Skip to main content

സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്വലിബ്(റ)

മകന്‍ അബ്ദുല്ലക്ക് ഇണയെ തേടിയിറങ്ങിയതായിരുന്നു അബ്ദുല്‍മുത്വലിബ്. എത്തിപ്പെട്ടത് ഖുസ്വയ്യിന്റെ സഹോദരന്‍, സുഹറ ഗോത്രത്തലവന്‍ വഹബിന്റെ വീട്ടില്‍. വഹബ് മരിച്ചു പോയിരുന്നു. മകള്‍ ആമിന, വഹബിന്റെ സഹോദരന്‍ വുഹൈബിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. വുഹൈബിനുമുണ്ടായിരുന്നു ഒരു പുത്രി, ഹാല. ആമിനയെ മകനുവേണ്ടി അന്വേഷിച്ച അബ്ദുല്‍മുത്വലിബ് ഹാലയെ തനിക്കു വേണ്ടിയും ആലോചിച്ചു. വുഹൈബ് രണ്ടിനും സമ്മതിച്ചു. അങ്ങനെ ക്രിസ്തുവര്‍ഷം 569ല്‍ അബ്ദുല്‍ മുത്വലിബ് ഹാലയെയും മകന്‍ അബ്ദുല്ല ആമിനയെയും ജീവിത സഖിമാരാക്കി.

ഈ ഹാലയിലാണ് അബ്ദുല്‍മുത്വലിബിന് സ്വഫിയ്യ പിറന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവാളേന്തിയ പ്രഥമ അശ്വഭടന്‍ സുബൈറിന്റെ ഉമ്മ സ്വഫിയ്യ(റ).

അബൂസുഫ്‌യാനുബ്‌നി ഹര്‍ബിന്റെ സഹോദരന്‍ ഹാരിസുബ്‌നി ഹര്‍ബാണ് സ്വഫിയ(റ)യെ ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നബി പത്‌നി ഖദീജ(റ)യുടെ സഹോദരന്‍ അവ്വാമുബ്‌നു ഖുവൈലിദ് വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സുബൈറുബ്‌നുല്‍ അവ്വാം പിറക്കുന്നത്. അധികം വൈകാതെ ഭാര്യയെയും മകനെയും തനിച്ചാക്കി അവ്വാം യാത്രയായി.

പരസ്യപ്രബോധനവുമായി രംഗത്തിറങ്ങിയ നബി തന്റെ കുടുംബത്തെ മലഞ്ചെരിവിലേക്ക് വിളിച്ചു കൂട്ടിയപ്പോള്‍ അക്കൂട്ടത്തില്‍ സ്വഫിയ്യയുമുണ്ടായിരുന്നു. അബൂലഹബ് ശപിച്ചെങ്കിലും സ്വഫിയ്യ സത്യം ഉള്‍ക്കൊണ്ടു. മകന്‍ സുബൈറിനെയും കൗമാര പ്രായത്തില്‍  തന്നെ നബി(സ്വ)യുടെ സഹായിയാക്കി. അമ്പെയ്ത്തും കുതിര സവാരിയും മറ്റ് ആയോധന മുറകളും അവനെ പഠിപ്പിക്കുകയും ചെയ്തു.

മദീന ഹിജ്‌റയില്‍ പങ്കെടുത്ത അവര്‍ ദൈവമാര്‍ഗത്തിലെ എല്ലാ വിളികള്‍ക്കും ഉത്തരം നല്‍കി. ഉഹ്ദ് യുദ്ധത്തില്‍ സ്വന്തം സഹോദരന്‍ ഹംസ(റ)യുടെ വികൃതമാക്കപ്പെട്ട മൃതശരീരം നേരിട്ടു കണ്ടു. എന്നാല്‍ ക്ഷമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് സ്വഫിയ്യ(റ) ചെയ്തത്. ഖന്‍ദഖ് യുദ്ധത്തിലും സ്വഫിയ്യ സേവനനിരതയായി.

തിരുമേനിയും മുസ്‌ലിംകളും യുദ്ധത്തിനായി മദീന വിട്ടുപോകുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് കാവല്‍ നിന്നിരുന്നത് പലപ്പോഴും സ്വഫിയ്യ(റ)യായിരുന്നു. ഒരിക്കല്‍ ഒരു ജൂതചാരനെ അവര്‍ ഒറ്റക്ക് കീഴ്‌പ്പെടുത്തി.

കവയിത്രിയുമായിരുന്നു അവര്‍. തിരുനബിയെക്കുറിച്ച് വിലാപകാവ്യം രചിച്ചിട്ടുണ്ട്. ഹിജ്‌റ 20ല്‍ ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്തായിരുന്നു അന്ത്യം. 70 വര്‍ഷത്തോളം ജീവിച്ചു.

Feedback