Skip to main content

കടം കൊണ്ട് വിഷമിക്കുന്നവര്‍

അനുവദനീയവും അത്യാവശ്യവുമായ കാര്യങ്ങള്‍ക്കുമായി കടം വാങ്ങുകയും എന്നാല്‍ പ്രതികൂലസാഹചര്യത്തിൽ അത് തിരിച്ചടക്കാന്‍ പ്രയാസപ്പെടുകയും ചെയ്യുന്നവരാണ് സകാത്തിന്റെ അവകാശികളായ ആറാമത്തെ വിഭാഗം.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കടം വാങ്ങിയതുപോലെത്തന്നെ സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കടംവാങ്ങിയ വ്യക്തികളും സംഘടനകളും സമിതികളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. 

രണ്ടുപേര്‍ക്കിടയില്‍ പ്രശ്‌നം പരിഹരിക്കാനായി അന്യന്റെ ബാധ്യത ഏറ്റെടുത്തവനെ  അവന്‍ ധനികനാണെങ്കില്‍പോലും സകാത്തിന്റെ ഈ ഇനത്തില്‍ നിന്നുംസഹായം നല്‍കേണ്ടതാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.  

നിബന്ധനകള്‍

1)കടം വാങ്ങിയവന്‍ കടം വീട്ടാനാവശ്യമായ സ്വത്തില്ലാത്തവനായിരിക്കണം. കടം വീട്ടാനാവശ്യമായ സ്വത്ത് കടം തന്റെ പക്കലുണ്ടെങ്കില്‍ അയാള്‍ അത് വിനിയോഗിച്ച് കടം വീട്ടേണ്ടതാണ്. അദ്ദേഹത്തിന് സകാത്ത് നല്‍കാന്‍ പാടില്ല. എന്നാല്‍ അധമര്‍ണന്‍ തീരെ അഗതിയായിരിക്കണമെന്ന നിബന്ധനയില്ല. തന്റെയും തന്റെ ആശ്രിതരുടെയും അത്യാവശ്യത്തിനുള്ള വീട്, വീട്ടുപകരണങ്ങള്‍, വാഹനം തൊഴിലുപകരണങ്ങള്‍ എന്നിവയുണ്ടെങ്കിലും അവ കടം വീട്ടാന്‍ വിനിയോഗിക്കേണ്ടതില്ല. എന്നാല്‍ അത്യാവശ്യം കഴിച്ച് ബാക്കിയുള്ളത് കടം വീട്ടാന്‍ തികയുന്നില്ലെങ്കില്‍ ആ തികയാതെ വരുന്ന ബാക്കി തുകമാത്രം സകാത്തായി നല്‍കാവുന്നതാണ്. 

2)കടംവാങ്ങിയത് ഇസ്ലാമികമായി അനുവദനീയമായ കാര്യത്തിനായിരിക്കണം.

3)കടം തിരിച്ചടക്കേണ്ട അവധി എത്തിയിരിക്കണം.. അവധിയെത്തുന്നതിനു മുമ്പ് അധമര്‍ണന്‍ തിരിച്ചടവിനു കഴിയാത്തവനാണെങ്കിലും അവധിവരെ കാത്തിരിക്കണം. പ്രസ്തുത അവധിക്കും തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സകാത്ത് സ്വീകരിക്കാനാവൂ.

4)വ്യക്തികള്‍ക്ക് കൊടുക്കാനുള്ള കടമായിരിക്കണം. അല്ലാതെ നേരത്തെ കൊടുക്കാനുള്ള സകാത്ത് തുക അല്ലെങ്കില്‍ പ്രായശ്ചിത്തമായോ  നേര്‍ച്ചയായോ നല്‍കേണ്ട വല്ല തുകക്കോ അത് കൊടുത്തുവീട്ടാന്‍ കഴിയാതെവന്നാല്‍ അത് വീട്ടാനായി സകാത്ത് നല്‍കേണ്ടതില്ല. 

പലിശരഹിത വായ്പകള്‍ നല്‍കാനായി സകാത്തിന്റെ ധനം വിനിയോഗിക്കാവുന്നതാണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446