പാമ്പ്, തേള്‍ തുടങ്ങിയ ഉപദ്രവകാരികളായ ഇഴജന്തുക്കളെയും പല്ലി, പാറ്റ പോലുള്ള ജീവികളെയും കൊല്ലുന്നത് അനുവദനീയമാണോ?
മറുപടി: യാതൊരു ജീവികളെയും വധിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഹറമില്‍ വെച്ച് പോലും പാമ്പ്, തേള്‍ പോലെയുള്ള ഉപദ്രവകാരികളായ ജീവികളെ വധിക്കാമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. (ബുഖാരി, മുസ്‌ലിം) നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും ഇവയെ കൊല്ലാമെന്ന് നബി(സ്വ) പറയുന്നു. (മുസ്‌ലിം) പക്ഷികള്‍, ഇഴജന്തുക്കള്‍, മൃഗങ്ങള്‍, മറ്റുള്ള ജീവികള്‍ എല്ലാം തന്നെ അല്ലാഹുവിലെ ഏകത്വം അംഗീകരിക്കുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. അതിനാല്‍ ഉപദ്രവകാരികളായ ജീവികള്‍ നമ്മെ ഉപദ്രവിക്കുമെന്ന് ഉറപ്പാകുന്ന സന്ദര്‍ഭത്തില്‍ മാത്രം അവയെ വധിക്കുക. അല്ലാഹുവിന്ന് തസ്ബീഹ് ചൊല്ലുവാന്‍ അല്ലാഹു സൃഷ്ടിച്ച ഒരു ജീവിയെ എന്തിനാണ് നാം കൊല്ലുന്നത്?
പല്ലി നമുക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നില്ല. എന്നാല്‍ ഇവയുടെ വര്‍ധനവ് കാരണം ഉപദ്രവം ഉണ്ടെങ്കില്‍ കൊല്ലുന്നതിനു വിരോധമില്ല. പാറ്റ ഉപദ്രവം ചെയ്യുന്നുണ്ടെങ്കില്‍ കൊല്ലാം.. പരമാവധി ഒരു ജീവിയെയും കൊല്ലാതിരിക്കുവാന്‍ ശ്രമിക്കുക. എന്നാല്‍ മനുഷ്യനാണ് പ്രഥമന്‍. അവനെക്കാള്‍ ഒരു ജീവിക്കും പവിത്രത കല്‍പിക്കുവാന്‍ പാടില്ല. എല്ലാ ജീവികളെയും മനുഷ്യന്റെ നന്‍മക്കുവേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ പാമ്പ്, തേള്‍, എലി, പല്ലി, പാറ്റ, കാക്ക മുതലായവയെല്ലാം മനുഷ്യന്റെ ശരീരത്തിനോ അവന്റെ സമ്പത്തിനോ കൃഷിക്കോ ശല്യം ചെയ്യുകയാണെങ്കില്‍ അവയെ വധിക്കാതെ തന്നെ ശല്യം ഒഴിവാക്കുവാന്‍ സാധിക്കുമെങ്കില്‍ ആദ്യമായി അപ്രകാരം ചെയ്യുക. കൊല്ലല്‍ അനിവാര്യമാവുകയാണെങ്കില്‍ മാത്രം അപ്രകാരം ചെയ്യുക. എല്ലാ ജീവികളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഉപദ്രവമില്ലാത്തപക്ഷം ഒരു മരവും ഒരു പുല്ലു പോലും നശിപ്പിക്കരുത്. അവ നട്ടുവളര്‍ത്തുക. ഉപകാരം എടുത്തുകൊള്ളുക.