Skip to main content

ബഹായിസം: തത്വങ്ങള്‍

കിതാബെ അഖ്ദസ് (പവിത്ര ഗ്രന്ഥം) ആണ് ബഹായി വേദഗ്രന്ഥം. ലോക സമാധാനമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. അതിന് ഇസ്‌ലാം, ക്രൈസ്തവ, യഹൂദ മതങ്ങള്‍ ഒരൊറ്റ മതത്തിന് കീഴില്‍ വരണം. ജീവിതത്തില്‍ വിലക്കുകള്‍ കാര്യമായൊന്നുമില്ല. നിഷിദ്ധമായി ഒന്നും തന്നെയില്ല.

പ്രവാചകന്മാരുടെ അത്ഭുത സിദ്ധികള്‍ (മുഅ്ജിസത്തുകള്‍) അംഗീകരിക്കുന്നില്ല. മലക്കുകള്‍, ജിന്നുകള്‍, അന്ത്യനാള്‍, സ്വര്‍ഗം, നരകം എന്നിവയെ നിഷേധിക്കുന്നു. അന്ത്യനാളിനെ (യൗമുല്‍ഖിയാമയെ തന്റെ ആഗമനമായാണ് ഹുസൈന്‍ അലി വ്യാഖ്യാനിച്ചത്. ചില ശീഈ ആചാരങ്ങളും (മുത്അ വിവാഹം പോലെ) ബഹായികള്‍ക്കുണ്ട്.

നമസ്‌കാരമായി, മയ്യിത്ത് നമസ്‌കാരം മാത്രമേയുള്ളൂ, സമ്പത്തിന്റെ പത്തിലൊന്ന് സകാത്തായി നല്‍കണം. ഇത് ഇവരുടെ കേന്ദ്രഫണ്ടിലേക്കാണ് നല്‍കേണ്ടത്, നോമ്പ് 19 ദിവസം മാത്രം (ബഹായി കലണ്ടറില്‍ ഒരു മാസം 19 ദിവസങ്ങളാണുള്ളത്). ഹജ്ജിന് കഅ്ബയില്‍ പോകണമെന്നില്ല. ഇദ്ദേഹവും അനുയായികളും താമസിക്കുന്ന വീടുതന്നെയാണ് ഖിബ്‌ല. ഇങ്ങനെ പോകുന്ന ബഹായി മത ആരാധന മുറകള്‍. 1892ല്‍ ഹുസൈന്‍ അലി വധിക്കപ്പെടുകയായിരുന്നു. ഫലസ്ത്വീനിലെ അക്‌റയിലാണ് ഖബറുള്ളത്. ഈ പട്ടണം ഇവരുടെ വിശുദ്ധ കേന്ദ്രമാണ്. അദ്ദേഹം മകന്‍ അബ്ദുല്‍ ബഹായെ പിന്‍ഗാമിയാക്കി.

ഇസ്‌റായിലിലെ ഹൈഫയാണ് ഇവരുടെ ആഗോളകേന്ദ്രം. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ക്ക് ക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യയിലും ബഹായി അനുയായികളുണ്ട്. ന്യൂഡല്‍ഹി, ബഹാപ്പൂര്‍-കല്‍ക്കാജിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോട്ടസ്  ടെമ്പിള്‍ ബഹായി ക്ഷേത്രമാണ്.

റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി ബഹായികള്‍ക്ക് അടുത്ത ബന്ധമാണ്. അബ്ദുല്‍ ബഹാക്ക് ബ്രിട്ടന്‍ 'സര്‍' പദവി നല്‍കിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം നിരത്തി ബഹായിസം ഒരു പാശ്ചാത്യ സൃഷ്ടിയാണെന്ന ആരോപണം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇറാനിലാണ് ഇവര്‍ കൂടുതലുള്ളത്.


 

Feedback
  • Friday Apr 18, 2025
  • Shawwal 19 1446