ്വാസിക്ക് അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിച്ചു കൊണ്ട് സ്വര്‍ഗത്തിന് അവകാശിയായിത്തീരാന്‍ കഴിയുന്നത്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)യോട് ചോദിക്കപ്പെട്ടു. പ്രവാചകരേ, ഒരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്താണു പറയുന്നത്? അവള്‍ കൂടുതലായി (സുന്നത്ത്) നമസ്‌കരിക്കുകയും ധര്‍മം ചെയ്യുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യും. എങ്കിലും അവളുടെ അയല്‍വാസിയെ നാവുകൊണ്ട് ഉപദ്രവിക്കും. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവള്‍ നരകാഗ്‌നിയിലാണ്. അവര്‍ വീണ്ടും ചോദിച്ചു: പ്രവാചകരേ, മറ്റൊരു സ്ത്രീയെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു? അവള്‍ കൂടുതലായി നമസ്‌കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ഒന്നും ചെയ്യാറില്ല. തുഛമായതു മാത്രമാണ് ധര്‍മം ചെയ്യുന്നത്. എന്നാല്‍ അവളുടെ അയല്‍വാസിയെ ഉപദ്രവിക്കാറില്ല. നബി(സ്വ) പറഞ്ഞു: അവള്‍ സ്വര്‍ഗത്തിലാണ് (അത്തര്‍ഗീബുവത്തര്‍ഹീബ്, ഭാഗം 3 പേജ് 321).
അയല്‍വാസി ദരിദ്രനാണെങ്കില്‍ അയാളുടെ ദാരിദ്ര്യമകറ്റുകയും വിശപ്പിനു പരിഹാരം കാണുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കറി പാകം ചെയ്യുകയാണെങ്കില്‍ അതില്‍ വെള്ളം ചേര്‍ത്ത് അധികമാക്കിയെങ്കിലും അയല്‍വാസിയെ പരിഗണിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അയല്‍വാസിക്ക് പാരിതോഷികങ്ങള്‍ നല്കുന്നതും നന്‍മയില്‍ പെട്ടതാണ്. അത് സ്‌നേഹം വര്‍ധിപ്പിക്കുകയും അകല്ച്ച ഇല്ലാതാക്കുകയും ചെയ്യും.
മുആദുബ്‌നു ജബല്‍(റ) പറയുന്നു: നബിയോട് ചോദിച്ചു. അയല്‍വാസിയോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്? നബി(സ്വ) പറഞ്ഞു: 'നിന്നോട് അവന്‍ കടം ചോദിച്ചാല്‍ നീ അവന്ന് കടം നല്കുക. സഹായം ചോദിച്ചാല്‍ നീ അവനെ സഹായിക്കുക. അവന്ന് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ നീ അതു നിര്‍വഹിച്ചു കൊടുക്കുക. ശേഷം നബി(സ്വ) ചോദിച്ചു. ഞാന്‍ പറയുന്നത് നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം സിദ്ധിച്ച കുറച്ചു വ്യക്തികള്‍ മാത്രമേ അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുള്ളൂ (അത്തര്‍ഗീബു വത്തര്‍ഹീബ് 3/332).
നാം ഒരു വീടോ ഭൂമിയോ വില്‍ക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ നമ്മുടെ അയല്‍വാസിക്ക് താത്പര്യമുണ്ടോ എന്ന് ആദ്യമന്വേഷിക്കണം. മറ്റുള്ളവര്‍ പറയുന്ന വിലയേക്കാള്‍ കുറഞ്ഞ വില അയല്‍വാസി പറയുകയാണെങ്കില്‍ പോലും ആ വസ്തു അയല്‍വാസിക്കു വില്‍ക്കണം. ഈ അവകാശത്തിന് ശുഫ്അത്തിന്റെ അവകാശം എന്നറിയപ്പെടുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ''വല്ലവനും തന്റെ ഭൂമി വില്‍ക്കുവാന്‍ ഉദ്ദേശിച്ചാല്‍ തന്റെ അയല്‍വാസിയുടെ മുമ്പില്‍ അവനത് അവതരിപ്പിക്കണം'' (സ്വഹീഹുല്‍ ജാമിഅ് 6512).