സിഹ്‌റിന്ന് വല്ല യാഥാര്‍ഥ്യവുമുണ്ടോ?
മറുപടി: വാള്‍, കുന്തം, ബോംബ്, തോക്ക്, വിഷം, അഗ്‌നി, വെള്ളം, എണ്ണ, ഓക്‌സിജന്‍, കാര്‍ബണ്‍, സര്‍പ്പം, തേള്‍ മുതലായവയെ പോലെ സിഹ്‌റില്‍ യാഥാര്‍ഥ്യവും അസ്തിത്വവും ഇല്ല. സിഹ്ര്‍ വഞ്ചനയും ചതിയും കുതന്ത്രവുമാണ്. ചീര്‍പ്പും മുടിയും ഈത്തപ്പനക്കുലയും കിണറ്റില്‍ നിക്ഷേപിച്ചാല്‍ ഒരാള്‍ക്ക് ബുദ്ധി സ്ഥിരത നഷ്ടപ്പെടുത്തുക, ഇന്നത് ചെയ്താല്‍ രക്തം ഛര്‍ദ്ദിക്കുക, ഇന്നത് ചെയ്താല്‍ കാന്‍സര്‍ രോഗം ഉണ്ടാവുക, ഇന്നത് ചെയ്താല്‍ പ്രമേഹം ഉണ്ടാവുക എന്നിത്യാദി വിശ്വാസങ്ങളോ തത്ത്വങ്ങളോ ഇല്ല. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ത്താല്‍ വെള്ളം ഉണ്ടാകുന്നതു പോലെയല്ല ഇത്.
സിഹ്ര്‍ ചെയ്യുവാന്‍ ഇന്ന വസ്തു തന്നെ വേണമെന്ന തത്ത്വമില്ല. രാജ്യത്തിന്റെ മാറ്റമനുസരിച്ച് വസ്തുക്കളും മാറും. കേരളത്തില്‍ കോഴിമുട്ടയും തവളയും പാലമരത്തിലെ കഷ്ണവുമായിരിക്കും. ഗള്‍ഫ് നാടുകളില്‍ ഈത്തപ്പനയുടെ കുലയും മറ്റുമായിരിക്കും. വ്യക്തിയെ ഭയപ്പെടുത്തുവാന്‍വേണ്ടിയാണീ പണികള്‍ ചെയ്യുന്നത്.
സിഹ്ര്‍ എന്ന പരിപാടി നടക്കുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ സിഹ്‌റിന്ന് യാഥാര്‍ഥ്യവും അസ്തിത്വവും ഉണ്ടെന്ന് പറയല്‍ വിഡ്ഢിത്തമാണ്. പ്രേതബാധ ഉണ്ടെന്ന് വിശ്വസിക്കലും പ്രേതത്തെ ഒഴിവാക്കാന്‍ ചികിത്‌സയും നാട്ടില്‍ നടക്കുന്നുണ്ട്. അതിനാല്‍ പ്രേതബാധക്ക് യാഥാര്‍ഥ്യമുണ്ടെന്ന് വരികയില്ല. ജിന്നുബാധ സര്‍വ മതസ്ഥരുടെ ഇടയിലുമുണ്ട്. പ്രത്യേകിച്ച് അറബികളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍. പിശാചിനെ ഇറക്കിയുള്ള ചികിത്‌സയും നാട്ടില്‍ ഉണ്ട്. സിഹ്‌റ് ബാധയുണ്ടെന്ന് പറയുന്ന ഭൂരിപക്ഷം സിഹ്‌റില്‍ കാര്യകാരണബന്ധമായി പ്രവര്‍ത്തിക്കുന്നതു പിശാചാണെന്നും പറയുന്നു. അവരില്‍ ഒരാള്‍ പോലും സിഹ്ര്‍ കാര്യകാരണബന്ധത്തിന് അധീനമാണ് പക്ഷേ നമുക്ക് ആ കാരണം അറിയുകയില്ല എന്ന് പറഞ്ഞിട്ടില്ല. കാര്‍മേഘത്തില്‍ രാസവസ്തുക്കള്‍ ഇട്ടാല്‍ മഴ വര്‍ഷിക്കുന്നതു പോലെ, മഴ ലഭിക്കുവാന്‍ മമ്പുറം ജാറത്തില്‍ കൊടിയെടുത്തു ചുറ്റിയാല്‍ മഴ ലഭിക്കും എന്ന് വിശ്വസിക്കുന്നതും കാര്യകാരണ ബന്ധത്തിന്ന് അതീതമല്ല. അധീനമാണ്. പക്ഷേ കാരണം നമുക്ക് അറിയുകയില്ല എന്ന് ഇത്തരം വിശ്വാസമുള്ളവര്‍ക്ക് ഈ തത്ത്വപ്രകാരം പറയാവുന്നതാണ്. കാരണം മനുഷ്യരില്‍ ഒരാള്‍ക്കും അറിയാത്തതിനു തന്നെയാണ് കാര്യകാരണബന്ധത്തിന്ന് അതീതം എന്നു പറയുക.
തഅ്‌സീര്‍ (പ്രതിഫലനം/സ്വാധീനം) ഇല്ലാത്ത യാതൊന്നും ഇല്ല. വിശ്വാസത്തോടു കൂടി പുത്തന്‍പള്ളിയിലെ കിണറ്റിലെ വെള്ളം കുടിച്ചാലും അരവണ പായസം കഴിച്ചാലും പൊങ്കാല നടത്തിയാലും തഅ്‌സീര്‍ ഉണ്ടാകും. സിഹ്‌റില്‍ വിശ്വാസമുള്ളവന്ന് അത് ഫലിക്കും. ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. സിഹ്ര്‍ ചെയ്യുന്ന വസ്തുക്കളില്‍ നിന്ന് ഉണ്ടാകുന്നതല്ല.