Skip to main content

അല്‍ മസ്ജിദുല്‍ അഖ്‌സ്വാ

''നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് (ചിലത്) കാണിച്ചുകൊടുക്കാനായി, തന്റെ അടിമയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് ഒരു രാത്രികൊണ്ട് പ്രയാണം നടത്തിച്ചവന്‍ എത്ര പരിശുദ്ധന്‍. അതിന്റെ പരിസരത്തെ നാം അനുഗ്രഹിച്ചിരിക്കുന്നു'' (17: 1).

പുണ്യം കാംക്ഷിച്ച് തീര്‍ഥാടനം നടത്താന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നല്‍കപ്പെട്ട മൂന്ന് പള്ളികളില്‍ ഒന്നാണ് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വാ. അങ്ങേ അറ്റത്തെ പള്ളി; എന്നാണ് ഭാഷാര്‍ഥം. പ്രവാചകന്റെ(സ്വ) കാലത്ത്, മക്കയില്‍ നിന്ന് ഈ പള്ളിയിലേക്ക് ഒരു മാസത്തെ യാത്രാദൂരമുണ്ടായിരുന്നു. മാത്രമല്ല, അതിനപ്പുറത്ത് പള്ളികളുമുണ്ടായിരുന്നില്ല.

മസ്ജിദുല്‍ അഖ്‌സ്വാ ചരിത്രത്തിലിടം നേടാന്‍ പല കാരണങ്ങളുണ്ട്. ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിതമായ പള്ളിയാണിത്. സുലൈമാന്‍ നബി(അ) ഇത് പുതുക്കിപ്പണിതിട്ടുണ്ട്. നിരവധി പ്രവാചകന്മാരുടെ അനുഗൃഹീത സാന്നിധ്യം ഇതിന്റെ ചുറ്റിലുമുണ്ടായിരുന്നു. മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയും ഈ പള്ളി ഉള്‍പ്പെടുന്ന ബൈതുല്‍മുഖദ്ദസ് ആയിരുന്നു.

ഇസ്‌ലാമിക ചരിത്രത്തില്‍ പ്രധാന്യമുള്ള ഇസ്‌റാഅ് (നിശാ പ്രയാണം) മസ്ജിദുല്‍ അഖ്‌സ്വായിലേക്കാണ് നടന്നത്. അവിടെ രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചശേഷമാണ് നബി(സ്വ) ആകാശാരോഹണത്തിന്(മിഅ്‌റാജ്) പുറപ്പെട്ടത്.

അവകാശവാദങ്ങളുന്നയിച്ച് ക്രൈസ്തവരും ജൂതരും കൈേയറാന്‍ ശ്രമിച്ചപ്പോഴെല്ലാം ഈ അനുഗൃഹീത പ്രദേശം മുസ്‌ലിംകളെ കണ്ണീരണിയിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിച്ച ഈ പുണ്യമസ്ജിദ് മുസ്‌ലിംകളുടെ പുണ്യഭൂമി, അതങ്ങനെത്തന്നെ നിലനില്‍ക്കും.
 

Feedback