1955 ലാണ് അറബി മലയാള ലിപിയില്‍ കെ ഉമര്‍ മൗലവി ഖുര്‍ആനിന്റെ വിശദമായ ഒരു വ്യഖ്യാനം തയ്യാറാക്കുന്നത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്നിറങ്ങിയ മുസ്‌ലിം സമൂഹവും അവരെ അത്തരം അന്ധതയില്‍ തളച്ചിടാനായി മഹദ്ഗ്രന്ഥങ്ങളെന്ന പേരിലുള്ള ചില കൃതികളുമായി പണ്ഡിതന്മാരും രംഗം കീഴടക്കിയ കാലത്താണ് ഖുര്‍ആന്‍ വിവര്‍ത്തനം ദൗത്യമായി ഏറ്റെടുക്കാന്‍ മൗലവി ധൈര്യം കാണിക്കുന്നത്. പവിത്രമെന്ന് വിശ്വാസികള്‍ കരുതുന്ന ഗ്രന്ഥത്തിന് വിരുദ്ധമായതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കിയാല്‍ സമൂഹം ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറുമെന്ന ചിന്തയാണല്ലോ പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംരംഭം തങ്ങളുടെ പ്രബോധനപ്രവര്‍ത്തനത്തിന്റെ മുഖ്യ ഭാഗമാക്കാന്‍ നവോത്ഥാന നായകരെ പ്രചോദിപ്പിച്ചത്. ഇതു തന്നെയാണ് ഈ പ്രയാസകരമായ കര്‍മം നിര്‍വഹിക്കാന്‍ മൗലവിയെയും പ്രേരിപ്പിച്ചത്. മുസ്‌ലിം സമൂഹം പൊതുവെയും അവരിലെ ഒരു വലിയ വിഭാഗം പണ്ഡിതന്മാര്‍പോലും മലയാള ലിപി എഴുതാനും വായിക്കാനും അറിയാത്തവരായിരുന്നു. അതിനാല്‍ ഖുര്‍ആനിന്റെ ആശയങ്ങള്‍ ഇത്തരക്കാരിലേക്കെത്തണമെങ്കില്‍ അവര്‍ക്കറിയാവുന്ന ലിപിയില്‍ തന്നെ ഗ്രന്ഥരചന നടക്കേതുന്നതിനാലാവണം അദ്ദേഹം അത് അറബിമലയാള ലിപിയില്‍ തയ്യാറാക്കിയത്.
നാനൂറു വീതം പേജുകളുള്ള ആറു വാള്യങ്ങളാണ് ഇതിനുള്ളത്. ആദ്യവാള്യം 1955ല്‍ പ്രസിദ്ധീകരിച്ചു. ബാക്കി അഞ്ചുവാള്യങ്ങള്‍ 1958, 1960, 1962, 1963, 1965 എന്നിങ്ങനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. പദത്തിന്റെ അര്‍ഥവും വിശദീകരണവുമുായിരുന്ന ഈ വിവര്‍ത്തനം പിന്നീട് വിശദീകരണം ഒഴിവാക്കി മലയാള ലിപിയില്‍ ഒറ്റ വാള്യത്തിലും പ്രസിദ്ധീകരിക്കുകയുായി. മരണത്തിനു മുമ്പായി, അത്യാവശ്യം വിവരണവും പുതിയ ദുര്‍വ്യാഖ്യാനങ്ങള്‍ക്കുള്ള മറുപടികളുമായി പരിഷ്‌കരിച്ച പതിപ്പ് തയ്യാറാക്കിയെങ്കിലും അത് മുദ്രണം ചെയ്തിരുന്നില്ല. മരണാനന്തരം അതിന്റെ പ്രസിദ്ധീകരണം നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്.
പൂര്‍വിക പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ത്വബ്‌രീ, ഇബ്‌നു കസീര്‍, ശൗകാനി റാസീ, സമഖ്ശരീ, സുയൂതി(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ തഫ്‌സീര്‍ രചിച്ചത്. അറബി മലയാള ലിപിയില്‍ അന്ന് വേറെയും ചില വ്യാഖ്യാനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഈ വ്യാഖ്യാനം വേറിട്ടു നില്ക്കുന്നത് അതിന്റെ ഇസ്‌ലാമിക അഖീദ(വിശ്വാസ സംഹിത)യുടെ അടിസ്ഥാനമായ ഏകദൈവാരാധനക്ക് (തൗഹീദിന്) നല്കിയ ഊന്നലാണ്. തൗഹീദീ പ്രബോധനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പണ്ഡിതനായിരുന്നു ഉമര്‍ മൗലവി. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനവും ആ ദൗത്യം തന്നെയാണ് പ്രധാനമായും നിര്‍വഹിച്ചത്. വിവിധ ആയത്തുകള്‍ വിശദീകരിക്കുന്നിടത്ത് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാന ലക്ഷ്യം വ്യക്തമാക്കാന്‍ അദ്ദേഹം ഏറെ തെളിവുകളും ലക്ഷ്യങ്ങളും കൊണ്ട് സമര്‍ഥിക്കുന്നുണ്ട്. ഇതിനെതിരായ ഇസ്തിഗാസ, തവസ്സുല്‍, നേര്‍ച്ചോത്‌സവങ്ങള്‍ പോലുള്ള മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായിരുന്ന അന്ധവിശ്വാസങ്ങളെയെല്ലാം സലക്ഷ്യം വിമര്‍ശിക്കാനും അത്തരക്കാര്‍ക്ക് മറുപടികൊടുക്കാനും മൗലവി ഈ ഖുര്‍ആന്‍ വ്യാഖ്യാനം ഉപയോഗിച്ചു.