Skip to main content

ഖന്‍സാഅ്(റ)

ബനൂത്വയ്യ് ഗോത്രക്കാര്‍ ഇസ്‌ലാം സ്വീകരിച്ചു. അദിയ്യുബ്‌നുഹാതിമി(റ)ന്റെ നേതൃത്വത്തില്‍. അവരില്‍ നിന്നുള്ള സംഘം തിരുനബിയെ കാണാന്‍ വന്നു. സംസാരത്തിനിടെ അദിയ്യ്(റ) പറഞ്ഞു.

''ദൂതരേ, ജനങ്ങളിലെ ഏറ്റവും വലിയ ഉദാരനും വാഗ്മിയും കവിയും ഞങ്ങളില്‍ നിന്നുള്ളവരാണ്.''

''അവര്‍ ആരൊക്കെയെന്ന് കേള്‍ക്കട്ടെ.''  

എന്റെ പിതാവ് ഹാതിമുബ്‌നു സഅ്ദാണ് ഉദാരന്‍. വാഗ്മി അംറുബ്‌നു മഅ്ദീകരിബും കവി പുംഗവന്‍ ഇംറുഉല്‍ഖൈസും.'' അദിയ്യ് പറഞ്ഞു.

''എന്നാല്‍ അദിയ്യേ അങ്ങനെയല്ല.'' നബി(സ്വ) തുടര്‍ന്നു. ''ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ മുഹമ്മദ് (സ്വ)ആണ്. വാഗ്മി അലിയ്യുബ്‌നു അബീത്വാലിബാണ്, കവി ഖന്‍സാഅ് ബിന്‍ത് അംറും.''

ഖന്‍സാഅ് അജ്ഞാനയുഗത്തില്‍ നബിക്ക് ഭീഷണിയുയര്‍ത്തി. ഇസ്‌ലാമിന്റെ വെള്ളിവെളിച്ച ത്തിലെത്തിയപ്പോള്‍ പ്രവാചകന്‍ അവര്‍ക്ക് നല്‍കിയ പദവി ജനങ്ങളിലെ മികച്ച കവയിത്രി എന്നതായിരുന്നു. ഹസ്സാനുബ്‌നുസാബിത്തും അബ്ദുല്ലാഹിബ്‌നുറവാഹയും ജീവിച്ചിരിക്കെയാണ് തിരുദൂര്‍ അവര്‍ക്ക് ഈ സ്ഥാനപ്പേര് നല്‍കിയത്.

നജ്ദിലെ ബനൂസുലൈം ഗോത്രത്തില്‍ അംറുബ്‌നുല്‍ ഹാരിസിന്റെ മകളായി ക്രിസ്തുവര്‍ഷം 575ല്‍ ജനിച്ചു. തുമാളര്‍ ബിന്‍ത് അംറ് എന്ന് യഥാര്‍ഥപേര്. സുന്ദരമായ മുഖത്ത് പതിഞ്ഞ മൂക്കായ തിനാല്‍ ഖന്‍സാഅ് എന്ന പേര് വന്നു. ഇസ്‌ലാം സ്വീകരിക്കുകയും നാല് ആണ്‍മക്കള്‍ ഒരേ യുദ്ധത്തില്‍ രക്തസാക്ഷികളാവുകയും ചെയ്തതിനാല്‍ പില്ക്കാലത്ത് (രക്ഷസാക്ഷികളുടെ മാതാവായ കവയിത്രി' (ശാഇറത്തു ഉമ്മുശ്ശുഹദാഅ്) എന്നും അറിയപ്പെട്ടു. ക്രുസ്തുവര്‍ഷം 645ല്‍ എഴുപതാം വയസ്സില്‍ നിര്യാതയായി.

ഖന്‍സാഅ്(റ) സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. ബാല്യവും കൗമാരവും ചെലവിടുന്നത് ഹരിതാഭവും ശാലീനസുന്ദരവുമായ ഗ്രാമ പശ്ചാത്തലത്തിലാണ്. അരുവികളും മേഞ്ഞു നടക്കുന്ന കാലികളും ഖന്‍സാഇന്റെ ഭാവനകളെ ഉണര്‍ത്തി. കൊച്ചുകൊച്ചു കവിതകള്‍ ചൊല്ലി അവള്‍ മെല്ലെ കാവ്യലോകത്തേക്ക് ചിറകുവിരിച്ചുയര്‍ന്നു.

അക്കാലത്തെ പ്രമുഖനായ ദുറൈദുബ്‌നുസ്സിമ്മ ഖന്‍സാഇനെ വിവാഹാലോചന നടത്തിയെങ്കിലും അവര്‍ വിസമ്മതിച്ചു. പിന്നീട് പിതൃവ്യപുത്രന്‍ റവാഹയെയും, ആ ബന്ധം പിരിഞ്ഞപ്പോള്‍ മറ്റൊരു പിതൃവ്യപുത്രന്‍ മുറാദിസിനെയും വിവാഹം ചെയ്തു. ഇതിലാണ് യസീദ്, മുആവിയ, അംറ്, ദംറത്ത് എന്നീ ധീരരായ മക്കള്‍ പിറന്നത്. 

കാവ്യലോകത്തേക്ക്

ബനൂഅസദുകാര്‍ക്കെതിരായ യുദ്ധത്തില്‍ ഖന്‍സാഇന്റെ സഹോദരങ്ങളായ സഖ്ര്‍, മുആവിയ എന്നിവര്‍ വധിക്കപ്പെട്ടു. ദു:ഖം ഘനീഭവിച്ച ഖന്‍സാഅ് അവര്‍ക്കായി രചിച്ച കാവ്യങ്ങള്‍ അതിപ്രശസ്തങ്ങളായി. അക്കാലത്തെ മികച്ച കവികള്‍ അവരുടെ വരികളെ പ്രശംസിച്ചു. സഹോദരങ്ങളെക്കുറിച്ച ഓര്‍മയില്‍ വര്‍ഷങ്ങളോളം അവര്‍ കണ്ണീര്‍ ജീവിതം നയിച്ചു.

ഹിജ്‌റ വര്‍ഷം എട്ടിലാണ് അവരുടെ ഗോത്രമായ ഉമ്മു സുലൈമുകാര്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. മക്കാ വിജയത്തിനുള്ള ഒരുക്കത്തിനിടെയായിരുന്നു അവരുടെ ഇസ്‌ലാമാശ്ലേഷം. ഖന്‍സാഉം നാലുമക്കളും പിന്നീട് ഇസ്‌ലാമിന്റെ തണലിലായി. അങ്ങനെ ജാഹിലിയ്യത്തിലും ഇസ്‌ലാമിലും ജീവിച്ച കവയിത്രി കൂടിയായി ഈ മഹതി. തിരുനബി അവര്‍ക്ക് അര്‍ഹമായ പദവി നല്‍കി ആദരിച്ചു.

ജാഹിലിയ്യത്തിലെ അതിരും പതിരും അറിയാത്ത കാവ്യഭാഷയെ അവര്‍ അപ്പാടെ വിശുദ്ധ ഖുര്‍ആനിലേക്ക് പറിച്ചുനട്ടു. അങ്ങനെ ഖന്‍സാഅ് മറ്റൊരു കവയിത്രിയായി പരിണമിക്കുക യായിരുന്നു.

അക്കാലത്തെ മഹാകവി ജരീറിനോട് ഒരാള്‍ ചോദിച്ചു. ''ആരാണ് ഏറ്റവും നല്ല കവി?'' അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

''ഞാന്‍ തന്നെ, ഖന്‍സാഅ് ഇല്ലായിരുന്നുവെങ്കില്‍''.

മുസ്‌ലിമായ ശേഷം ഖലീഫ ഉമര്‍(റ) അവരോട് ചോദിച്ചു. 

''ഖന്‍സാഅ്(റ)ന്റെ മിഴികളെ കൂടുതല്‍ മുറിവേല്‍പ്പിച്ചത് എന്താണ്?''

ഖന്‍സാഅ്(റ): മുഇറിലെ നേതാക്കള്‍ക്കുവേണ്ടി ഞാന്‍ കരഞ്ഞത്

ഉമര്‍(റ): ''അവര്‍ നരകത്തിലല്ലോ''

ഖന്‍സാഅ്(റ): ''സഖ്‌റിന്റെ ജീവനുവേണ്ടി ഞാന്‍ കരഞ്ഞിരുന്നു. എന്നാല്‍ അവന്‍ നരകത്തിലായതിന്റെ പേരിലാണ് ഞാനിന്ന് കരയുന്നത്''

ഖാദിസിയ്യ യുദ്ധം ഖന്‍സാഅ്(റ)ന്റെ ജീവിതത്തിലെ വലിയ ദുരന്തമായിരുന്നു. എന്നാല്‍ അവരതിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ ആശ്രയമായിരുന്ന നാലുമക്കളെയും (യസീദ്, മുആവിയ, അംറ്, ദ്വംറത്ത്) അവര്‍ പേര്‍ഷ്യന്‍ ഹുങ്കിനെതിരെ പടപൊരുതാനയച്ചു. അവരും സൈന്യത്തെ പിന്തുടര്‍ന്നു. മക്കളെ യാത്രയാക്കുമ്പോള്‍ ആ മാതാവ് നല്‍കുന്ന ഉപദേശം ചരിത്രത്തില്‍ എക്കാലത്തും ആവേശദായകമായിരുന്നു.

യുദ്ധം അവസാനിച്ചപ്പോള്‍ അവര്‍ കേട്ടത് മക്കള്‍ നാലുപേരും രക്തസാക്ഷികളായ വിവരമാണ്. അവര്‍ കരഞ്ഞില്ല. പകരം കൈകള്‍ ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു:

''നാല് രക്തസാക്ഷികളുടെ ഉമ്മയാക്കി എന്നെ അനുഗ്രഹിച്ച അല്ലാഹൂവിനാകുന്നു സ്തുതികളെല്ലാം. അവന്റെ കാരുണ്യത്തില്‍ അവരോടൊപ്പം എന്നെയും അവന്‍ ചേര്‍ക്കട്ടെ.'' 

Feedback
  • Monday Nov 25, 2024
  • Jumada al-Ula 23 1446