ഇസ്‌ലാമിക സമൂഹത്തിന്റെ കേന്ദ്രം പള്ളികളാണ്. നബി(സ്വ) മസ്ജിദുന്നബവിയാണ് തന്റെ പ്രബോധന-സാമൂഹിക-സാംസ്‌കാരിക-ഭരണ കാര്യങ്ങള്‍ക്കെല്ലാമുള്ള കേന്ദ്രമായി സ്വീകരിച്ചത്. കേരളത്തില്‍ മുസ്‌ലിംകള്‍ ആദ്യമായി കടന്നുവന്ന കൊടുങ്ങല്ലൂരിലും പള്ളി നിര്‍മിക്കപ്പെട്ടു. മുസ്‌ലിംകള്‍ ഉള്ള സ്ഥലങ്ങളിലെല്ലാം അവരുടെ മത കാര്യങ്ങളുടെ കേന്ദ്രം അതാതു പ്രദേശങ്ങളിലെ പള്ളികളാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് നിലവിലുള്ള മഹല്ല്(പ്രദേശം) അടിസ്ഥാനത്തിലാണ് മതപരമായ സമൂഹപ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച്ച ജുമുഅക്ക് വേണ്ടിയും നിത്യവും അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കു വേണ്ടിയും മാത്രമല്ല, സകാത്ത് ശേഖരണ വിതരണം, പെരുന്നാളാഘോഷം, വിവാഹം, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക കാര്യങ്ങള്‍ക്കെല്ലാം പള്ളി കേന്ദ്രമായി നില്ക്കുന്നു. വെള്ളിയാഴ്ച്ചയിലെ ജുമുഅ ഖുതുബ സമൂഹത്തിന് ധാര്‍മിക ബോധം വഹിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
പ്രമുഖവും പുരാതനവുമായ കേരളത്തിലെ ഏതാനും പള്ളികള്‍ മാത്രമാണിവിടെ പരിചയപ്പെടുത്തുന്നത്.