''അങ്ങനെ നമ്മുടെ കല്പനവന്നു. ആ രാജ്യത്തെ നാം കീഴ്‌മേല്‍മറിക്കുകയും അട്ടിയട്ടിയായി ചുടുകട്ടകള്‍ നാം അവരുടെമേല്‍ വര്‍ഷിക്കുകയും ചെയ്തു. അവയില്‍ ഓരോ കല്ലും താങ്കളുടെ നാഥന്‍ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളില്‍ നിന്ന് ഒട്ടും വിദൂരമല്ല'' (11:82,83).
സമാനതയില്ലാത്ത വൃത്തികേടുകളില്‍ അഭിമരിച്ച സദൂം നിവാസികള്‍ക്ക് അല്ലാഹു നല്‍കിയ ശിക്ഷയും സമാനതയില്ലാത്തതുതന്നെ. ലോകാവസാനം വരെയുള്ളവര്‍ക്ക് ഗുണപാഠം നല്‍കി അത് ഇന്നും അവശേഷിക്കുന്നു. ചാവുകടല്‍ അഥവാ ഡെഡ് സീ.
ചാവുകടല്‍ എല്ലാ നിലയ്ക്കും ഒരു വിസ്മയമാണ്. സമുദ്രനിരപ്പില്‍ നിന്ന് 423 മീറ്റര്‍ (1300 അടിയോളം) താഴെയാണ് ചാവുകടല്‍. ഇതിന്റെ ലവണാശം ഇതര ജലാശയങ്ങളെക്കാള്‍ 8.6 മടങ്ങ് അധികമായതിനാല്‍ ഈ വെള്ളത്തില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല. ജലത്തിന്റെ ഉയര്‍ന്ന സാന്ദ്രത മൂലം ഇതില്‍ മനുഷ്യനുള്‍പ്പെടെയുള്ളവ പൊങ്ങിക്കിടക്കുകയും ചെയ്യും.
ദൈവത്തെ ധിക്കരിക്കുകയും ദൈവദൂതനായ ലൂത്വിനെ പരിഹസിക്കുകയും മാത്രമല്ല, വിഗ്രഹപൂജയും ലൈംഗികാരാജകത്വവും മുഖമുദ്രയാക്കുകയും ചെയ്തിരുന്നു സദൂമുകാര്‍. ഇന്നത്തെ ജോര്‍ദാന്‍, ഇസ്‌റാഈല്‍ എന്നിവ ഉള്‍പ്പെടുന്ന സ്വദ്ദ്, സന്‍ആ, സഅ്‌റ, അമൂറ, സദൂം എന്നീ പ്രദേശങ്ങളായിരുന്നു ഈ ജനതയുടെ ആവാസകേന്ദ്രങ്ങള്‍. ലൂത്വിന്റെ ജനതയുടെ ദുര്‍വൃത്തിയും അനുസരണക്കേടും അല്‍ അഅ്‌റാഫ് 80, ഹൂദ് 69, അല്‍ഹിജ്ര്‍ 51, അശ്ശുഅറാഅ് 160 തുടങ്ങി നിരവധി ഇടങ്ങളില്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്.
ഈ സമൂഹത്തെക്കൊണ്ട് ലൂത്ത് നബി പൊറുതിമുട്ടി. ഒരുനാള്‍ ലൂത്വി(അ)ന്റെ വീട്ടില്‍ സുന്ദരന്മാരായ യുവാക്കള്‍ രണ്ട് അതിഥികളായെത്തി. അവരുമായി ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടാനുള്ള ആഗ്രഹവുമായി ആ ജനത ലൂത്വിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. പ്രവാചകന്‍ അവരെ ഉപദേശിച്ചു, ഗുണദോഷിച്ചു, തടഞ്ഞു. പക്ഷേ, അവര്‍ അനുസരിച്ചില്ല. അദ്ദേഹം നിസ്സഹായനായി. എന്നാല്‍, ദുഷിച്ച ആ ജനത്തിനുമേല്‍ വര്‍ഷിക്കാനിരിക്കുന്ന ദൈവികശിക്ഷയെക്കുറിച്ച് മുന്നറിപ്പുനല്‍കാനെത്തിയ മാലാഖമാരാണ് ആ സുമുഖന്മാരായ യുവാക്കളെന്ന് പിന്നീട് ലൂത്വ്(അ) തിരിച്ചറിഞ്ഞു.
ആ രാത്രി, പുലര്‍ന്നപ്പോഴേക്കുതന്നെ ശിക്ഷയും വന്നു. അവിടെ ഒരു തരം വിഷക്കല്ലുകള്‍ വര്‍ഷിക്കപ്പെടുകയും പ്രദേശം കീഴ്‌മേല്‍ മറിക്കപ്പെടുകയും ചെയ്തു. ഈ ശിക്ഷയില്‍ അകപ്പെടാതെ ലൂത്വി(അ)നെയും വിശ്വാസികളെയും അല്ലാഹു രക്ഷിച്ചു.
ഇസ്‌റാഈലിന്റെയും ജോര്‍ദാനിന്റെയും ഇടയിലുള്ള ഈ തടാകം സദൂം നിവാസികളുടെ ദുരന്തസ്മാരകമാണ്. 67 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ നീളം. 18 കി.മീ വീതിയും 120 മീറ്റര്‍ മുതല്‍ 380 മീറ്റര്‍വരെ ആഴവുമുണ്ട്.
''അപ്പോള്‍ അതിന്റെ ഉയര്‍ന്ന സ്ഥലത്തെ നാം താഴ്ന്നതാക്കി'' എന്നാണ് ശിക്ഷയെപ്പറ്റിയുള്ള ഖുര്‍ആനിക പ്രയോഗം. സദൂം സമുദ്രനിരപ്പില്‍ നിന്ന് 653 അടി ഉയരത്തിലായിരുന്നു ഉണ്ടായിരുന്നത്. ശിക്ഷാനന്തരം ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 1300 അടിതാഴെയായി!!