Skip to main content

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (OIC) 

 oic

മുസ്‌ലിം രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒ.ഐ.സി അഥവാ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍. നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 57 രാജ്യങ്ങളുടെ അംഗത്വമുള്ള, ഐക്യരാഷ്ട്രസഭയ്ക്കു ശേഷം ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണിത്. ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും പ്രോത്‌സാഹിപ്പിക്കുന്നതിനുള്ള മുസ്‌ലിം ലോകത്തിന്റെ കൂട്ടായ ശബ്ദവുമാണ് ഒ.ഐ.സി. 

അധിനിവേശ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് 1969 സെപ്റ്റംബര്‍ 25 ന് മൊറോക്കോയിലെ റബാത്തില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിയുടെ തീരുമാനപ്രകാരമാണ് സംഘടന രൂപീകരിച്ചത്. ഒ ഐ സിയുടെ അംഗത്വ രാജ്യങ്ങളില്‍ 56 രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളല്ലാത്ത പശ്ചിമാഫ്രിക്ക, തെക്കേ അമേരിക്ക, റഷ്യ, തായ്‌ലന്റ് പോലെയുള്ള രാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളായി പങ്കാളിയാവുന്നുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയാണ് ഒ.ഐ.സിയുടെ ആസ്ഥാനം.

ലോകത്തെ 1.5 ബില്യണിലധികുളള മുസ്‌ലിംകളെ ഉമ്മത്ത് എന്ന നിലയില്‍ ഒരൊറ്റ ശരീരമായി മാറ്റുന്നതിനും അവരെ പ്രതിനിധീകരിക്കുന്നതിനുമാണ് സംഘടന ശ്രമിക്കുന്നത്. മുസ്‌ലിംകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയിലെ സംഘട്ടനങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനും ഒ.ഐ.സി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും സംഘടന വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നുണ്ട്. അംഗരാജ്യങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍ നേരിടുക, അവര്‍ക്കിടയിലെ സമാധാനം-സുരക്ഷ എന്നിവ ഉറപ്പാക്കുക തുടങ്ങിയവ ഒ ഐ സിയുടെ പ്രധാന ലക്ഷ്യങ്ങളില്‍പെട്ടവയാണ്. കൂടാതെ ഫലസ്തീന്‍, അല്‍ ഖുദ്‌സ്, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, ശാസ്ത്ര സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, മതസൗഹാര്‍ദം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളും ഒ.ഐ.സിയുടെ പ്രധാന പ്രവര്‍ത്തന മേഖലകളാണ്. 

ഔദ്യോഗിക വെബ്‌സൈറ്റ്: https://www.oic-oci.org

Feedback
  • Friday Apr 4, 2025
  • Shawwal 5 1446