Skip to main content

തര്‍ജുമതു തഫ്‌സീരില്‍ ഖുര്‍ആന്‍

മലയാള ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ വിവര്‍ത്തനമാണ് തര്‍ജമതു തഫ്‌സീരില്‍ ഖുര്‍ആന്‍. കണ്ണൂരുകാരനായ മുഹ്‌യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ എന്ന പ്രമുഖ പണ്ഡിതനാണ് ഇതിന്റെ കര്‍ത്താവ്. അറബിയിലെ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളായ തഫ്‌സീറുത്വബ്‌രിയുടെയും തഫസീറുല്‍ ജലാലൈനിയുടെയും ഏകദേശ വിവര്‍ത്തനം എന്നരൂപത്തിലാണ് ആറു വാള്യങ്ങളും മുപ്പതു ഭാഗങ്ങളുമായി വിഭജിച്ച ഈ ഗ്രന്ഥം അദ്ദേഹം രചിച്ചത്. ഹിജ്‌റ വര്‍ഷം 1272നും 1287നും ഇടയിലാണ് ഇതിന്റെ രചന നടക്കുന്നത്. ഹി. 1289 അഥവാ ക്രിസ്തു വര്‍ഷം 1870ലായിരുന്നു ഇതിന്റെ ആദ്യ മുദ്രണം നടന്നത്.

തലശ്ശേരിയിലെ പ്രമുഖ കേയി കുടുംബത്തിലെ ചൊവ്വരക്കാരന്‍ വലിയപുരയില്‍ അംഗമായ വ്യാപാരിയായിരുന്ന അബ്ദുല്‍ ഖാദിറാണ് പിതാവ്. വിജ്ഞാന തല്പരനായ പിതാവ് വലിയ പണ്ഡിതരെ വീട്ടില്‍ താമസിപ്പിച്ചായിരുന്നു മകന്‍ മുഹ്‌യുദ്ധീന് വിദ്യാഭ്യാസം നല്കിയിരുന്നത്. അങ്ങനെയാണ് അദ്ദേഹം തലശ്ശേരി ഖാസി മുഹമ്മദ് മുസ്‌ല്യാരുടെ പ്രധാന ശിഷ്യനാകുന്നത്. വിജ്ഞാന കുതുകിയായ അദ്ദേഹം തഫ്‌സീര്‍, ഫിഖ്ഹ്, കവിത തുടങ്ങിയ മേഖലകളിലെല്ലാം അഗാധമായ അറിവുനേടിയെടുത്തു. കണ്ണൂരിലെ അറക്കല്‍ രാജകുടുംബത്തില്‍ നിന്നായിരുന്നു വിവാഹം കഴിച്ചത്. ഇതിനു ശേഷമാണ് അദ്ദേഹം മായിന്‍ കുട്ടി എളയാ അല്ലെങ്കില്‍ എളയാവ് എന്ന പേരില്‍ അിറയപ്പെട്ടു തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് താമസിക്കാനായി മക്കയില്‍ നിര്‍മിതമായ കേയീ റുബാത്ത് സ്ഥാപിച്ചത് ഇദ്ദേഹമാണ്.

ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത് പാപമായി കരുതിയിരുന്ന സമൂഹത്തിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം വലിയ കോളിളക്കമുണ്ടാക്കി. പരിഭാഷയുടെ കൈയെഴുത്തു പ്രതി പുറത്തു വന്നതോടെ യാഥാസ്ഥിതികരുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുകളുണ്ടായി. കൈയെഴുത്ത് പ്രതി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. നാട്ടില്‍ പ്രധാന പണ്ഡിതനായി അറിയപ്പെട്ടിരുന്നതിനാലും തന്റെയും ഭാര്യയുടെയും കുടുംബത്തിന്റെ ബലത്താലും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് തന്റെ പ്രവര്‍ത്തനവുമായി പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. ശമ്പളം നല്കി പണ്ഡിതരെ തന്റെ വീട്ടില്‍ താമസിപ്പിച്ചായിരുന്നു അദ്ദേഹം വിവര്‍ത്തനം എഴുതി പൂര്‍ത്തിയാക്കിയത്. പിന്നീട് അറക്കല്‍ കൊട്ടാരത്തിനടുത്ത് അദ്ദേഹം ഒരു പ്രസ്സ് സ്ഥാപിക്കുകയും അതില്‍ നിന്ന് ആദ്യ വാള്യം അച്ചടിക്കുകയുംചെയ്തു. നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് ഏറെ ശ്രമകരവും ശ്ലാഘനീയവുമായ ഈ ഗ്രന്ഥത്തിന്റെ മുഴുവന്‍ വാള്യങ്ങളുടെയും രചനയും മുദ്രണവും പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ ധാരാളം കോപ്പികള്‍ അദ്ദേഹം വിവിധ തറവാടുകളിലേക്ക് സൗജന്യമായി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിവര്‍ത്തനം സമൂഹത്തില്‍ വലിയ വിപ്ലവമാണ് സാധിച്ചത്. നൂറ്റാണ്ടുകളായി പാപമെന്നു കരുതിപോന്നിരുന്ന ഒരു കാര്യം അങ്ങനെയല്ലെന്ന് സമൂഹത്തെയും പണ്ഡിതന്മാരെയും ചിന്തിപ്പിക്കാന്‍ ഈ ശ്രമം മൂലം സാധിച്ചു. ഈ വിവര്‍ത്തനമാണ് പിന്നീടു വന്ന എല്ലാ വിവര്‍ത്തകര്‍ക്കും ധൈര്യവും പ്രചോദനവുമായത്.

മലയാളത്തിലായിരുന്നെങ്കിലും ഈ ഗ്രന്ഥത്തിന്റെ ലിപി അറബി മലയാളമായിരുന്നു. മലയാള ഭാഷ നരകഭാഷയാണെന്ന അന്ധവിശ്വാസം പ്രചരിച്ച മുസ്‌ലിം സമൂഹം അതിനു പരിഹാരമായി നിര്‍മിച്ചതായിരുന്നു അറബി അക്ഷരങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഈ ലിപി. പരിഭാഷ പുറത്തിറങ്ങുന്ന കാലത്ത് അക്ഷരജ്ഞാനം സിദ്ധിച്ചവര്‍ തന്നെ വളരെ വിരളമായിരുന്നു. അവരില്‍ മലയാള അക്ഷരങ്ങള്‍ അറിയുന്നവര്‍ തീരെ ഇല്ലെന്നു തന്നെ പറയാം. കൂടാതെ മലയാളം നരകത്തിലാണെന്ന അന്ധവിശ്വാസവും സമൂഹത്തില്‍ വേരുറച്ചിരുന്നു. അതിനാല്‍ അക്കാലത്തു നടന്ന മുസ്‌ലിം രചനകളെല്ലാം അറബി മലയാള ലിപിയിലായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ പരിഭാഷ എന്നതിലുപരി ആശയങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതും ജ്ഞാന സമൃദ്ധവുമായിരുന്നു ഇളയായുടെ പരിഭാഷ. എന്നാല്‍ ഇത് സമൂഹത്തിന് വേണ്ടത്ര ഉപകരാപ്പെടാതെ പോയി. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ലിപി തന്നെയാണ്. അതു പ്രസിദ്ധീകരിക്കപ്പെട്ട കാലത്തെ മുസ്‌ലിംകളില്‍ വളരെ കുറച്ചുപേര്‍ക്കേ അത് അറിയാമായിരുന്നുള്ളൂ. ഹറാം ഫത്‌വ നിലനിന്നതിനാല്‍ അവരില്‍ മിക്ക ആളുകള്‍ക്കും അത് ഉപയോഗപ്പെട്ടില്ല. മുസ്‌ലിം സമൂഹം പഠനവഴിയില്‍ മുന്നോട്ടു വന്നപ്പോഴേക്കും അറബി മലയാളം ലിപിയുടെ പ്രചാരം കുറയുകയും ചെയ്തു. ഇന്നത് വേദ ഭാഷ എന്ന നിലയില്‍ ഹൈന്ദവ സമൂഹത്തില്‍ സംസ്‌കൃതം സംരക്ഷിക്കപ്പെടുന്നപോലെ മുസ്‌ലിം സമൂഹത്തിലെ വളരെ കുറഞ്ഞ ആളുകള്‍ എന്തോ പവിത്രത കരുതി സൂക്ഷിച്ചു പോരുന്നു. അതിനെ മുന്നോട്ടു കൊണ്ടുവന്ന മലയാള ഭാഷാ വിരുദ്ധതാ പ്രചാരകരുടെ പേരമക്കള്‍ക്കുപോലും ഇന്ന് ആ ലിപി പരിചയമില്ല, അവരുടെ മദ്‌റസാ പാഠപുസ്തകങ്ങള്‍ പോലും കാലത്തിനനുസരിച്ച് യുക്തമായ മാറ്റം എന്നനിലയില്‍ ആ ലിപി ഉപേക്ഷിച്ചിരിക്കുന്നു.

ഇളയായുടെ ഖുര്‍ആന്‍ വിവര്‍ത്തനം ഫലപ്രദമാകാതെ പോയതിന്റെ മറ്റൊരു കാരണം അതില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് പുരാതന മലയാളമാണെന്നതാണ്. സംസ്‌കൃതവും തമിഴുമെല്ലാം ഇഴചേര്‍ന്ന ഏറെ അപരിഷ്‌കൃതമായ  അന്നത്തെ മലയാളം ഇന്നത്തെ മലയാളാധ്യാപകര്‍ക്കുപോലും സുഗ്രാഹ്യമല്ലല്ലോ. ആ തര്‍ജമയിലെ ഒരു ഭാഗം ഇങ്ങനെയാണ്. ''വൊരുകുറ്റം ചെയ്‌തെ തടിചുമക്കയില്ലാ ബേറെവൊരു തടിന്റെ കുറ്റത്തിനെ. പിന്നെ നിങ്ങളെ റബ്ബിനെ കൊള്ളയായിരിക്കും നിങ്ങള്‍ക്കുള്ളെ മടങ്ങും താനും. നിങ്ങള്‍ അമല്‍ ചെയ്യുന്നോല് ആയിരിന്നിരിന്നു. അങ്ങനത്തെയൊവൊന്നുകൊണ്ടു നിങ്ങളോട് അവന്‍ ബിശയം അറിവിക്കുന്നദു മൂലം. നുച്ചിയം തന്നെ അല്ലാഹുയാകുന്നത് അറിയുന്നോനായിരിക്കും. ഖല്‍ബുകളിന്റെ അകത്തുള്ളയൊവൊന്നുകൊണ്ടു ഒക്കെയും.''(വിശുദ്ധ ഖുര്‍ആന്‍ 39:7). 

''ഇദാകുന്നതാക ബര്‍കത്താക്കപ്പെട്ട കിതാബായിരിരിക്കും. അദിന നമ്മള്‍ ഇറക്കിയിരിക്കുന്നു. മുഹമ്മദേന്ന നബിയേ, തങ്ങളെക്കൊള്ളെ അദയെന്തിന്? അദിന്റെ ആയത്തുകളെ അവല ഉറുദി ബിജാരിക്കുവാന്‍ വേണ്ടി. അഖല്‍ ഉടയോല ഉറുദി പെറുവാന്‍ വേണ്ടിയും യെന്നയെന്ത?''(38:29).

Feedback