Skip to main content

നിരുപദ്രവകാരികളായ ജീവികള്‍

വിഷമുള്ളതും ഉപദ്രവവും നാശമുണ്ടാക്കുന്നതുമായ ദുഷ്ട ജീവികളെയാണ് കൊന്നുകളയാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുള്ളത്. നിരുപദ്രവകരങ്ങളായ ജീവികളെ ഭക്ഷ്യാവശ്യത്തിന്‌യോഗ്യമല്ലെങ്കിലും അവയെ കൊല്ലാന്‍ പാടില്ല എന്ന് റസൂല്‍(സ്വ) നിഷ്‌കര്‍ഷിച്ചതായി കാണാം. ഉറുമ്പ്, തേനീച്ച, മരംകൊത്തി, തത്ത മുതലായവയെ നബി(സ്വ) എടുത്തു പറഞ്ഞു (അബൂദാവൂദ്). കരുണാനിധിയായ അല്ലാഹു അവന്റെ അടിമകളോട് കല്പിക്കുന്നത് മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളോടും കാരുണ്യത്തില്‍ വര്‍ത്തിക്കാനാണ്. പ്രവാചകന്‍(സ്വ) ആ മഹിതമായ കാരുണ്യ ദര്‍ശനത്തിന് മാതൃക കാണിച്ചുതരികയും ചെയ്തു.  

ants

ഭക്ഷണക്കാര്യത്തില്‍ മനുഷ്യന്റെ ബുദ്ധിക്കും സംസ്‌കാരത്തിനും പ്രകൃതിക്കും ഉപകരിക്കുന്നതും ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നതുമാണ് നല്ലത് (ത്വയ്യിബ) എന്നതിന്റെ വിവക്ഷയില്‍പെടുന്നത്. പ്രകൃതിയോട് കലഹിക്കുന്നതും ഉപദ്രവവും വിനാശവും ഉണ്ടാക്കുന്നതുമായ എല്ലാ മ്ലേഛകരമായതുമായിരിക്കും. അതാണ് (ഖബീസ്) ചീത്ത എന്നതിന്റെ അര്‍ഥപരിധിയില്‍ വരുന്നത്. വിശിഷ്ട വസ്തുക്കള്‍ അനുവദനീയവും മ്ലേഛകരമായത് നിഷിദ്ധങ്ങളിലും ഉള്‍പ്പെടുത്തുമ്പോള്‍ പ്രത്യേകമായ നിരോധം വന്നിട്ടില്ലാത്ത ചിലതും നിഷിദ്ധങ്ങളായി പരിഗണിക്കേണ്ടതായിവരും. കാരണം അത് മനുഷ്യപ്രകൃതിക്ക് ഒട്ടും യോജിക്കാത്തതും സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് തീരെ ഇണങ്ങിച്ചേരാത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങളാണ് എന്നതാണ് കാരണം. ഈ അടിസ്ഥാനത്തിലാണ് പ്രാണികളും മറ്റു ക്ഷുദ്രജീവികളും നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുവായി പരിഗണിക്കുന്നത്.

അബ്ദുറഹ്മാനുബ്‌നു ഉസ്മാന്‍ പറഞ്ഞു. ''നബിസ്വയുടെ അടുക്കല്‍ വെച്ച് ഒരു വൈദ്യന്‍ മരുന്നിനെ കുറിച്ചും അതില്‍ തവളയെ ചേര്‍ക്കുന്നതിനെ സംബന്ധിച്ചും സംസാരിക്കുകയുണ്ടായി. അപ്പോള്‍ നബി(സ്വ) തവളയെ കൊല്ലുന്നത് നിരോധിച്ചു'' (അബൂദാവൂദ്, അഹ്മദ് നസാഇ).

 

 
 

Feedback