ഇസ്‌ലാമികദൃഷ്ട്യാ മനുഷ്യരെല്ലാം സമന്‍മാരാണ്. അവരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. ധര്‍മബോധത്തോടെ ജീവിക്കുന്നവര്‍ക്കാണ് അല്ലാഹുവിങ്കല്‍ ശ്രേഷ്ഠതയുള്ളത്. അന്യോന്യം അറിയേണ്ടതിനാണ് മനുഷ്യരെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് (49:13). ഇതാണ് ഇസ്‌ലാമിലെ മാനവിക കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ മുസ്‌ലിംകളല്ലാത്ത മതവിഭാഗത്തില്‍പ്പെട്ടവരോടും നല്ല ബന്ധം നിലനിര്‍ത്താനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആദര്‍ശപരമായ ഭിന്നതയും വിശ്വാസപരമായ വീക്ഷണവ്യത്യാസവും മാനുഷിക ബന്ധങ്ങള്‍ മുറിക്കുന്നതിന് കാരണമായിക്കൂടെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
അല്ലാഹുവിനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചു കൊണ്ട് പ്രാര്‍ഥിക്കുന്നവരോട് പോലും അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുന്ന ശൈലി ഉപയോഗിക്കരുതെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ''അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെ (വിഗ്രഹങ്ങള്‍) നിങ്ങള്‍ അധിക്ഷേപിക്കരുത്. അപ്പോള്‍ ചിന്തയില്ലാതെ അല്ലാഹുവിനെ ശത്രുതാപൂര്‍വം അവരും ചീത്ത പറയും''(6:108). തന്റെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണെങ്കില്‍ പോലും ഭൗതിക ജീവിതത്തില്‍ അവരെ സഹായിച്ചും അവരോട് സഹകരിച്ചും പെരുമാറാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. രക്തബന്ധം മുറിച്ചു കളയരുതെന്ന് ഗൗരവപൂര്‍വം നിര്‍ദേശിക്കുന്നു.
നബി(സ്വ) മുസ്‌ലിംകളല്ലാത്തവരുമായി നല്ല മാനുഷിക ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ മുന്നിലൂടെ ജൂതന്റെ ജനാസ(മൃതദേഹം) കൊണ്ടു പോവുമ്പോള്‍ നബി(സ്വ) എഴുന്നേറ്റു നിന്നു. അനുചരര്‍ അതു കണ്ട് അത്ഭുതത്തോടെ ചോദിച്ചു. അത് ജൂതന്റെ ശവമല്ലേ? നബി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു 'ജൂതനും മനുഷ്യനല്ലേ!'.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉന്‍മൂലനാശത്തിനായി യുദ്ധം പ്രഖ്യാപിച്ചവരെ സംരക്ഷിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ട ഒരു ബാധ്യതയും മുസ്‌ലിംകള്‍ക്കില്ല. അല്ലാഹു പറയുന്നു: ''മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അതിക്രമകാരികള്‍'' (60:9).
അമുസ്‌ലിംകളില്‍പ്പെട്ടവര്‍ സംരക്ഷണത്തിന്നായി അഭയം തേടിയാല്‍ അവര്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് നിര്‍ണിത കാലമത്രയും സംരക്ഷണം നല്‌കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. അല്ലാഹു പറയുന്നു: ''ബഹുദൈവ വിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന് അഭയം നല്കുക. എന്നിട്ട് അവന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചു കൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജന വിഭാഗമാണ് എന്നതു കൊണ്ടാണത് (9:6).
മുസ്‌ലിംകളും ബഹുദൈവ വിശ്വാസികളും തമ്മില്‍ സന്ധിയായിട്ടുള്ള കാലം വരെ അവരോടുള്ള കരാര്‍ പൂര്‍ത്തിയാക്കല്‍ ബാധ്യതയാണ്. അതിന് അവര്‍ക്കുള്ള കരാര്‍ അവരും പാലിക്കണം. അതില്‍ വീഴ്ച വരുത്തുകയോ മതത്തെ അധിക്ഷേപിക്കുകയോ ചെയ്യരുത്. അല്ലാഹു പറഞ്ഞു: 'എന്നാല്‍ ബഹുദൈവ വിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന് നിങ്ങള്‍ കരാറിലേര്‍പ്പെടുകയും എന്നിട്ട് നിങ്ങളോട് (അത് പാലിക്കുന്നതില്‍) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാണ്. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധി വരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു' (9:4).
അല്ലാഹു പറയുന്നു: 'ഇനി അവര്‍ കാരാറിലേര്‍പ്പെട്ട ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യ നിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം' (9:12).
ഒരു രാജ്യത്ത് ഇസ്‌ലാമിക ഭരണമാണ് നിലവിലുള്ളതെങ്കില്‍ ആ രാജ്യത്തെ അമുസ്‌ലിംകളോട് ഭരണാധികാരിക്ക് വളരെ കൂടുതല്‍ കടപ്പാടുണ്ട്. മുസ്‌ലിം രാജ്യത്ത് ജീവിക്കുന്ന അമുസ്‌ലിംകള്‍ക്ക് അവകാശങ്ങളും കടമകളുമുണ്ട്. അവര്‍ക്ക് അവിടെ സംരക്ഷണവും പരിഗണനയും ലഭിക്കുന്നു. അവര്‍ നികുതി നല്കുകയും ചെയ്യുന്നു. അതിനാല്‍ അവരുടെ ശരീരം, സമ്പത്ത്, അഭിമാനം എന്നീ കാര്യങ്ങളില്‍ ഇസ്‌ലാമിക വിധി നടപ്പിലാക്കിക്കൊണ്ട് സംരക്ഷിക്കുകയും അവര്‍ നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങളില്‍ സ്വാതന്ത്ര്യം നല്കുകയും ചെയ്യേണ്ട ബാധ്യത മുസ്‌ലിം ഭരണ കര്‍ത്താക്കള്‍ക്കുണ്ട്. സുരക്ഷിതമായി ആ നാട്ടില്‍ ജീവിക്കാനാവശ്യമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുവാനുള്ള ബാധ്യത ആ നാട്ടിലെ ഭരണാധികാരികള്‍ക്കാണ്.