Skip to main content

നബി(സ്വ)യുടെ അറഫാ പ്രഭാഷണം

ഹിജ്‌റ പത്താം വര്‍ഷം നബി(സ്വ) തന്റെ പതിനായിരക്കണക്കായ അനുയായികളുമായി ഹജ്ജ് നിര്‍വഹിച്ചു. നാലു ഉംറകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഒരു ഹജ്ജ് മാത്രമേ നബി(സ്വ) നിര്‍വഹിച്ചിട്ടുള്ളൂ. ഹിജ്‌റ പത്താം വര്‍ഷത്തിലായിരുന്നു അത്. കാലക്കറക്കത്തില്‍ ബഹുദൈവാരാധനയുടെ കേന്ദ്രമായി മാറിയ മക്കയും ഹജ്ജും തൗഹീദിന്റെ മന്ത്രധ്വനിയിലേക്ക് തിരിച്ചെത്തി. ആ സുവര്‍ണ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പല നാടുകളില്‍ നിന്നായി എത്തിച്ചേര്‍ന്ന പതിനായിരക്കണക്കിന് മുസ്‌ലിംകളെ മുന്‍നിര്‍ത്തി റസൂല്‍(സ്വ) പറഞ്ഞു: ഇതാ എന്നില്‍ നിന്ന് നിങ്ങളുടെ ഹജ്ജിന്റെ കര്‍മങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചുകൊള്ളുക. അങ്ങനെ അവര്‍ക്ക് ഇസ്‌ലാമിലെ ഹജ്ജ് നബി(സ്വ) ചെയ്തു കാണിച്ചുകൊടുത്തു. തന്റെ ഒട്ടകപ്പുറത്തിരുന്നും താഴെനിന്നുമായി പല സന്ദഭര്‍ങ്ങളിലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പലയിടത്തു പ്രസംഗിച്ചു. സര്‍വപ്രധാനമായ ചിലകാര്യങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ചു. ആ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രധാനമാണ്, ദുല്‍ഹിജ്ജ ഒമ്പതിന് അറഫ മലയുടെ താഴ്‌വരയില്‍ നബി(സ്വ) നടത്തിയത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങളും പ്രധാന ഊന്നലുകളും മനുഷ്യാവകാശങ്ങളുമെല്ലാം സമഗ്രമായി സമ്മേളിപ്പിച്ച ഹ്രസ്വമായ പ്രസംഗം ചരിത്രത്തിന്റെ ഇരുട്ടുകളെ നീക്കി ഇന്നും ജ്വലിച്ചുനില്‍ക്കുന്നു. ജാബിറുബ്‌നു അബ്ദില്ല(റ) വില്‍ നിന്ന് കേട്ടതായി ശിഷ്യന്‍ മുഹമ്മദ് റിപ്പോര്‍ട്ടു ചെയ്ത രൂപം ഇമാം മുസ്‌ലിം ഇങ്ങനെയാണ് ഉദ്ധരിക്കുന്നത്.

"ജനങ്ങളേ! എന്റെ പ്രഭാഷണം ശ്രദ്ധിച്ചു കേള്‍ക്കുക. ഇവിടെവെച്ച് ഇനിയൊരിക്കല്‍ കൂടി നിങ്ങളുമായി സന്ധിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. ഈ ദിവസത്തിന്റെയും ഈ മാസത്തിന്റെയും ഈ നാടിന്റെയും പവിത്രത പോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും എന്നും പവിത്രമാണ്. നിങ്ങള്‍ പരസ്പരം ആദരിക്കുക. അജ്ഞാന കാലത്തിന്റെ എല്ലാ കാര്യങ്ങളും ഞാനെന്റെ പാദങ്ങള്‍ക്കു കീഴെ ചവിട്ടിത്താഴ്ത്തുന്നു. ജാഹിലിയ്യത്തിലെ രക്തപ്പക ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അതില്‍ (എന്റെ കുടുംബത്തില്‍പെട്ട) ഇബ്‌നു റബീഅബ്‌നുല്‍ ഹാരിസിന്റെ രക്തപ്പകയാണ് ഞാന്‍ ആദ്യമായി ദുര്‍ബലപ്പെടുത്തുന്നത്. (ഒരാളെ കൊലപ്പെടുത്തിയാല്‍ ആ കൊലയാളിയുടെ ഗോത്രക്കാരനെ കൊലപ്പെടുത്തുക, അതിനു പകരമായി വീണ്ടും മറ്റൊരാളെ വധിക്കുക. ഇങ്ങനെ കൊലപ്പക പരമ്പരയായി തുടരുക എന്നതായിരുന്നു ജാഹിലിയ്യത്തിന്റെ രീതി. ബനൂസഅദില്‍ മുലകുടിബന്ധമുള്ള ഇബ്‌നുറബീഅയെ ഹുദൈല്‍ വധിക്കുകയാണുണ്ടായത്.) ജാഹിലിയ്യത്തിലെ പലിശ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഞാനാദ്യം ദുര്‍ബലപ്പെടുത്തുന്നത് അബ്ബാസ്ബിന്‍ അബ്ദില്‍ മുത്വലിബിന്  (മുഹമ്മദ് നബി(സ്വ)യുടെ പിതൃവ്യന്‍) ലഭിക്കാനുള്ള പലിശയാണ്.

സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവില്‍ നിന്നുള്ള ഒരു സംരക്ഷണ കരാറോടെയാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അവരുമായി ലൈംഗികബന്ധം നിങ്ങള്‍ക്കനുവദിക്കപ്പെട്ടത്. നിങ്ങള്‍ വെറുക്കുന്നവരെ നിങ്ങളുടെ വിരിപ്പില്‍ പ്രവേശിപ്പിക്കാതിരിക്കുകയെന്നത് അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യതയാണ്. ഇത് ലംഘിച്ചാല്‍ മുറിവേല്ക്കാതെ അവരെ നിങ്ങള്‍ക്ക് അടിക്കാവുന്നതാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മാന്യമായി നല്കുകയെന്നത് അവരോടുള്ള നിങ്ങളുടെ ബാധ്യതയാണ്.

നിങ്ങള്‍ എനിക്കുശേഷം വഴിതെറ്റിപ്പോകാതിരിക്കാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ നിങ്ങളെ ഏല്പിച്ചുപോകുന്നു. ജനങ്ങളേ, എനിക്കുശേഷം ഇനിയൊരു പ്രവാചകന്‍ വരില്ല. നിങ്ങള്‍ക്കു ശേഷം ഇനി മറ്റൊരു സമൂഹവുമില്ല. അറിയുക! നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക. അഞ്ചു സമയങ്ങളില്‍ നമസ്‌കരിക്കുക. റമദാനില്‍ വ്രതമെടുക്കുക. സന്തുഷ്ടിയോടെ സമ്പത്തിന്റെ നിര്‍ബന്ധബാധ്യത വീട്ടുക. കഅ്ബാലയത്തില്‍ വന്ന് ഹജ്ജ് നിര്‍വഹിക്കുക. ഭരണാധികാരികളെ അനുസരിക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം.

നിങ്ങളോട് അല്ലാഹു എന്നെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്തായിരിക്കും മറുപടി പറയുക? (റസൂലിന്റെ ഈ ചോദ്യത്തിന്, 'താങ്കള്‍ ദൗത്യം പൂര്‍ണമായി നിര്‍വഹിച്ചുവെന്നും ബാധ്യത പൂര്‍ത്തിയാക്കിയെന്നും സമൂഹത്തെ ഉപദേശിച്ചുവെന്നും. ഞങ്ങള്‍ സാക്ഷ്യം വഹിക്കും' എന്ന് അവിടെകൂടിയ പതിനായിരങ്ങള്‍ വിളിച്ചുപറഞ്ഞു. ഇതോടെ അവിടുന്ന് തന്റെ ചൂണ്ടുവിരല്‍ ആകാശത്തേക്കും ജനങ്ങളുടെ നേരെയും സൂചിപ്പിച്ചുകൊണ്ട് മൂന്ന് തവണ പ്രഖ്യാപിച്ചു.' അല്ലാഹുവേ നീ സാക്ഷി യാകണേ".

പ്രസംഗശേഷം ബാങ്കും ഇഖാമതും നിര്‍വഹിച്ച് ദുഹ്‌റും ഇഖാമത് മാത്രം നിര്‍വഹിച്ച് അസ്വ്‌റും (ഖസ്‌റാക്കി) നമസ്‌കരിച്ചു. ഈ രണ്ട് നമസ്‌കാരങ്ങള്‍ക്കിടയില്‍ സുന്നത്തു നമസ്‌കാരങ്ങളൊന്നും നിര്‍വഹിച്ചില്ല. അനന്തരം തന്റെ വാഹനമായ ഖസ്‌വാഅ് എന്ന ഒട്ടകത്തിന്റെ പുറത്തുകയറി, അതിന്റെ ഉദരത്തെ ജബലുര്‍റഹ്മയുടെ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്വഖിറാതിന്റെ നേരെയും കൂടെയുള്ള ജനക്കൂട്ടത്തെ തന്റെ മുമ്പിലുമാക്കി കഅ്ബയെ അഭിമുഖീകരിച്ചു. സൂര്യന്‍ അസ്തമിക്കുകയും അതിന്റെ ശോഭ അല്പം കുറയുകയും വെളിച്ചം മങ്ങുകയും ചെയ്യുന്നതുവരെ പ്രവാചകന്‍ അവിടെ കഴിച്ചു കൂട്ടി. അനന്തരം വാഹനത്തില്‍ തന്റെ പിന്നില്‍ ഉസാമ(റ)യെ ഇരുത്തി യാത്രതുടങ്ങി. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ റസൂല്‍ വലിച്ചുപിടിച്ചിരുന്നതിനാല്‍ അതിന്റെ തല യാത്രക്കാരന്‍ കാലുവെക്കുന്ന ചവിട്ടടിയോട് മുട്ടിയിരുന്നു. അദ്ദേഹം തന്റെ കൈകള്‍കൊണ്ട് ആംഗ്യത്തിലൂടെ ജനങ്ങളോട് ശാന്തരാകൂ, ശാന്തരാകൂ എന്ന് പറയുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ മണല്‍കുന്നുകള്‍ കയറുമ്പോഴും ഒട്ടകത്തിന് അതില്‍ കയറാന്‍ കഴിയുന്നവിധം അതിന്റെ കടിഞ്ഞാണ്‍ അദ്ദേഹം അയച്ചുകൊടുത്തുകൊണ്ടിരുന്നു. അവസാനം മുസ്ദലിഫയില്‍ എത്തിയപ്പോള്‍ മഗ്‌രിബും ഇശാഉം ഒരു ബാങ്കും രണ്ടു ഇഖാമത്തുമായി നിര്‍വഹിച്ചു. അതിന്റെ ഇടയില്‍ സുന്നത്തുകളൊന്നും നിര്‍വഹിച്ചില്ല. പിന്നീടദ്ദേഹം പ്രഭാതം വരെ അവിടെ ചരിഞ്ഞുകിടന്നുറങ്ങി. ബാങ്കും ഇഖാമത്തും നിര്‍വഹിച്ച് സുബ്ഹ് നമസ്‌കരിച്ചു. ശേഷം വാഹനത്തിലേറി മശ്അറുല്‍ ഹറാമിലെത്തി ഖിബ്‌ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാര്‍ഥിച്ചു. പുലരും വരെ ദിക്‌റും തഹ്‌ലീലും തക്ബീറുമായി അവിടെ നിന്നു. സൂര്യോദയത്തിന്റെ അല്പം മുമ്പായി ഫദ്‌ലുബ്‌നു അബ്ബാസിനെ തന്റെ പിന്നിലിരുത്തി യാത്ര ആരംഭിച്ചു. അഴകാര്‍ന്ന മുടിയുള്ള വെളുത്ത കോമള യുവാവായിരുന്നു ഫദ്ല്‍. യാത്രക്കിടെ കുറെ സ്ത്രീകള്‍ സമീപത്തുകൂടി കടന്നുപോയപ്പോള്‍ ഫദ്ല്‍ അവരെ നോക്കി. ഇതുകണ്ട നബി(സ്വ) അദ്ദേഹത്തിന്റെ മുഖത്തു കൈവെച്ചു. അപ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് മുഖം തിരിച്ച് സ്ത്രീകളെ നോക്കി. അപ്പോഴും നബി(സ്വ) അദ്ദേഹത്തിന്റെ മുഖത്ത് കൈവച്ച് നോക്കുന്നത് തടയുകയും അദ്ദേഹം പിന്തിരിയുകയും ചെയ്തു.  അനന്തരം ബത്‌ന് മുഹസ്സറിലെത്തിയപ്പോള്‍ തന്റെ വാഹനത്തിന്റെ വേഗത അല്പം കൂട്ടി മധ്യവഴിയിലൂടെ ബത്‌നുല്‍ വാദിയില്‍ മരത്തിന്റെ അടുത്തുള്ള ജംറതുല്‍ അഖബയില്‍ എത്തി. ഏതാണ്ട് അമര മണിയോളം വലുപ്പമുള്ള ഏഴു ചെറുകല്ലുകള്‍ ഓരോന്നും തക്ബീര്‍ ചൊല്ലിക്കൊണ്ട് അതിനു നേരെ എറിഞ്ഞു. ശേഷം അറവുസ്ഥലത്തു വന്ന് അറുപത്തിമൂന്ന് മൃഗങ്ങളെ സ്വയം അറുക്കുകയും ബാക്കിയുള്ളവയെ അറുക്കാന്‍ അലി(റ)നോട് പറയുകയും ചെയ്തു. അതില്‍ അദ്ദേഹത്തെ പങ്കാളിയുമാക്കി. അനന്തരം അറുക്കപ്പെട്ട എല്ലാ ഒട്ടകത്തില്‍ നിന്നും ഓരോ കഷ്ണമെടുത്ത് ചട്ടിയിലിട്ട് പാകം ചെയ്ത് അവര്‍ രണ്ടുപേരും അതില്‍നിന്ന് തിന്നുകയും അതിന്റെ കറികുടിക്കുകയും ചെയ്തു. ശേഷം വാഹനത്തില്‍ കഅ്ബയിലേക്ക് പോവുകയും ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുകയും ദുഹ്ര്‍ നമസ്‌കരിക്കുകയും ചെയ്തു. ഇതിന്നുശേഷം, ജനങ്ങള്‍ക്ക് സംസം ജലം കുടിക്കാന്‍ സൗകര്യം ചെയ്ത്‌കൊണ്ടിരുന്ന അബ്ദുല്‍ മുത്തലിബിന്റെ സന്തതികളുടെ അടുത്തേക്ക് ചെന്നു നബി(സ്വ) പറഞ്ഞു: മുത്തലിബിന്റെ മക്കളേ, നിങ്ങള്‍ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് ജലപാനത്തിന് സൗകര്യം ചെയ്യുക. ജലദാനത്തില്‍ നിങ്ങളുടെ അവകാശം ജനങ്ങള്‍ കയ്യടക്കുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളോടൊപ്പം ജനങ്ങള്‍ക്ക് വെള്ളം കോരിക്കൊടുക്കുമായിരുന്നു. അപ്പോള്‍ അവര്‍ ഒരു പാത്രം വെള്ളം കോരി തിരുമേനിക്ക് കൊടുക്കുകയും അവിടുന്ന് അതില്‍ നിന്ന് കുടിക്കുകയും ചെയ്തു.
 

Feedback