നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രസക്തിയില്ലായിരുന്നു. നബി(സ്വ) വിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നു, വിശദീകരിച്ചു കൊടുക്കുന്നു.
ഖുര്‍ആനിന്റെ എക്കാലത്തെയും ഒന്നാമത്തെ വ്യാഖ്യാനം ഖുര്‍ആന്‍ തന്നെയാണ്. ഒരു വചനത്തെ വ്യാഖ്യാനിക്കുന്നത് മറ്റൊരു വചനമായിരിക്കും. ഉദാ: സൂറത്തുന്നിസാഇലെ വചനം 27: ''അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനുദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് (നിങ്ങള്‍ നേര്‍വഴിയില്‍ നിന്ന്) തെറ്റിപ്പോകണമെന്നാണ്''. ഈ വചനത്തില്‍ ആരെയാണുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുന്നത് ഈ സൂറത്തിലെ വചനം 44ലാണ്. ''വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ. അവര്‍ ദുര്‍മാര്‍ഗം വിലയ്ക്കു വാങ്ങുകയും നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു''.
രണ്ടാമത്തെ വ്യാഖ്യാനം പ്രവാചകന്റെ വിശദീകരണമാണ്. അറബികള്‍ക്ക് തങ്ങളുടെ ഭാഷാജ്ഞാനം കൊണ്ട് മനസ്സിലാകുന്നവ പ്രവാചകന്‍ വിശദീകരിച്ചിട്ടില്ല.
അല്ലാഹുവിന് മാത്രം അറിയുന്ന ഖിയാമത്ത് നാളിന്റെ സമയം, ആത്മാവിന്റെ യാഥാര്‍ഥ്യം തുടങ്ങിയവയും പ്രവാചകന്‍ വിശദീകരിച്ചിട്ടില്ല. അല്ലാഹു പ്രവാചകന് വ്യക്തമാക്കിക്കൊടുത്തിട്ടുള്ളവ മാത്രമേ അദ്ദേഹം ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തിട്ടുള്ളൂ. ഖുര്‍ആനില്‍ നിന്ന് നേര്‍ക്കുനേരെ ഗ്രഹിക്കാന്‍ കഴിയാത്തവ അദ്ദേഹം വിശദീകരിച്ചവയില്‍ ഉള്‍പ്പെടുന്നു. ഉദാഹരണം: 'കോപിക്കപ്പെട്ടവര്‍ ജൂതന്മാരും ശപിക്കപ്പെട്ടവര്‍ ക്രിസ്ത്യാനികളുമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു' (തിര്‍മിദി, അഹമ്മദ്). സൂറ. ഫാത്തിഹയിലെ ഏഴാം വചനത്തിന് നബി(സ്വ) നല്കിയ വ്യാഖ്യാനമാണിത്. സൂറ. അല്‍ ബഖറയിലെ വചനം 238ന്റെ വ്യാഖ്യാനമായി അദ്ദേഹം പറഞ്ഞു: 'സ്വലാത്തുല്‍ വുസ്ത്വാ എന്നു പറഞ്ഞാല്‍ അസര്‍ നമസ്‌കാരമാകുന്നു' (തിര്‍മിദി).