ലോകാവസാനം വരെയുള്ള മുഴുവന്‍ ജന സമൂഹങ്ങള്‍ക്കുമുള്ള ദൈവിക മാര്‍ഗദര്‍ശനമാണ് മുഹമ്മദ് നബി(സ്വ)യിലൂടെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍. ''മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്''(14:1). എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യയില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ അതിന്റെ പ്രഥമ സംബോധിതരുടെ ഭാഷയായ അറബിയിലാണ് അവതരിച്ചത്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പ്രബലമായ പുരാതന ഭാഷയാണ് അറബി. ഖുര്‍ആന്‍ പഠിച്ചും ചിന്തിച്ചുമാണ് ഇസ്‌ലാമിലേക്ക് മനുഷ്യര്‍ എത്തേണ്ടത് എന്നതിനാല്‍ അറബികളും അല്ലാത്തവര്‍ക്കും ഇതിന്റെ ആശയം മനസ്സിലാക്കാന്‍ അവസരമുണ്ടാകണം.
അറബി ഭാഷ അറിയാത്തവരായി ഒരു മഹാ ഭൂരിപക്ഷം ജനങ്ങളുണ്ടായിട്ടും അത് അവരവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ഇത്രയും നീണ്ടുപോകാനുള്ള കാരണങ്ങള്‍ പലതാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തെ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം വരുത്തുമ്പോള്‍ അതിന്റെ പവിത്രത ഹനിക്കപ്പെടുമെന്നും ആശയം ചോര്‍ന്നു പോകുമെന്നും ഗാംഭീര്യം നഷ്ടപ്പെടുമെന്നും ആളുകള്‍ ഇഷ്ടമുള്ളതുപോലെയെല്ലാം ദുര്‍വ്യാഖ്യാനിക്കുമെന്നും ഭക്തിയുടെ പേരില്‍ ചിലര്‍ ഭയപ്പെട്ടു. അറബി പഠിക്കല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണ്. പരിഭാഷകളിറങ്ങിയാല്‍ ജനങ്ങള്‍ അതിന്റെ പ്രാധാന്യം വിസ്മരിക്കുമെന്നായിരുന്നു മറ്റു ചിലരുടെ ന്യായം.
എന്നാല്‍ ഈ പറയപ്പെട്ട ന്യായങ്ങള്‍ക്കൊന്നും സാധുതയില്ല. കാരണം ഖുര്‍ആനിന് അറബി ഭാഷയില്‍ തന്നെ വിശദീകരണം കൊടുക്കുന്ന സമ്പ്രദായം നബി(സ്വ)യുടെ കാലംമുതല്‍ നിരാക്ഷേപം നടന്നുവരുന്നതാണ്. ഖുര്‍ആന്‍ വിവര്‍ത്തനം കൊണ്ടും അത്രമാത്രമേ അര്‍ഥമാക്കുന്നുള്ളൂ. കൂടാതെ അനറബിഭാഷകളില്‍ അതിന്റെ അര്‍ഥം പറയുന്നതും പ്രസംഗത്തില്‍ വിശദീകരിക്കുന്നതും അനുവദനീയമാണെങ്കില്‍ വരമൊഴിക്കു മാത്രം വിലക്കേര്‍പെടുത്തുന്നതിലും ന്യായമില്ല. അറബി പഠിക്കുന്നത് വളരെ പ്രധാനമാണെങ്കിലും, ഭാഷാ വൈവിധ്യങ്ങള്‍ അല്ലാഹുവിന്റെ സംവിധാനമാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിരിക്കെ, അത് നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഇസ്‌ലാമിക പ്രമാണങ്ങളിലെവിടെയും ഇതിനു തെളിവുകാണുക സാധ്യമല്ല. അതുമാത്രമല്ല, ഖുര്‍ആനിക ആശയം മുസ്‌ലിംകളല്ലാത്തവര്‍ക്കും പഠിക്കേണ്ടതുണ്ട്. അതിനായി അവരെ അറബി പഠിക്കാന്‍ നിര്‍ബന്ധിക്കുകയല്ല, വാക്കാലോ വരയാലോ ഖുര്‍ആനിക ആശയം അവരില്‍ എത്തിക്കുകയാണ് വേണ്ടത്. എഴുത്തും വായനയും വ്യാപകമായ ഇക്കാലത്ത് വാക്കാല്‍ എന്നതിനെക്കാള്‍ എളുപ്പവും വ്യാപകവും ഫലപ്രദവുമാകുന്നത് രചനയാണ്.
അറബി ഭാഷയുടെ അര്‍ഥവും ആഴവും മറ്റു ഭാഷകള്‍ക്ക് ലഭിക്കുകയില്ലെന്നത് ശരിയാണ്. വിവര്‍ത്തനമാകട്ടെ ഖുര്‍ആനിനു പകരമായി വായിക്കപ്പെടേണ്ടതോ അതിന്റെ പൂര്‍ണത അവകാശപ്പെടുന്നതോ അല്ല. വിശുദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം ചെയ്യുന്നതിന് ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ശരിയായ സത്യവിശ്വാസം ഉള്‍ക്കൊണ്ടിരിക്കണം, സ്വാര്‍ഥ താത്പര്യങ്ങളില്‍ നിന്ന് മുക്തനായിരിക്കണം, ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുണ്ടായിരിക്കണം, രണ്ടു ഭാഷകളിലും നിപുണനായിരിക്കണം എന്നിവ അതില്‍ പ്രധാനമാണ്. കൂടാതെ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് ആദ്യമായി തത്തുല്യ ഖുര്‍ആന്‍ വാക്യങ്ങള്‍കൊണ്ടും പിന്നീട് സഹീഹായ ഹദീസുകള്‍ കൊണ്ടും ഇതു രണ്ടും ലഭ്യമല്ലാത്ത സന്ദര്‍ഭത്തില്‍ സഹാബികളും താബിഉകളുമടക്കമുള്ള സലഫുസ്സ്വാലിഹുകളുടെ വിശദീകരണങ്ങളെ അധികരിച്ചുമായിരിക്കണം. ഇത്തരം നിയമങ്ങള്‍ പാലിക്കപ്പെടാത്ത ധാരാളം തഫ്‌സീറുകള്‍ മുസ്‌ലിംകളുടെതും ശത്രുക്കളുടെതുമായി ലോകത്തുണ്ട്, മലയാളത്തിലും. അവ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് മനുഷ്യരെ വഴിപിഴപ്പിക്കന്നുണ്ട്. അതിനെതിരെ സമൂഹത്തെ ജാഗ്രത്താക്കേണ്ടത് ശരിയായ പണ്ഡിതരുടെ ദൗത്യമാണ്. സത്യത്തില്‍ ഈ ഉത്തരവാദിത്ത ബോധമാണ് ഭക്തരായ മുസ്‌ലിംകളെ ഏറെ ശ്രമകരമായ വിവര്‍ത്തനത്തിലേക്കും വ്യാഖ്യാനത്തിലേക്കും നിര്‍ബന്ധിച്ച ഒരു പ്രധാന നിമിത്തം. ആദ്യകാല ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ മിക്കതും ഓറിയന്റിലിസ്റ്റുകളോ സ്വാര്‍ഥതാല്‍പര്യക്കാരോ ഇറക്കിയ ഖുര്‍ആന്‍ വിരുദ്ധ ആശയങ്ങളുള്ളതായിരുന്നല്ലോ.
ലോകത്ത് ആദ്യമായി ഖുര്‍ആനിന്റെ ഒരു അന്യഭാഷാ വിവര്‍ത്തനം നടന്നത് 1542ല്‍ ലാറ്റിന്‍ ഭാഷയിലാണ്. ഇന്ത്യയില്‍ വിരചിതമായ ആദ്യ ഖുര്‍ആന്‍ വിവര്‍ത്തനം ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ 'ഫത്ഹുര്‍റഹ്മാന്‍ ഫീ തര്‍ജമതി മആനില്‍ ഖുര്‍ആന്‍' ആണ്. 1738ല്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് ഇത് എഴുതപ്പെട്ടത്. ഇന്ന് ലോകത്ത് ഏതാണ്ടെല്ലാ ഭാഷകളിലുമായി അനുയായികളുടെതും പ്രതിയോഗികളുടെതുമായി വിശുദ്ധ ഖുര്‍ആനിന് നൂറുകണക്കിന് വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. ഒറ്റവാള്യം മുതല്‍ അഞ്ഞൂറു വാള്യം വരെയുള്ള ബൃഹദ് ഗ്രന്ഥങ്ങള്‍ ആ കൂട്ടത്തില്‍ ഉണ്ട്.
മലയാളത്തില്‍ കണ്ണൂരുകാരനായ പ്രസിദ്ധ പണ്ഡിതന്‍ മായിന്‍ കുട്ടി എളയയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 1870ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ തര്‍ജുമതു തഫ്‌സീരില്‍ ഖുര്‍ആന്‍ അറബി മലയാളം ലിപിയിലായിരുന്നു. മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചത് സി എന്‍ അഹ്മദ് മൗലവിയാണ്(1963). പിന്നീട് മുസ്‌ലിംകളും അല്ലാത്തവരുമായി ഗദ്യ പദ്യ ശൈലികളിലും അറബി മൂലമുള്ളതും അല്ലാത്തതും വിവര്‍ത്തനവും വിവരണങ്ങളുമെല്ലാമായി ഭാഗികമോ പൂര്‍ണമോ ആയ അറുപതിലേറെ വിവര്‍ത്തനങ്ങള്‍ ഇതിനകം പുറത്തിറങ്ങി. ഇതില്‍ ഏറെ ജനസ്വാധീനം നേടിയതും അഹ്‌ലുസ്സുന്നയുടെ പൂര്‍വസൂരികളായ വ്യാഖ്യാതാക്കളോട് നീതിപുലര്‍ത്തുന്നതുമായ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൗലവിയുടെ വിശ്രുതമായ 'വിശുദ്ധ ഖുര്‍ആന്‍ വിവരണം'.