Skip to main content

അറബി ഭാഷ കേരളത്തില്‍ (1-6)

കേരളവും അറബികളും തമ്മിലുള്ള വ്യാപാര ബന്ധം വളരെ പഴക്കമുള്ളതാണ്. കേരളത്തില്‍ വിരിയുന്ന കുരുമുളകിനു വേണ്ടി അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പുറപ്പാടിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ കേരളത്തിലെത്തിയിരുന്നു. കേരളവുമായുള്ള അറബികളുടെ ഈ പുരാതന ബന്ധത്തിന് അറബി സാഹിത്യത്തില്‍ തന്നെ ധാരാളം തെളിവുകളുണ്ട്. ജാഹിലിയ്യാ കാലഘട്ടത്തില്‍ ജീവിച്ച അറബി കവി ഇംറുഉല്‍ ഖൈസ് തന്റെ കവിതയില്‍ മൈതാനത്തു പരന്നു കിടക്കുന്ന മാനിന്റെ കാഷ്ടത്തെ കുരുമുളകിനോട് ഉപമിച്ചത് അതിനുദാഹരണമാണ്.

പോര്‍ത്തുഗീസുകാരനായിരുന്ന വാസ്‌ഗോഡഗാമക്ക് കേരളത്തിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് അറബിപണ്ഡിതനായ ഇബ്നുല്‍ മാജിദ് ആയിരുന്നു. പോര്‍ത്തുഗീസ് രാജാവ് സാമൂതിരിക്കു നല്കാന്‍ ഗാമയുടെ കൈവശം കൊടുത്തയച്ച കത്തു പോലും അറബി ഭാഷയിലായിരുന്നുവത്രേ. ഇങ്ങനെ പുരാതന കാലം മുതല്ക്കു അറബി ഭാഷ കേരളത്തിലെത്തുകയും വാണിജ്യാവശ്യങ്ങള്‍ക്കും മറ്റുമായി ഒരുപാടാളുകള്‍ അറബി ഭാഷ പഠിക്കുകയും ചെയ്തിരുന്നു. 

മാലികു ബ്നു ദീനാറും സഘവും കേരളത്തില്‍ വന്ന് ഇസ്‌ലാം പ്രബോധനം ചെയ്തതിലൂടെയാണ് ഇസ്‌ലാം കേരളക്കരയിലെത്തുന്നത്. അതോടെ അറബി ഭാഷ പഠിക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാവുകയും ചെയ്തു. അറബി ഭാഷാപഠനത്തിന് ഓത്തുപള്ളികള്‍ സ്ഥാപിക്കപ്പെടുകയും പിന്നീടിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി അറബി ഭാഷാപഠന സംവിധാനങ്ങള്‍ വിപുലമാവുകയും ചെയ്തു.


 

Feedback