Skip to main content

പക്ഷിമൃഗാദികളോടുള്ള ബാധ്യതകള്‍

മൃഗങ്ങളും പക്ഷികളും എല്ലാം തന്നെ മനുഷ്യരെപ്പോലെ തന്നെ ഓരോ സമുദായങ്ങളാണെന്ന് അല്ലാഹു (6:38) ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവയോടുള്ള പെരുമാറ്റം ഏറ്റവും നല്ല നിലയില്‍ ആയിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൃഗങ്ങളോട് മാന്യമായി പെരുമാറിയാല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ എന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും പുണ്യമുണ്ട് (സ്വഹീഹ് അദബുല്‍ മുഫ്‌റദ് 291). 

ഒരാള്‍ വഴിയരികിലൂടെ നടക്കുന്നതിനിടയില്‍ ദാഹം ശക്തമായി. വെള്ളമെടുക്കാനായി ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. ദാഹമകറ്റി. പുറത്തു വന്നപ്പോള്‍ ഒരു നായ കഠിനദാഹത്താല്‍ മണ്ണു കപ്പുന്നത് അദ്ദേഹം കാണാനിടയായി. തനിക്കുണ്ടായ ദാഹം ഈ നായയെയും ബാധിച്ചതായി ആ വഴിയാത്രക്കാരന്‍ മനസ്സിലാക്കി. വെള്ളമെടുക്കാനായി അദ്ദേഹം കിണറിലിറങ്ങി. തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായ കൊണ്ട് അത് കടിച്ചുപിടിച്ച് മുകളിലെത്തി. എന്നിട്ട് നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അദ്ദേഹത്തിന്റെ പാപം പൊറുത്തു കൊടുത്തു. അതുകേട്ട അനുചരര്‍ ചോദിച്ചു. മിണ്ടാപ്രാണികളുടെ കാര്യത്തിലും പ്രതിഫലമുണ്ടോ? നബി(സ്വ) പറഞ്ഞു: പച്ചക്കരളുള്ള ഏതൊന്നിന്റെ കാര്യത്തിലും നിങ്ങള്‍ ചെയ്യുന്ന നന്‍മ പുണ്യകരമാണ് (സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ 544).

പക്ഷിമൃഗാദികളോട് ക്രൂരമായി പെരുമാറുന്നതും അവയെ വേദനിപ്പിക്കുന്നതും നശിപ്പിക്കുന്നതും ശിക്ഷാര്‍ഹമായ പാപമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്. അമ്പെയ്ത്തു പഠിപ്പിക്കാന്‍ വേണ്ടി ജീവനുള്ളതിനെ ഉന്നം വെയ്ക്കാന്‍ പാടുള്ളതല്ലെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു.

ഭക്ഷണമോ വെള്ളമോ നല്‍കാതെ ഒരു പൂച്ചയെ കെട്ടിയിട്ടു വിഷമിപ്പിച്ച ഒരു സ്ത്രീ അക്കാരണത്താല്‍ നരകാഗ്‌നിയില്‍ പ്രവേശിച്ചുവെന്ന് നബി(സ്വ) അനുചരരെ ഉണര്‍ത്തി. ജാബിര്‍ ബിന്‍ അബ്ദുല്ല പറയുന്നു: നബി(സ്വ) പറഞ്ഞു. മുഖത്ത് ചൂടു വെയ്ക്കപ്പെട്ട ഒരു കഴുതയുടെ അടുത്തുകൂടി നബി(സ്വ) നടന്നുപോയി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അതിനെ ചൂട് വെച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു (സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ 5628).

ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കിലാണ് അത് ഭക്ഷിക്കാന്‍ ഇസ്‌ലാം അനുവാദം നല്കുന്നത്.  ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ട മൃഗങ്ങളെ അറുക്കുമ്പോള്‍ പോലും ആ ജീവികളോട് അങ്ങേയറ്റം കൃപയും ദയയും കാണിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അറുക്കുന്ന സമയത്ത് ജീവിക്ക് വേദന ലഘൂകരിക്കാന്‍ അറുക്കാനുപയോഗിക്കുന്ന കത്തി മൂര്‍ച്ച കൂട്ടി വേഗത്തില്‍ ചലിപ്പിച്ചു കൊണ്ട് രക്തക്കുഴല്‍ മുറിക്കാനാണ് ശ്രമിക്കേണ്ടത്. അറവ് നിര്‍വഹിച്ചാല്‍ ആ ജീവിക്ക് ആശ്വാസം കിട്ടാനായി ബന്ധനം അഴിച്ചുമാറ്റണം. മിണ്ടാപ്രാണികളാണെങ്കിലും മറ്റു മൃഗങ്ങളുടെയും ജീവികളുടെയും മുന്നില്‍ കിടത്തി അറുക്കുന്നത് നബി(സ്വ) വിരോധിച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: കത്തി മൂര്‍ച്ച കൂട്ടാനും മൃഗങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് അകറ്റുവാനും നബി(സ്വ) കല്പിച്ചിരിക്കുന്നു (സുനനുല്‍ കുബ്‌റ ബയ്ഹഖി 9/280).
    
ഒരു മൃഗത്തെ അറുക്കുന്നതിനു മുമ്പ് അംഗവിഛേദം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചു.  അറുക്കുന്ന സ്ഥലത്തേക്ക് വേദനിപ്പിക്കാതെ നല്ലരീതിയില്‍ കൊണ്ടു പോയി അറുക്കുകയാണ് വേണ്ടത്.

വിനോദങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ പക്ഷിമൃഗാദികളെ വിധേയമാക്കാന്‍ പാടില്ല. അവയ്ക്ക് അവകാശപ്പെട്ട ഭക്ഷണം, വെള്ളം, ആവാസം എന്നിവ നിഷേധിക്കാനോ നശിപ്പിക്കാനോ പാടില്ല. ഈ ഭൂമിയുടെ അവകാശികള്‍ എന്ന നിലയില്‍ അവയ്ക്കര്‍ഹതപ്പെട്ടത് വിലക്കുന്ന യാതൊരു സമീപനവും വിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടായിക്കൂടാ.

Feedback