കേരളത്തിലെ പുരാതന പള്ളികളില്‍ ഒന്നാണ് കോഴിക്കോട് കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി. കേരളത്തില്‍ നിര്‍മാണത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മരം ഉപയോഗിച്ച പള്ളിയാണിത്. കല്ലിനേക്കാള്‍ മരമാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. നാലു നിലകളില്‍ ഉയര്‍ന്നു നില്ക്കുന്ന ഈ പള്ളിയുടെ നിര്‍മാണ വൈഭവം അത്ഭുതമുളവാക്കുന്നതാണ്. നാലു നിലകളിലും മരം കൊണ്ടുള്ള വണ്ണം കൂടിയ ബീമുകളും തൂണുകളും ഉണ്ട്. തട്ടുകള്‍ പലകകള്‍ നിരത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. മേല്ക്കൂരയും കഴുക്കോല്‍ കൂട്ടങ്ങളുമെല്ലാം അതിപുരാതന കേരളീയ വാസ്തുശൈലിയുടെ പ്രതാപത്തെ ഓര്‍മിപ്പിക്കുന്നുണ്ട്.
പള്ളിക്ക് ഏഴുനിലകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പണ്ട് പള്ളിയുടെ മുകളില്‍ കയറി നിന്നാല്‍ കോഴിക്കോട് പട്ടണം മുഴുവന്‍ കാണാമായിരുന്നത്രേ. പതിനാലാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നാഖൂദാ മിസ്‌കാല്‍ എന്ന അറബിപ്രമുഖനാണ് പള്ളി നിര്‍മിച്ചത്. ഇയാളുടെ പേരിലേക്ക് ചേര്‍ത്തിയാണ്മിസ്‌കാല്‍ പള്ളി എന്ന പേരു വന്നത്. നഹ കുടുംബക്കാരുടെ പൂര്‍വീകനാണ് ഇദ്ദേഹം.
കച്ചവടയാത്രയ്ക്കിടയില്‍ കപ്പലും ചരക്കും സുരക്ഷിതമായി തീരത്തണിയുവാന്‍ വേണ്ടി പട്ടണത്തില്‍ ഏറ്റവും വലിയ ഒരു പള്ളി പണിയുക നാഖുദാ മിസ്‌കാല്‍ നേര്‍ച്ച ചെയ്തതായിരുന്നു. പള്ളിയുടെ നിര്‍മാണ കാലഘട്ടം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ക്രി. 1346 ല്‍ ആറാം തവണ കോഴിക്കോട്ടെത്തിയ തനിക്ക് മടക്കയാത്രയ്ക്കു വേണ്ടി കപ്പലില്‍ സീറ്റു ശരിയാക്കി തന്നത് നാഖൂദാ മിസ്‌കാലാണെന്ന് ഇബ്നു ബത്തൂത്ത പറയുന്നുണ്ട്. അപ്പോള്‍ ഏകദേശം 1300 നും 1350 നും ഇടയിലായിരിക്കണം പള്ളി നിര്‍മാണം നടന്നതെന്ന് ഊഹിക്കാം.
പ്രസിദ്ധമായ 'കരിങ്കല്ലു കേസി'നു ശേഷം മിസ്‌കാല്‍ പള്ളി ചെറിയ വിഭാഗക്കാരുടെ ഖാദ്വി ആസ്ഥാനമായി. ചരിത്ര പണ്ഡിതനായ മുഹമ്മദ് ഖാദ്വി, മതപണ്ഡിതനായ മാമുക്കോയ ഖാദ്വി എന്നിവരെ ഖാദ്വിമാരായി അവരോധിച്ചത് ഈ പള്ളിയില്‍ വെച്ചാണ്.
വാസ്‌ഗോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ ആല്‍ബുക്കര്‍ക്ക് മുസ്‌ലിംകളെ തുരത്താന്‍ ആരംഭിച്ചു. 1510 ജനുവരി മൂന്നാം തിയ്യതി (915 റമദാൻ 22 ) വലിയ ഒരു സൈന്യത്തോടു കൂടി ആല്‍ബുക്കര്‍ക്ക് കല്ലായിപ്പുഴ വഴി പട്ടണത്തില്‍ പ്രവേശിക്കുകയും മുസ്‌ലികള്‍ക്കെതിരില്‍ ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ മിസ്‌കാല്‍ പള്ളി തീവെച്ചു നശിപ്പിച്ചു. അഞ്ഞൂറിലധികം വരുന്ന മുസ്‌ലിം-നായര്‍ പോരാളികള്‍ ഇവര്‍ക്കെതിരില്‍ പടപൊരുതി. ഒരുപാടാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെതീവെപ്പിന്റെ ചില മായാത്തപാടുകള്‍ ഇന്നും പള്ളിയുടെ മുകള്‍ ഭാഗത്തുണ്ട്.