Skip to main content

വിശുദ്ധ ഖുര്‍ആന്‍ വിവരണം

1963 ല്‍ പ്രസിദ്ധീകരണം തുടങ്ങിയതും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും ആധികാരികവുമായ ഖുര്‍ആന്‍ വ്യാഖ്യാനമാണ്  മുഹമ്മദ് അമാനി മൗലവിയുടെ 'വിശുദ്ധ ഖുര്‍ആന്‍ വിവരണം'. 

ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നത് വിലക്കപ്പെടുകയും അതൊരു മഹാപാതകമായി സമൂഹം കരുതുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അമാനി മൗലവിയുടെ വ്യാഖ്യാനം വെളിച്ചം കാണുന്നത്. ഒലവക്കോട്ടെ പൗരപ്രമുഖന്‍ കെ പി മുഹമ്മദ് സാഹിബ് കെ എം മൗലവിക്കയച്ച ഒരു കത്തില്‍ നിന്നാണ് ഈ മഹാസംരംഭത്തിന്റെ പിറവി. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും മലയാളത്തില്‍ പുറത്തിറക്കണമെന്നും സാമ്പത്തികമല്ലാത്തതിലെല്ലാം നേതൃത്വം നല്കണമെന്നുമായിരുന്നു കെ.എം മൗലവിയോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന. മൗലവി തന്റെ സുഹൃത്തുക്കളെ വിളിച്ചു കൂട്ടി. തികച്ചും പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ശൈലിയില്‍ ഒരു മലയാള തഫ്‌സീര്‍ ഗ്രന്ഥം എഴുതുവാന്‍ തീരുമാനിച്ചു. എ അലവി മൗലവി, പി കെ മൂസ മൗലവി, മുഹമ്മദ് അമാനി മൗലവി എന്നിവരെ രചനയ്ക്ക് ഉത്തരവാദിത്തപ്പെടുത്തി. കെ എം മൗലവി ഉപദേശം നല്കുകയും ചെയ്തു. 1960 സെപ്തംബര്‍ 7ന് കോഴിക്കോട് കല്ലായിയിലുള്ള കെ പി സഹോദരന്മാരുടെ തറവാട്ടില്‍ അരണ്ട റാന്തല്‍ വെളിച്ചത്തിനു മുമ്പില്‍ പ്രാര്‍ഥനയോടെ തുടക്കമിട്ട തഫ്‌സീര്‍ രചന 1985 വരെയുള്ള 25 വര്‍ഷം നീണ്ടു നിന്നു. പരിഭാഷയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന എ അലവി മൗലവിയും പി കെ മൂസ മൗലവിയും ഇതിനിടയില്‍ മരണപ്പെട്ടു. ഞെട്ടലോടെ കൈമലര്‍ത്തുന്നതിനു പകരം നെഞ്ചു വിരിച്ച് ആ നിയോഗം അമാനി മൗലവി ഏറ്റെടുത്തു. 1985 ല്‍ അവസാനത്തെ വാള്യവും പ്രസിദ്ധീകരിച്ചുകഴിഞ്ഞതോടെ അമാനി മൗലവി രോഗിയുമായി. മുഴുവന്‍ വാള്യങ്ങളും പുറത്തിറങ്ങിയത് കണ്‍നിറയെ കണ്ട് മനം നിറയെ അല്ലാഹുവിനെ സ്തുതിച്ച് ആ ഉന്നത ജീവിതം 1987 ല്‍ അസ്തമിച്ചു. 

രചനാ ശൈലി

പരിഭാഷയ്ക്ക് ഗ്രന്ഥകര്‍ത്താക്കള്‍ മഹത്തായ ഒരു മുഖവുര തയ്യാറാക്കിയിട്ടുണ്ട്. ഈ മുഖവുര തഫ്‌സീറിന്റെ ആഴം കുറിക്കുന്ന ഒരു മാപിനിയായി വര്‍ത്തിക്കുന്നത് കാണാം. ഗ്രന്ഥകര്‍ത്താക്കള്‍ സൂചിപ്പിക്കുന്നത് പോലെ വായനക്കാരില്‍ രണ്ട് തരക്കാരുണ്ടായിരിക്കും. ഒന്നോ രണ്ടോ ആവര്‍ത്തി വായിച്ച് തൃപ്തിയടയുന്നവരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്നവരും. രണ്ടാം വായനക്കാരെ ഉദ്ദേശിച്ചാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്. 

ഓരോ സൂറത്തിന്റെയും തുടക്കത്തില്‍ ആ സൂറത്തിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം തുടര്‍ന്ന് ഓരോ ആയത്തിന്റെയും ഒന്നിച്ചുള്ള പരിഭാഷ. ശേഷം ഓരോ വാക്കിന്റെയും അര്‍ഥം ശേഷം ആ വചനത്തിന്റെ വ്യാഖ്യാനം വിശദമായി പ്രതിപാദിക്കുന്നു. വാക്കര്‍ഥവും ആയത്തിന്റെ അര്‍ഥങ്ങളും നല്കുമ്പോള്‍ സ്വീകരിച്ചിട്ടുള്ള ബ്രാക്കറ്റിനകത്തെ ഉദ്ദേശ്യാര്‍ഥങ്ങള്‍ ഈ തഫ്‌സീറിന്റെ ഒരു പ്രത്യേകതയാണ്. വായനക്കാരന് ആശയക്കുഴപ്പമോ അവ്യക്തതയോ തെല്ലും ഉണ്ടാവുകയില്ല എന്നതാണ് ഈ ബ്രാക്കറ്റുകളുടെ മെച്ചം. വ്യാഖ്യാനങ്ങള്‍ക്കു പുറമെ ചില പ്രത്യേക വിഷയങ്ങളില്‍ നല്കിയിരിക്കുന്ന ദീര്‍ഘമായ വ്യാഖ്യാനക്കുറിപ്പുകളും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയത്രെ.

Feedback