ഔപചാരിക വിദ്യാഭ്യാസം പത്താം ക്ലാസ് പോലുമില്ലാത്ത കമലാ സുറയ്യ ഇംഗ്ലീഷിലും മലയാളത്തിലും കാല്‍പനിക സാഹിത്യം കൊണ്ടും അനന്യമായ ഭാവനാ വിലാസം കൊണ്ടും അനുവാചക ലോകത്തിന്റെ പ്രിയ എഴുത്തുകാരിയായി.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നാലപ്പാട്ട് കമല എന്ന പേരില്‍ പ്രഥമ കഥ വെളിച്ചം കണ്ടത്. പിന്നീട് കമലാ ദാസ് (ഭര്‍ത്താവ് മാധവ ദാസിന്റെ പേര്‍ ചേര്‍ത്ത്) എന്ന തൂലികാനാമത്തില്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി. അതോടൊപ്പം തന്നെ മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും എഴുതി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം സാഹിത്യ നഭോ മണ്ഡലത്തില്‍ ശോഭ പരത്തുന്ന പ്രഭാത നക്ഷത്രം (സുറയ്യ) കണക്കെ ഉദിച്ചു നിന്ന കമല ലോകമറിയുന്ന എഴുത്തുകാരിയായി. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടുന്നതുവരെയെത്തി ഈ സാഹിതീസപര്യ.
1964 ല്‍ പുറത്തിറങ്ങിയ Sirens (ചൂളംവിളികള്‍) മുതല്‍ 2001 ല്‍ പ്രസിദ്ധീകരിച്ച 'Yaa Allah' എന്നതുള്‍പ്പെടെ എട്ടിലധികം ഇംഗ്ലീഷ് കവിത പുസ്തകങ്ങള്‍ കമലാദാസിന്റെ തൂലികയില്‍ നിന്ന് പിറന്നു.
1964 ല്‍ പ്രസിദ്ധീകരിച്ച 'പക്ഷിയുടെ മണ' വും 2005 ല്‍ പുറത്തിറങ്ങിയ 'വണ്ടിക്കാളകളും' ഉള്‍പ്പെടെ നോവല്‍, ചെറുകഥകള്‍ എന്നിവയടങ്ങുന്ന ഇരുപത്തഞ്ചിലധികം മലയാള പുസ്തകങ്ങള്‍ മാധവിക്കുട്ടിയുടെ നാമധേയത്തിലും പുറത്തുവന്നു.
ആത്മകഥാംശമുള്ള 'എന്റെ കഥ' (1976) യും കുട്ടിക്കാല ഓര്‍മകളടങ്ങുന്ന 'ബാല്യകാല സ്മരണകളും'നോവലായ 'നീര്‍മാതളം പൂത്തകാലവും' (1994) ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ വിവാദമാവുകയോ ചെയ്തു.
ഏഷ്യന്‍ പോയട്രി പ്രൈസ് (1998), കെന്റ് അവാര്‍ഡ് (1999), ഏഷ്യന്‍ വേള്‍ഡ് പ്രൈസ് (2000), എന്നീ അവാര്‍ഡുകള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അംഗീകാര മുദ്രകളായെത്തിയപ്പോള്‍ സാഹിത്യ അക്കാദമി അവാര്‍ഡ് (2003, 2005), എഴുത്തച്ചന്‍ അവാര്‍ഡ് (2009), വയലാര്‍ അവാര്‍ഡ് (2001), തുടങ്ങിയ മലയാളത്തിന്റെ സ്‌നേഹ സമ്മാനങ്ങളും അനുഗൃഹീത കഥാകാരിയെത്തേടിയെത്തി.
വിവാദ നായിക
''ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
വലിച്ചെറിയല്ലേ
അവയെടുത്ത് കൂട്ടിവെക്കൂ
സ്വന്തം സുഗന്ധം കൊണ്ട് അവ
ജീവിതത്തിന്റെ മാഹാത്മ്യം പ്രഖ്യാപിക്കട്ടേ.
സ്‌നേഹത്തിന്റെ മഹത്വവും”. (മാധവിക്കുട്ടി)
എഴുത്തിലും വര്‍ത്തമാനത്തിലും സ്‌നേഹത്തിലും പ്രണയത്തെയും പ്രമേയമാക്കിയ മാധവിക്കുട്ടി എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. 1976 ല്‍ പുറത്തു വന്ന 'എന്റെ കഥ' എന്ന ആത്മ കഥയിലെ ചില തുറന്നെഴുതലുകളാണ് ആദ്യം അവരെ വിവാദനായികയാക്കിയത്. ഇതിനെ പിന്നീട് മാധവിക്കുട്ടി തന്നെ, 'അതിശയോക്തി കലര്‍ത്തി എഴുതിയത്' എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
1999 ഡിസംബര്‍ 11 ന് കമലാ സുറയ്യ എന്ന പേര്‍ സ്വീകരിച്ച് മുസ്‌ലിമായപ്പോഴും അവര്‍ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടു. അവരുടെ പ്രേമം, പ്രണയം, സ്‌നേഹം തുടങ്ങിയ മന്ത്രങ്ങള്‍ പലപ്പോഴും ദുര്‍വ്യാഖ്യാനിക്കപ്പെട്ടു.
കമല സുറയ്യയുടെ മയ്യിത്ത് (ഭൗതികശരീരം) തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനടുത്ത് ഖബറടക്കിയതും പിന്നീട് വിവാദമായി പൊങ്ങിവന്നു. എന്നാല്‍ ഈ വിവാദങ്ങളെല്ലാം അവരുടെ മരണശേഷമാണെന്നതിനാല്‍ നിഷേധിക്കാന്‍ അവര്‍ വരില്ല എന്നതു തന്നെയായിരുന്നു വിവാദമുണ്ടാക്കിയവര്‍ക്ക് ധൈര്യമേകിയത്.
എന്നാല്‍ അമ്മയ്ക്കുവേണ്ടി അവരുടെ മൂത്ത മകന്‍ എം. ഡി നാലപ്പാട്ട് ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടുണ്ട്. 1980കളില്‍ തന്നെ ഇസ്‌ലാം മാധവിക്കുട്ടിയുടെ മനസ്സ് കവര്‍ന്നിരുന്നു. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു.
സ്‌നേഹം മാത്രം ഹൃദയത്തില്‍ കൊണ്ടു നടന്നിരുന്ന മാധവിക്കുട്ടിക്ക് എല്ലാ മനുഷ്യരെയും സമന്മാരായും ദൈവത്തെയും പ്രവാചകനെയും സ്‌നേഹഭാജനങ്ങളായും കണ്ടിരുന്ന ഇസ്‌ലാമിക വിശ്വാസം അങ്ങേയറ്റം ഇഷ്ടപ്പെട്ടു. 1999 ഡിസംബര്‍ 11 ന് അതിന്റെ പ്രഖ്യാപനം നടന്നു എന്നു മാത്രമേയുള്ളൂ.
പുരുഷനു വേണ്ടിയാണ് മാധവിക്കുട്ടി മതം മാറിയതെന്ന് പറയുന്നവര്‍ അവരെ മാത്രമല്ല അവര്‍ ഇഷ്ടപ്പെടുന്ന ദൈവത്തെയും വിശ്വാസത്തെയും കൂടിയാണ് അപമാനിക്കുന്നതെന്നും എം. ഡി. നാലപ്പാട്ട് പറയുന്നു.