Skip to main content

വഹ്‌യ് (4-17)

ക്രിസ്താബ്ദം 610 റമദാനിലെ ഒരു രാത്രിയില്‍ ഹിറായില്‍ ഏകാന്ത ധ്യാനത്തില്‍ മുഴുകിയ മുഹമ്മദിന് മുന്നില്‍ ജിബ്‌രീല്‍ എന്ന മലക്ക് (മാലാഖ) പ്രത്യക്ഷപ്പെട്ടു. 'വായിക്കുക' - മാലാഖ ആവശ്യപ്പെട്ടു. എനിക്ക് വായിക്കാനറിയില്ല- മുഹമ്മദ് പറഞ്ഞു.

മാലാഖ അദ്ദേഹത്തെ അണച്ചുപിടിച്ചു. സഹിക്കാനാവുന്നതിന്റെ അപ്പുറമായിരുന്നു അത്. പിന്നെയും രണ്ടു പ്രാവശ്യം കൂടി മാലാഖ തന്റെ ആവശ്യവും മുഹമ്മദ് തന്റെ നിസ്സഹായതയും തുടര്‍ന്ന് ഗാഢാലിംഗനവും ആവര്‍ത്തിച്ചു. പിന്നീട് മാലാഖ ശുദ്ധമായ അറബിയില്‍ ഇങ്ങനെ ചൊല്ലിക്കൊടുത്തു.

''സ്രഷ്ടാവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. ഭ്രൂണത്തില്‍ നിന്ന് അവന്‍ മനുഷ്യനെ പടച്ചു. നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തതെല്ലാം അവന്‍ പഠിപ്പിച്ചു'' (ഖുര്‍ആന്‍ 96: 1-5)

മാലാഖയോടൊപ്പം മുഹമ്മദ് അതേറ്റുചൊല്ലി. ആ ഹൃദയത്തില്‍ അത് മുദ്രണം ചെയ്തു. മാലാഖ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്നറിയാതെ, അദ്ദേഹം പരിഭ്രമിച്ചു. വിറക്കാന്‍ തുടങ്ങി. ഗുഹയില്‍ നിന്ന് ഇറങ്ങി മാലഞ്ചെരുവിലൂടെ ഓടി. ഇടക്ക് നിന്ന് ആകാശത്തേക്ക് നോക്കി ആകാശം നിറഞ്ഞ് ആ രൂപം നില്ക്കുന്നു. ''മുഹമ്മദ് താങ്കള്‍ ദൈവദൂതനാകുന്നു.''

ഓട്ടം തുടര്‍ന്നു. വീട്ടിലെത്തി. ഖദീജയെ കണ്ടതോടെ അദ്ദേഹം പറയാന്‍ തുടങ്ങി ''എനിക്ക് പുതച്ചു തരൂ, പുതച്ചു തരൂ'' ഖദീജയും വിഹ്വലയായി. എന്നാല്‍ അവര്‍ ധൈര്യം വീണ്ടെടുത്തു. അദ്ദേഹത്തിന് പുതച്ചുകൊടുത്തു. അല്പസമയം കഴിഞ്ഞു. മനസ്സ് ശാന്തമായപ്പോള്‍ എഴുന്നേറ്റിരുന്ന് സംഭവിച്ചതെല്ലാം അദ്ദേഹം ഖദീജയോട് പറഞ്ഞു. പ്രിയ പത്‌നിയുടെ ആശ്വാസവാക്കുകള്‍ ആ ഹൃദയത്തില്‍ കുളിരായി പെയ്തിറങ്ങി.

നിജസ്ഥിതിയറിയാന്‍ പിതൃവ്യപുത്രനും ജ്ഞാനവയോധികനുമായ വറഖതുബ്‌നു നൗഫലിനടുത്തേക്ക് ഖജീയ ആളെ വിട്ടു. അദ്ദേഹം അറിയിച്ചു.''നിശ്ചയം, ഇത് ദിവ്യബോധനത്തിന്റെ മാലാഖ തന്നെ. പ്രവാചകന്‍ മൂസായിലേക്ക് വന്ന മാലാഖ. മുഹമ്മദ് ഈ ജനതയിലേക്കുള്ള ദൂതന്‍ തന്നെ. അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍.''

പിന്നീട് മുഹമ്മദ് നേരിട്ടും വറഖയെ കണ്ടു. അപ്പോഴദ്ദേഹം ഇതുകൂടി പറഞ്ഞു''ജനത നിന്നെ പുറത്താക്കും, നിന്നോട് യുദ്ധം ചെയ്യും. ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിന്നെ പിന്തുണക്കും'' മുഹമ്മദിന്റെ നെറ്റിയില്‍ ചുംബനമര്‍പ്പിച്ച് വറഖ ധൈര്യം പകര്‍ന്നു.

അതേ, ഇബ്‌റാഹീമിന്റെ പ്രാര്‍ഥനയും മൂസാ, ഈസാ തുടങ്ങിയ പ്രവാചകന്മാരുടെ സന്തോഷ വാര്‍ത്തയും മുന്‍വേദങ്ങളുടെ പ്രവചനങ്ങളുെം സഫലമാവുകയാണ്. പ്രവാചകനിരയിലെ അവസാനത്തെ കണ്ണിയെയും അല്ലാഹു തെരഞ്ഞെടുക്കുകയായിരുന്നു മുഹമ്മദിലൂടെ.

Feedback