പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്തുള്ള യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹറൈന്‍, സുഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച രാജ്യാന്തര സഹകരണ സംഘടനയാണ് ജി.സി.സി അഥവാ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍. സുഊദി അറേബ്യയിലെ റിയാദ് നഗരമാണ് സംഘടനയുടെ ആസ്ഥാനം. 1981 മെയ് 25 നാണ് സംഘടന നിലവില്‍ വന്നത്.
ജി.സി.സി ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പുരോഗതിയും സൈനിക രാഷ്ട്രീയ സഹകരണവുമാണ് പ്രധാന ലക്ഷ്യങ്ങള്‍. മതം, ധനകാര്യം, വ്യാപാരം, ചരക്ക് കൈമാറ്റം, വിനോദസഞ്ചാരം, നിയമ നിര്‍മാണം, ഭരണം തുടങ്ങിയ കാര്യങ്ങളില്‍ സമാനമായ നിയമങ്ങള്‍ രൂപീകരിക്കുക, വ്യവസായ, മൈനിംഗ്, കാര്‍ഷിക, ജല, മൃഗ പരിപാലന മേഖലകളില്‍ ശാസ്ത്രീയവും സാങ്കേതികവുമായ പ്രോത്‌സാഹനം നല്കുക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, സംരംഭ പദ്ധതികള്‍ തുടങ്ങുക, ഏകീകൃത സൈന്യം, സ്വകാര്യ മേഖലയിലെ സഹകരണത്തിന് പ്രോത്‌സാഹനം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, അംഗ രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ കറന്‍സി സമ്പ്രദായം കൊണ്ടുവരിക തുടങ്ങിയവയാണ് ഉദ്ദേശ്യങ്ങള്‍.
സുപ്രീം കൗണ്‍സില്‍, മന്ത്രിതല കൗണ്‍സില്‍, തര്‍ക്ക പരിഹാര കമ്മീഷന്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന അധികാരമുള്ളത് സുപ്രീം കൗണ്‍സിലിനാണ്. അംഗരാജ്യങ്ങളുടെ തലവന്‍മാരാണ് ഇതിലുള്ളത്. എല്ലാ അംഗരാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാരോ പകരക്കാരായുള്ള മന്ത്രിമാരോ ചേര്‍ന്നതാണ് മന്ത്രിതല സമിതി.
ഔദ്യോഗിക വെബ്‌സൈറ്റ്: http://www.gcc-sg.org