നോമ്പിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ പൂര്‍ത്തിയായാല്‍ നോമ്പ് സാധുവാകുകയും നോമ്പുകാരന്‍ പ്രതിഫലാര്‍ഹനാവുകയും ചെയ്യും. എന്നാല്‍ എഴുനൂറും അതിലേറെയും ഇരട്ടി പുണ്യം ലഭിക്കുന്ന കാര്യമായി നോമ്പ് മാറണമെങ്കില്‍ നോമ്പിന്റെ പ്രതിഫല പൂര്‍ത്തീകരണത്തിനാവശ്യമായ കുറെ മര്യാദകള്‍ പാലിക്കപ്പെടണം. നബി(സ്വ) നിര്‍ദേശിച്ചതും കാണിച്ചുതന്നതുമായ രൂപത്തില്‍ നോമ്പ് പൂര്‍ത്തിയാക്കുക എന്നതാണ് നോമ്പിന്റെ മര്യാദകള്‍ പാലിക്കുക എന്നു പറയുന്നതിന്റെ താത്പര്യം.
ഏറെ പുണ്യം ലഭിക്കുന്ന കര്‍മമായി നോമ്പ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം ഒരുകൂട്ടം നന്മകള്‍ക്ക് അതിനകത്ത് അവസരങ്ങളുണ്ട് എന്നതാണ്. ഇവ പരമാവധി നിര്‍വഹിക്കുന്നതുവഴി ഓരോ നോമ്പുകാരനും കണക്കറ്റ പ്രതിഫലം ഒരുക്കൂട്ടാന്‍ സാധിക്കും. അത്താഴം കഴിക്കുക, അത് രാത്രിയുടെ അന്ത്യയാമത്തിലാവുക, നാവിനെ നിയന്ത്രിക്കുക, ഖുര്‍ആനുമായി കൂടുതല്‍ അടു ക്കുക, ക്ഷമ കൈക്കൊള്ളുക, ദാനധര്‍മങ്ങള്‍ ചെയ്യുക, ദിക്ര്‍ ദുആകള്‍ വര്‍ധിപ്പിക്കുക, ഐഛിക നമസ്‌കാരവും മറ്റു പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കുക, സമയമായാല്‍ വേഗം നോമ്പ് തുറക്കുക, നോമ്പു തുറപ്പിക്കുക, തഹജ്ജുദ് നിര്‍വഹിക്കുക, പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക, ഉംറ നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് റമദാനിന്റെ പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍. അതുതന്നെയാണ് വ്രതത്തിന്റെ പൂര്‍ണതയും.