വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഇറങ്ങി എന്നതാണല്ലോ റമദാനിന്റെ മഹത്വം. മാനവരാശിയുടെ മോചനഗ്രന്ഥവും ധര്‍മശാസ്ത്രവുമായ ഖുര്‍ആന്‍ മനുഷ്യന് അല്ലാഹു നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ്. ആ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട നാളുകള്‍ തന്നെയാണ് അത് കൂടുതലായി പഠിക്കാനും പാരായണം ചെയ്യാനും ജീവിതത്തില്‍ പകര്‍ത്താനും ഏറ്റവും അനുയോജ്യമായ സമയം. റമദാനില്‍ ഒരു സത്യവിശ്വാസി ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും അതാണ്. മറ്റുകാലങ്ങളില്‍ വ്യക്തിപരമായി നിര്‍വഹിക്കുന്ന തഹജ്ജുദ് നമസ്‌കാരം സംഘമായി റമദാനില്‍ അനുഷ്ഠിക്കാന്‍ റസൂല്‍ അനുമതി നല്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഏറെ നേരം ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും നമസ്‌കരിക്കാനും ഇതുമൂലം അവസരം ലഭിക്കുന്നു. കൂടാതെ അവസാന പത്തില്‍ (ലൈലതുല്‍ഖദ്‌റിന്റെ ദിനങ്ങളില്‍) നബി(സ്വ) പുണ്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ ഏറെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു.
ജിബ്‌രീല്‍(അ) ഒരോ റമദാനിലും അതുവരെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ നബി(സ്വ)യുമായി ഒത്തുനോക്കാറുണ്ടായിരുന്നു. നബി(സ്വ) മരണപ്പെട്ടവര്‍ഷം ഇത് രണ്ടു തവണ ആവര്‍ത്തിക്കുകയുണ്ടായി. അതിനാല്‍ ഈ സമയം ഖുര്‍ആന്‍ കൂടുതലായി പഠിക്കാനും ഉപയോഗിക്കുക. ഖുര്‍ആന്‍ വെറുതെ പാരായണം ചെയ്യുന്നത് പുണ്യമാണ്. ഓരോ അക്ഷരപാരായണത്തിനും പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട മറ്റൊരു ഗ്രന്ഥവുമില്ല. അറിവില്ലായ്മയില്‍ തപ്പിപ്പിടിച്ച് പാരായണം ചെയ്യുന്നവന് ഇരട്ടി പ്രതിഫലമാണ് നബി(സ്വ) വാഗ്ദാനം ചെയ്യുന്നത്. അതിന്റെ അര്‍ഥം അറിഞ്ഞും ആലോചിച്ചുമുള്ള പഠനവും പാരായണവും ഏറെ പുണ്യാര്‍ഹമാണ്. "എന്താണവര്‍ ഖുര്‍ആനിനെ ആലോചനക്ക് വിധേയമാക്കാത്തത്, അവരുടെ ഹൃദയങ്ങളില്‍ താഴുകളിട്ടിട്ടുണ്ടോ"(47:24). എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത് ഉള്‍ക്കാഴ്ചയോടെയുള്ള പഠനത്തിനുവേണ്ടിയാണ്.
കൂടാതെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിശ്വാസം, സ്വഭാവം, അനുഷ്ഠാനം, സമൂഹസേവനം തുടങ്ങിയ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നതില്‍ നിഷ്ഠ പാലിക്കേണ്ടതുണ്ട്. നബി(സ്വ) ഏറ്റവുമേറെ ഇഅ്തികാഫ് ഇരുന്നതും ദാനം ചെയ്തതും ഈ മാസത്തിലായിരുന്നു. ഒന്ന് പടച്ചവനുമായി പ്രത്യക്ഷത്തില്‍ അടുക്കാനും മറ്റൊന്ന് മനുഷ്യസേവനത്തിലൂടെ ദൈവസാമീപ്യം നേടാനും ഉപകരിക്കുന്നതാണല്ലോ.