ജീവികള്‍ അവയുടെ ആവാസക്രമമനുസരിച്ച് രണ്ടു വിഭാഗമായിട്ടാണ് പരിഗണിക്കുന്നത്. കരജീവികളും കടല്‍ ജീവികളും വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ജീവികളെ ഭക്ഷിക്കുന്നത് അല്ലാഹു നിയമാനുസൃതമാക്കിയിരിക്കുന്നു. അവയെ അറുക്കണമെന്ന ഉപാധി വെച്ചിട്ടുമില്ല. അല്ലാഹു പറയുന്നു. ''നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവിതവിഭവമായി ഉപയോഗിക്കാന്‍ സമുദ്രത്തിലുള്ളവയെ വേട്ടയാടുന്നതും അതില്‍നിന്ന് ലഭിക്കുന്നവ ഭക്ഷിക്കുന്നതും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു (5:96). കരജീവികളില്‍ പൊതുവില്‍ നാലെണ്ണവും വിശദാംശത്തില്‍ പത്തെണ്ണവുമല്ലാത്ത മറ്റൊന്നും നിഷിദ്ധമാക്കിയിട്ടില്ല (5:3).
ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ട കരജീവികള്‍ രണ്ടു തരമാണ്. മനുഷ്യന്റെ നിയന്ത്രണത്തിലും സൗകര്യത്തിലുമുള്ളതാണ് ഒരിനം. ആട്, ഒട്ടകം, പശു തുടങ്ങിയ നാല്ക്കാലികള്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍, കോഴികള്‍ മുതലായ ഇണക്കമുള്ള ജീവികള്‍ എല്ലാം ഇതിലുള്‍പ്പെടുന്നു. നിയന്ത്രണത്തിലും സൗകര്യത്തിലുമല്ലാതെയുള്ളവയാണ് രണ്ടാമത്തെ ഇനം. ഇവ അനുവദനീയമാകണമെങ്കില്‍ അറുക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. നിഷിദ്ധമായ ജീവികളെ അറുത്താലും അനുവദനീയമാകില്ല.
ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കില്‍ മാത്രമേ ഭക്ഷിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ''അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അത് അധര്‍മം തന്നെയാണ് (6:121). അറുക്കപ്പെടുന്ന ഉരുവിനോട് ഏറ്റവും നല്ല സമീപനം സ്വീകരിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിലും നന്മയാണ് നിശ്ചയിച്ചത്. നിങ്ങള്‍ കുറ്റവാളിയെ വധിക്കുകയാണെങ്കില്‍ പോലും ആ വധം നല്ല നിലയില്‍ ചെയ്യുക. നിങ്ങള്‍ ഉരുവിനെ അറുക്കുകയാണെങ്കില്‍ ആ അറവ് നല്ല രീതിയില്‍ ചെയ്യുക. അറുക്കുന്നവര്‍ തന്റെ കത്തി മൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസം നല്‍കുകയും വേണം (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍ 5887). ഉരുവിനെ വലിച്ചിഴച്ചോ മറ്റോ വേദനിപ്പിക്കുന്നതും മറ്റു ക്രൂരമായ രൂപത്തില്‍ അതിനെ കൊണ്ടുപോകുന്നതും പാടില്ല. ഒരാള്‍ ഒരാടിനെ അറുക്കാനായി കൊണ്ടുപോകുമ്പോള്‍ കാല്‍ പിടിച്ചു വലിക്കുന്നത് നബി(സ്വ) കണ്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''നിനക്ക് നാശം, നീ അതിനെ നല്ല നിലയില്‍ മരണത്തിലേക്ക് നയിക്കുക'' (മുഹമ്മദ്ബ്‌നുസീരിന്റെ റിപ്പോര്‍ട്ട്, അത്തര്‍ഗിബുവത്തഹ്ദീബ് 3/213).
അറുക്കാന്‍ പൂര്‍ണമായും സജ്ജമായ ശേഷമേ മൃഗത്തെ കിടത്താവൂ. ഒരാള്‍ അറുക്കാന്‍ വേണ്ടി ആടിനെ ചെരിച്ചുകിടത്തിയ ശേഷം തന്റെ കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. അതിന്റെ അരികിലൂടെ നബി(സ്വ) നടന്നുപോയി. അപ്പോള്‍ അദ്ദേഹം ചോദിച്ചു. 'അതിനെ രണ്ടുതവണ കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? അതിനെ ചെരിച്ചുകിടത്തുന്നതിന് മുമ്പ് നിന്റെ ആയുധം മൂര്‍ച്ച കൂട്ടിക്കൂടേ?.
അറുക്കുന്നതിനുമുമ്പ് ജീവികളുടെ ശരീരത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. ഇസ്‌ലാം അത് നിരോധിച്ചു. മുറിച്ചെടുത്ത ഭാഗം ഭക്ഷിക്കുന്നതും നിഷിദ്ധമാണ്. ''ആരെങ്കിലും ജീവനുള്ളവയ്ക്ക് അംഗഭംഗം വരുത്തിയാല്‍ അവന് അന്ത്യനാളില്‍ അല്ലാഹുവും ഭംഗം വരുത്തുന്നതാണ് (മുസ്‌നദ് അഹ്മദ് 8/172).
ജീവിയെ വേഗത്തില്‍ അബോധാവസ്ഥയിലാക്കുവാന്‍ വളരെ വേഗത്തില്‍ കഴുത്തിലെ രക്തക്കുഴല്‍ മുറിക്കുവാന്‍ ശ്രമിക്കണം. നബി(സ്വ) അരുളി, വല്ലവനും അറുക്കുകയാണെങ്കില്‍ വേഗത്തില്‍ നിര്‍വഹിക്കട്ടെ. (അത്തര്‍ഖീബ് വത്തര്‍ഹീബ്, 2/162).
അറുക്കാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളെ മറ്റു മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും ഒക്കെ മറയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് കാണുന്ന മൃഗങ്ങള്‍ക്ക് പ്രയാസമുണ്ടാക്കും. ഇബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) കത്തി മൂര്‍ച്ചകൂട്ടുവാനും മൃഗങ്ങളില്‍നിന്ന് അതിനെ മറയ്ക്കാനും അനുശാസിച്ചു (ഇബ്‌നുമാജ - 624).
നബി(സ്വ) പറഞ്ഞു: കെട്ട് അഴിച്ച്, അറുക്കുന്ന ജീവിക്ക് നിങ്ങള്‍ സ്വസ്ഥത നല്‍കുവിന്‍.
അറുക്കാന്‍ വേണ്ടി പല്ലും നഖവും ഉപയോഗിക്കുന്നത് ഇസ്‌ലാം നിരോധിച്ചു. ഒരിക്കല്‍ റാഫിഉബ്‌നു ഖദീജ് നബി(സ്വ)യോട് ചോദിച്ചു. ഞങ്ങള്‍ നാളെ ശത്രുവിനെ അഭിമുഖീകരിക്കുകയാണല്ലോ, ഞങ്ങളുടെ കൈയില്‍ കത്തിയില്ല. ഞങ്ങള്‍ മുളകൊണ്ട് അറുക്കട്ടെയോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: രക്തം ഒലിപ്പിക്കുകയും അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്തവ നിങ്ങള്‍ ഭക്ഷിക്കുക. അത് പല്ലോ നഖമോ ആകാവതല്ല. അതിനെക്കുറിച്ച് ശേഷം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. പല്ല് എല്ലാണ്. നഖം എത്യോപ്യക്കാരുടെ കത്തിയും. പല്ലും നഖവും നിരോധിച്ചത് അതില്‍ ജീവികളെ പീഡിപ്പിക്കലും അതുകൊണ്ട് അറവിന്നു പകരം ശ്വാസംമുട്ടിക്കലുമുണ്ട് എന്നതിനാലാണ്.
അറവു വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇബ്‌നു അബ്ബാസും ഇമാം ബുഖാരിയും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു (ഫത്ഹുല്‍ബാരി 12:43).
ഉരുവിന്റെ കണ്ഠത്തില്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് അറുക്കുന്ന രീതിക്ക് പുറമെ സൗകര്യപ്രദമായ വിധം കശാപ്പ് നടത്താന്‍ വൈദ്യുത കത്തിയും മെഷീന്‍ സംവിധാനവും ഉപയോഗിക്കുന്നത് മതം വിരോധിക്കുന്നില്ല. എന്നാല്‍ കശാപ്പിന്റെ രീതിയായി വൈദ്യുതാഘാതമേല്‍പിക്കുക എന്നത് സ്വീകരിക്കാന്‍ അനുവാദമില്ല. ശ്വാസം മുട്ടി ചത്തുപോയത് നിഷിദ്ധമാണ് എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ (5:3) പരിധിയില്‍ ഷോക്കേറ്റ് ജീവഹാനി സംഭവിച്ചതും ഉള്‍പ്പെടുന്നു.