Skip to main content

മോറിസ് ബുക്കായ്

1920ല്‍ ഫ്രാന്‍സില്‍ ജനനം. ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച അദ്ദേഹം സെക്കണ്ടറി വിദ്യാഭ്യാസത്തിന്ന് ശേഷം മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി. 1945ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ മെഡിക്കല്‍ സേവനം ആധുനിക ഫ്രാന്‍സിലെ ഏറ്റവും മികച്ച സര്‍ജനായി വിലയിരുത്തപ്പെടുന്നതിലേക്ക് നയിച്ചു. 1973 മുതല്‍ സൗദി രാജാവായിരുന്ന കിംഗ് ഫൈസലിന്റെ കുടുംബ ഡോക്‌റായി പ്രവര്‍ത്തിച്ചു. എഴുത്തുകാരന്‍, ശാസ്ത്രജ്ഞന്‍, ഡോക്ടര്‍ എന്നീ നിലകളില്‍ മികവു പുലര്‍ത്തി.

dr morris bukai

തന്റെ രോഗികളോടും സുഹൃത്തുക്കളോടും മത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മോറിസ് ബുക്കായ് തത്പരനായിരുന്നു. ഇസ്‌ലാമിന്നെതിരില്‍ പാശ്ചാത്യലോകത്ത് പ്രചരിക്കുന്ന കുപ്രചരണങ്ങളെ അപ്പടി വിശ്വസിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. ഇതിന്നായി ഒരു മികവുറ്റ ഭിഷഗ്വരനാകാന്‍ തന്നെ പ്രാപ്തനാക്കിയ  അന്വേഷണവും അഗാധമായ പഠനവും അദ്ദേഹം ഉപയോഗപ്പെടുത്തി. ഖുര്‍ആനിന്റെ  ഫ്രഞ്ചു പരിഭാഷയിലുള്ള വായന മാത്രം  തന്റെ അന്വേഷണത്തെ ലക്ഷ്യത്തില്‍ എത്തിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍   അമ്പതാമത്തെ വയസ്സില്‍ അറബി ഭാഷ സ്വായത്തമാക്കാന്‍ അദ്ദേഹം തയ്യാറായി. യമനിലും ഈജിപ്തിലും പത്ത് വര്‍ഷത്തോളം നീണ്ട പ്രയത്‌നം കൊണ്ട് അറബി ഭാഷയും സാഹിത്യവും പഠിച്ചു. തുടര്‍ന്ന് ശാസ്ത്രീയ സത്യങ്ങളെ ബൈബിളിലെയും ഖുര്‍ആനിലേയും ശാസ്ത്രീയ പരാമര്‍ശങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുവാന്‍ ബുക്കായി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍  അന്നുവരെ മൂടിയിടപ്പെട്ടിരുന്ന ഫറോവയുടെ ജഡം ആവരണങ്ങള്‍ നീക്കി പരിശോധിക്കുവാന്‍  ഈജിപ്ത് ഗവര്‍മെന്റ് അദ്ദേഹത്തെ അനുവദിച്ചു.  അങ്ങിനെ 1976ല്‍ The Bible, The Quran and Science എന്ന ലോകപ്രശസ്തമായ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1977 The Quran and Modern Science വിരചിതമായി. 1981ല്‍ ഫ്രഞ്ചു പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം  ഈജിപ്തില്‍ നിന്ന് ഫ്രാന്‍സില്‍ എത്തിച്ച, 1898ല്‍കണ്ടെടുത്ത  ഫറോവന്‍ മമ്മികളില്‍പെട്ട മെര്‍നപ്ത (Merneptah) യുടെ ജഡത്തെ വിദഗ്ദ പഠനത്തിന്ന് നിശ്ചയിക്കപെട്ട സമിതിയുടെ തലവനായി മോറിസ് ബുക്കായ് നിയമിക്കപ്പെട്ടു. ദിനരാത്രങ്ങള്‍ നീണ്ട പഠനത്തിന്നും ആലോചനയ്ക്കും ഒടുവില്‍ മെര്‍നപ്തയുടെ മരണ കാരണം മുങ്ങിമരണമാണെന്നും മറ്റു മമ്മികളില്‍ നിന്ന് വ്യത്യസ്തമായി  ലവണാംശം ആ ജഡത്തില്‍ ഉണ്ടെന്നും  അദ്ദേഹം  ഉറപ്പിച്ചു. കണ്ടെത്തിയ യഥാര്‍ഥ്യങ്ങള്‍ മനസ്സില്‍  അസ്വസ്ഥയുടെ ആന്തോളനങ്ങള്‍ തീര്‍ക്കുന്നതിന്നിടയിലാണ്  സൗദിഅറേബ്യയില്‍ നടന്ന ഒരു മെഡിക്കല്‍ സമ്മേളത്തിലേക്ക് അദേഹം ക്ഷണിക്കപ്പെടുന്നത്.    ലോകത്തെ പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തില്‍  ഇക്കാര്യം അദ്ദേഹം പങ്കുവെച്ചപ്പോള്‍ വേദിയില്‍ നിന്ന് ഒരു ഡോക്ടര്‍ സൂറ യുനുസിലെ 92ാമത്തെ വചനം (എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.) പാരായണം ചെയ്ത മാത്രയില്‍ ബുക്കായിയുടെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ടയിടറി. ഊഷരമായ മണ്ണില്‍ പെയ്തിറങ്ങിയ കാര്‍മേഘക്കീറു പോലെ അദ്ദേഹത്തിന്റെ മനസ്സിലെ ഉഷ്ണ പാതത്തെ അത് തണുപ്പിച്ചു. ഇതൊരിക്കലും പ്രവാചകനായ മുഹമ്മദിന്റെ വചനമല്ലെന്ന്  അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേ സദസ്സില്‍ വെച്ച് തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്നും മറിച്ച് അവ രണ്ട് സഹോദരിമാരാണെന്നും തെളിവ് സഹിതം അദ്ദേഹം സമര്‍ഥിച്ചു. ഈ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന  'ബുക്കായിസം' എന്നൊരു പ്രത്യേക സംജ്ഞ തന്നെ മതവും ശാസ്ത്രവും പരസ്പരം പോരടിച്ചു നിന്നിരുന്ന യൂറോപ്പില്‍ നിലവില്‍വന്നു. 

അഗാധമായ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും മുന്നില്‍ തെളിയുന്ന യാഥാര്‍ഥ്യങ്ങളെ മുന്‍വിധിയില്ലാതെ സത്യസന്ധമായും ആത്മാര്‍ഥമായും സമീപിച്ച ബുക്കായിയുടെ ജീവിതം 1998 ഫെബ്രുവരി 17ന് അസ്തമിച്ചെങ്കിലും അദേഹത്തിന്റെ വൈജ്ഞാനിക ശേഷിപ്പുകള്‍ ഇന്നും അസ്തമിക്കാതെ നിലനില്‍ക്കുന്നു.

ശ്രദ്ധേയമായ പുസ്തകങ്ങള്‍: 

The Bible, The Quran and Science (1977),  
Quran and Modern Since (1977),
What is the origin of man (1982), 
Mummies of the pharaohs : modern medical investigations  (1991)
Moses and Pharaoh in the Bible Quran and History (1994)    
 
Reference: 
https://www.arabnews.com/news/443500
 
 

Feedback
  • Sunday Sep 8, 2024
  • Rabia al-Awwal 4 1446